കൊച്ചി: ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാണെങ്കിലും ഇത്തവണത്തെ വൈദ്യുതി താരിഫ് വര്‍ദ്ധനവില്‍ കോളടിച്ചത് വൈദ്യുതി വാഹനവിപണിക്കാണ്. ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് വൈദ്യുതിബോര്‍ഡ് എനര്‍ജി ചാര്‍ജിനൊപ്പം ‘ഫിക്സഡ്’ ചാര്‍ജും ഈടാക്കിയിരുന്നത് കമ്മിഷന്റെ ഉത്തരവോടെ ഒഴിവായിരിക്കുകയാണ്.
ചെറുകിട ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് ലോടെന്‍ഷന്‍ വിഭാഗത്തില്‍ കിലോവാട്ടിന് നൂറ് രൂപയും വന്‍കിട ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് ഹൈടെന്‍ഷന്‍ വിഭാഗത്തില്‍ ‘ഡിമാന്‍ഡ് ചാര്‍ജ്’ എന്ന പേരില്‍ കിലോവാട്ടിന് 290 രൂപയുമാണ് ഈടാക്കിയിരുന്നത്. ഇതുകൂടി ചേര്‍ത്താണ് ഉപഭോക്താക്കളില്‍നിന്ന് ചാര്‍ജിങ് സ്റ്റേഷനുകള്‍ നിരക്കുകള്‍ ഈടാക്കിയിരുന്നത്. ഈ നിരക്കുകള്‍ക്ക് ഏകീകൃത സ്വഭാവമില്ലെന്നു മാത്രമല്ല കൂടുതലുമാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
കേന്ദ്ര കണക്കുകള്‍ പ്രകാരം കേരളത്തില്‍ 1,212 ഇ.വി. ചാര്‍ജിങ് സ്റ്റേഷനുകളുണ്ട്. ഒരു ബിസിനസ് എന്ന നിലയില്‍ ചാര്‍ജിങ് സ്റ്റേഷന് മേഖല വളര്‍ന്നുവരികയാണ്. സംസ്ഥാനത്ത് 15 മുതല്‍ 23 രൂപവരെയാണ് ചാര്‍ജിങ്ങിന് വിവിധ കമ്പനികള്‍ ഈടാക്കുന്നത്. ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് വൈദ്യുതി നല്കുന്ന വൈദ്യുതി വിതരണ കമ്പനികള്‍, എനര്‍ജി ചാര്‍ജ് (സിംഗിള്‍പാര്‍ട്ട്) മാത്രമേ ഈടാക്കാവു എന്നാണ് കേന്ദ്ര നിര്‍ദേശം. ഇത് കേരളം നടപ്പാക്കാത്തതായിരുന്നു ചാര്‍ജിങ് നിരക്കുകള്‍ ഉയരാന്‍ കാരണം.സംസ്ഥാനം ലോടെന്‍ഷന്‍ വിഭാഗത്തില്‍ കിലോവാട്ടിന് 5.50 രൂപയാണ് എനര്‍ജി ചാര്‍ജ് നിശ്ചയിച്ചത്. ഇതിനൊപ്പം കിലോവാട്ടിന് നൂറുരൂപ നിരക്കില്‍ ഫിക്സഡ് ചാര്‍ജും ഈടാക്കി. 60 കിലോവാട്ടിന്റെ ചാര്‍ജിങ് സ്റ്റേഷന് ഫിക്സഡ് ചാര്‍ജ് ഇനത്തില്‍ മാസം 6,000 രൂപ നല്‍കണം.
പുതിയ തീരുമാനപ്രകാരം ലോ ടെന്ഷനില് കിലോവാട്ടിന് 5.50 രൂപയായിരുന്ന എനര്‍ജി ചാര്‍ജ് അടുത്ത രണ്ട് സാമ്പത്തിക വര്‍ഷത്തേക്ക് 7.15 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. സമാനമായി ഹൈടെന്‍ഷന്‍ വിഭാഗത്തില്‍ കിലോവാട്ടിന് ആറ് രൂപയായിരുന്ന എനര്‍ജി ചാര്‍ജ് ഏഴ് രൂപയുമാക്കി ഉയര്‍ത്തി. അപ്പോഴും ഫിക്സഡ് ചാര്‍ജ് മൂലമുണ്ടായിരുന്ന ഭീമമായ വര്‍ധന ചാര്‍ജിങ് നിരക്കുകളില്‍ നിന്നൊഴിവാകുന്നത് ഇ.വി.ചാര്‍ജിങ്ങിന് വലിയ ആശ്വാസമാണ്.
വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയില്‍ കോളടിച്ച് ഇലക്ട്രിക് വാഹന വിപണി