തിരുവനന്തപുരം: കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിസര്ക്കാറിന്റെയും കമ്പനിയുടെയും ഭാഗത്ത് വീഴ്ചകളുണ്ടായെന്ന് സിഎജി റിപ്പോര്‍ട്ട്
നിര്‍മാണത്തിന്റെ ഓരോഘട്ടത്തിലും ടീകോം കമ്പനി കാലതാമസം വരുത്തിയിരുന്നെന്നും കമ്പനിക്ക് സര്‍ക്കാര്‍ അനാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നുവെന്നും കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) 2014ലെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിപണി മൂല്യം കണക്കാക്കാതെ ഭൂമി പാട്ടത്തിനു നല്കിയതും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതു സംബന്ധിച്ചും ടീകോമില്‍നിന്നു പിഴ ഈടാക്കുന്നതിനെക്കുറിച്ചുമുള്ള കരാര്‍ നിബന്ധനകളില്‍ കൃത്യത ഇല്ലാത്തതും സംസ്ഥാനത്തിനു വലിയ തിരിച്ചടിയായി. ടീകോമിന് അനുകൂലമായും സര്‍ക്കാരിന് എതിരായുമാണ് കരാര്‍ വ്യവസ്ഥകള്‍ നിശ്ചയിച്ചത്. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ സര്‍ക്കാര്‍ നോമിനിക്ക് അപ്രധാന റോള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അടിസ്ഥാനസൗകര്യ വികസനം വൈകുന്നതില്‍ സര്‍ക്കാരിനെതിരെ നിയമനടപടി സാധ്യമാകുന്ന തരത്തിലാണു നിബന്ധനകള്‍. ടീകോമിന്റെ വീഴ്ചയ്ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്നും സിഎജി വ്യക്തമാക്കുന്നു.
സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക താല്പര്യങ്ങള് കണക്കിലെടുത്തു വേണം ഇത്തരം വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാനെന്ന് 2014ല്‍ സിഎജി നിര്‍ദേശിച്ചിരുന്നു. കണ്ണായ സ്ഥലം സാമ്പത്തിക വികസനത്തിനു വേണ്ടി നല്കുമ്പോള് അത് അതിനു വേണ്ടി മാത്രമാണ് വിനിയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്കായി സ്ഥലം ഉപയോഗിക്കപ്പെടാതിരിക്കാനുള്ള നിബന്ധനകള്‍ കരാറില്‍ ഉള്‍പ്പെടുത്താനും സിഎജി ആവശ്യപ്പെട്ടിരുന്നു. പദ്ധതി സുഗമമായി പൂര്‍ത്തീകരിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് കൃത്യമായ നിരീക്ഷണവും അവലോകനവും നടത്തണമെന്നും സിഎജി സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കാതെ 10 വര്‍ഷത്തിനിപ്പുറം പദ്ധതി എങ്ങുമെത്താതെ ടീകോമിനെ ഒഴിവാക്കി ഒന്നില്‍നിന്നു തുടങ്ങാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
2014ല്‍ ടീകോമിന്റെ ഓരോ പ്രവൃത്തിയും അക്കമിട്ട് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ സെസ് അനുമതി ലഭിച്ച് 6 മാസം കഴിഞ്ഞും ഫ്രെയിം വര്‍ക്ക് കരാര്‍ ഒപ്പിട്ട് ഏഴു വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിലും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ടീകോം യാതൊരു പുരോഗതിയും നടത്തിയിട്ടില്ലെന്ന് സിഎജി കുറ്റപ്പെടുത്തിയിരുന്നു.2010 വരെ ഒരു മുഴുവന്‍ സമയ സിഇഒയെയോ കമ്പനി സെക്രട്ടറിയെയോ നിയമിച്ചിരുന്നില്ലെന്നും സിഎജി ചൂണ്ടിക്കാട്ടി.
പദ്ധതി വഴി തൊഴില്‍ അവസരം സൃഷ്ടിക്കുക എന്നതായിരുന്നു സംസ്ഥാനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം. 2005ലെ സെസ് നിയമത്തിന്റെ വകുപ്പ് 5 പ്രകാരം ഏതെങ്കിലും മേഖല സെസ് ആക്കുമ്പോള്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുവെന്ന നിബന്ധന ഉണ്ടായിരിക്കണം. എന്നാല്‍ ഫ്രെയിംവര്‍ക്ക് കരാറിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്തതു മൂലം അതു സംഭവിക്കില്ലെന്ന് സിഎജി കണ്ടെത്തി. 2014 വരെയുള്ള നിര്‍മാണ പുരോഗതി പദ്ധതിയുടെ ലക്ഷ്യം കൈവരിക്കുന്ന തരത്തിലുള്ള പൂര്‍ത്തിയാക്കല്‍ സാധ്യമാക്കില്ലെന്നും സംസ്ഥാനത്തിന്റെ ഐടി വികസനത്തിന് പദ്ധതി പ്രതീക്ഷിച്ച തരത്തില്‍ ഗുണപ്രദമാകില്ലെന്നും സിഎജി മുന്നറിയിപ്പു നല്‍കിയിരുന്നു.
ടീകോം; സര്‍ക്കാറിന്റെയും കമ്പനിയുടെയും ഭാഗത്ത്
വീഴ്ചകളുണ്ടായെന്ന് സിഎജി റിപ്പോര്‍ട്ട്