കെ.എഫ്.ജോര്‍ജ്ജ്
തകര്‍ക്കപ്പെട്ട മതിലിന്റെ ശേഷിക്കുന്ന ഭാഗത്ത് യഹൂദര്‍ തലമുട്ടിച്ച് കരഞ്ഞു പ്രാര്‍ത്ഥിക്കുന്നു. ഇത് അവര്‍ക്ക് വിലാപത്തിന്റേയും പ്രത്യാശയുടേയും മതിലാണ്. ഇസ്രയേലിലെ ജറുസലം നഗരത്തിലെ പുരാതന മതിലിന്റെ പടിഞ്ഞാറന്‍ ഭാഗമാണ് ‘വിലാപത്തിന്റെ മതില്‍’ എന്ന് അറിയപ്പെടുന്നത്.
ഇവിടെ അന്യോന്യം തോളില്‍ പിടിച്ചുകൊണ്ട് കണ്ണില്‍ കണ്ണില്‍ നോക്കി നില്‍ക്കുന്ന രണ്ടു യുവാക്കളെ കണ്ടു. രണ്ടുപേരുടേയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. കുറച്ചുമാറി മേലങ്കികൊണ്ട് കണ്ണീരൊപ്പുന്ന ഒരു വൃദ്ധന്‍.
സോളമന്‍ രാജാവാണ് പ്രൗഢിയുള്ള ജറുസലം ദേവാലയം നിര്‍മ്മിക്കുന്നത്. ബൈബിളിലെ പഴയ നിയമത്തില്‍ ദേവാലയ പ്രൗഢി വിവരിക്കുന്നുണ്ട്. ബാബിലോണ്‍ ചക്രവര്‍ത്തി പിന്നീട് ഈ ദേവാലയം തകര്‍ത്തു. പ്രവാസ കാലത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ യഹൂദര്‍ ദേവാലയം പുനര്‍ നിര്‍മ്മിച്ചു. ഹെറദോസ് ചക്രവര്‍ത്തിയുടെ ഭരണ കാലത്ത് ദേവാലയം വിപുലമാക്കി. 42 ഏക്കര്‍ വിസ്തീര്‍ണത്തില്‍ മുകളില്‍ സ്വര്‍ണം പൂശിയ പടുകൂറ്റന്‍ ദേവാലയമാക്കി. ചുറ്റും മതില്‍കെട്ടി സുരക്ഷിതമാക്കി.
ഈ ദേവാലയമാണ് യേശുക്രിസ്തു കാണുന്നത്. കല്ലിന്‍മേല്‍ കല്ലു ശേഷിക്കാതെ ഇതു തകര്‍ക്കപ്പെടുമെന്ന് യേശു പ്രവചിച്ചതുപോലെ സംഭവിച്ചു. റോമന്‍ ഭരണ കാലത്ത് എ.ഡി.70ല്‍ റോമാക്കാര്‍ ദേവാലയം തകര്‍ത്തു തരിപ്പണമാക്കി.
അന്നത്തെ ദേവാലയത്തിന്റെ പുറം മതിലിന്റെ ഒരു ഭാഗം ആക്രമണത്തെ അതിജീവിച്ചു. ഭീമാകാരമായ കല്ലുകള്‍ അടുക്കിയാണ് മതില്‍ നിര്‍മ്മിച്ചത്. ഇത്രയും വലുപ്പമുള്ള കല്ലുകള്‍ മതിലിന് മുകളിലേക്ക് എങ്ങനെ കയറ്റാന്‍ കഴിഞ്ഞുവെന്ന് ആരും അത്ഭുതപ്പെടും.
യഹൂദന് ഒരു ദേവാലയമേയുള്ളൂ. അതാണ് ജറുസലം ദേവാലയം. അവിടെ മാത്രമാണ് ബലിയര്‍പ്പണമുള്ളത്. നാട്ടിലെങ്ങും അവര്‍ സ്ഥാപിച്ച സിനഗോഗുകള്‍ പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ മാത്രം. ജറുസലം ദേവാലയം തകര്‍ക്കപ്പെട്ടതോടെ ദേവാലയമില്ലാത്ത ജനതയായി അവര്‍ മാറി.
അതുകൊണ്ടാണ് അവശേഷിക്കുന്ന ഈ മതിലിനടുത്തെത്തുമ്പോള്‍ അവരില്‍ സമ്മിശ്ര വികാരങ്ങള്‍ ഉണരുന്നത്. തങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചുള്ള ഓര്‍മ മനസില്‍ നിറയുന്നു. ദേവാലയം നഷ്ടപ്പെട്ടതിലുള്ള വേദന അവരെ മഥിക്കുന്നു. അങ്ങനെ നൂറ്റാണ്ടുകളായി ഈ മതില്‍ യഹൂദന്റെ കണ്ണീര് കണ്ടുകൊണ്ടിരിക്കുന്നു. എന്നെങ്കിലും ഇവിടെ ദേവാലയം നിര്‍മ്മിക്കാന്‍ സാധിക്കണേ എന്ന പ്രാര്‍ത്ഥനയാണ് അവിടെ നൂറ്റാണ്ടുകളായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
ദീര്‍ഘ ചതുരത്തിലും സമ ചതുരത്തിലും വെട്ടിയെടുത്ത വലിയ ചുണ്ണാമ്പു കല്ലുകള്‍ കൊണ്ടാണ് മതിലിന്റെ നിര്‍മ്മാണം. അഞ്ചടി ഉയരവും നാലടിയോളം വീതിയുമുള്ള ഭീമന്‍ കല്ലുകള്‍ അടുക്കി മതില്‍ പണിയാന്‍ ഹെറദോസ് ഏറെ ആളും അര്‍ത്ഥവും ചെലവഴിച്ചിട്ടുണ്ടാകാം.
യഹൂദന് ഈ മതില്‍ വളരെ വിശുദ്ധമാണ്. മതിലില്‍ തലമുട്ടിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ അവന്‍ ദൈവ സാന്നിധ്യം അനുഭവിക്കുന്നു. ഒറ്റയ്ക്കും കൂട്ടമായും വരുന്നവര്‍ വേദ പുസ്തകമെടുത്തു വായിക്കുകയും ദേവാലയ നാശത്തെക്കുറിച്ചു വിലപിക്കുകയും തങ്ങള്‍ക്ക് ദേവാലയം നിര്‍മ്മിക്കാന്‍ കഴിയണമേയെന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ചിലര്‍ പ്രാര്‍ത്ഥനാ സമയത്ത് ആടുകയും കുലുങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു.
മതിലിന്റെ വിടവുകള്‍ക്കിടയില്‍ നിറയെ കടലാസില്‍ എഴുതിയ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ തിരുകി വച്ചിട്ടുണ്ട്. തങ്ങളുടെ ആഗ്രഹങ്ങള്‍ എഴുതി ദൈവത്തിനു സമര്‍പ്പിക്കുകയാണ് അവര്‍. പ്രാര്‍ത്ഥിക്കാനെത്തിയ പലരും പഴയ നിയമച്ചുരുള്‍ അടക്കം ചെയ്ത പേടകം നെറ്റിയില്‍ കെട്ടിവച്ചിരിക്കുന്നതും കണ്ടു.
യഹൂദരുടെ വേഷത്തിലുള്ള വൈവിധ്യം അറിയണമെങ്കില്‍ വിലാപത്തിന്റെ മതിലിനടുത്ത് ചെന്നാല്‍ മതി. പാശ്ചാത്യ മാതൃകയില്‍ വേഷം ധരിച്ചവര്‍ മുതല്‍ മേലങ്കിയില്‍ തൊങ്ങല്‍ പിടിപ്പിക്കുകയും കൃതാവ് കവിളില്‍ക്കൂടി ചുരുളായി താഴേക്ക് പിരിച്ചിറക്കിയിട്ടുള്ള യാഥാസ്ഥിതികരെ വരെ ഇവിടെ കാണാം.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇവിടെ പ്രത്യേക പ്രാര്‍ത്ഥനാ സ്ഥലമുണ്ട്. യഹൂദന്റെ പരമ്പരാഗത വേഷത്തിന്റെ ഭാഗമായ ചെറിയ തുണിത്തൊപ്പി തലയില്‍ ധരിച്ചു മാത്രമേ മതിലിനടുത്തേക്ക് സന്ദര്‍ശകര്‍ക്കും പ്രവേശനമുള്ളൂ.
ദേവാലയം തകര്‍ക്കപ്പെട്ടതോടെ നാട്ടില്‍ നിന്നു ചിതറിക്കപ്പെട്ട യഹൂദര്‍ ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ കുടിയേറി. അങ്ങനെ കുറച്ചുപേര്‍ കേരളത്തിലുമെത്തി. കൊച്ചിയിലും തൃശൂര്‍ ജില്ലയിലുമെത്തി. അവര്‍ കേരളീയ ജീവിതത്തിന്റെ ഭാഗമായി. 1948ല്‍ ഇസ്രയേല്‍ രാജ്യം നിലവില്‍ വന്നപ്പോള്‍ അവരില്‍ നല്ല പങ്കും മടങ്ങിപ്പോയി.
സ്വന്തം നാട്ടില്‍ നിന്ന് ഓടിപ്പോകേണ്ടിവന്ന യഹൂദര്‍ക്ക് ഗ്രീക്ക് ഭരണ കാലത്താണ് വീണ്ടും ജറുസലമിലെത്താന്‍ അനുമതി ലഭിച്ചത്. അതും വര്‍ഷത്തില്‍ ഒരിക്കല്‍ ദേവാലയ നാശത്തിന്റെ വാര്‍ഷിക ദിനത്തില്‍ മാത്രം. നൂറ്റാണ്ടുകളായി തുടര്‍ന്നു വന്ന ഈ സമ്പ്രദായം യഹൂദന് എന്നെങ്കിലും സ്വന്തം നാട്ടിലേക്ക് മടങ്ങി വരാമെന്ന പ്രത്യാശയുടെ പ്രതീകമായി മതിലിനെ മാറ്റി.
സ്വതന്ത്ര രാജ്യമായിട്ടും ഇസ്രയേലിന് ഈ മതില്‍ സ്വന്തമായി കിട്ടിയില്ല. ജോര്‍ദാന്റെ അധീനതയിലായിരുന്ന മതില്‍ 1967ലെ യുദ്ധത്തിലാണ് ഇസ്രയേല്‍ വീണ്ടെടുക്കുന്നത്.