കോഴിക്കോട്: രക്തദാനം മഹത്തായ സാമൂഹ്യ സേവനമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് പ്രചോദനമാണെന്നും അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ പറഞ്ഞു. പകരം വയ്ക്കാനില്ലാത്ത മഹാദാനമായ രക്തദാനത്തെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ എച്ച്.ഡി.എഫ്.സി ബാങ്ക്, സായ കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. എച്ച്.ഡി.എഫ്.സി ബാങ്ക് കാലിക്കറ്റ് ക്ലസ്റ്റര്‍ ഹെഡ് ദിനേശന്‍ നമ്പ്യാര്‍ മുഖ്യാതിഥിയായി. കോട്ടപ്പറമ്പ് ഗവ. ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. നാസിയ കെ. സലീം, ബ്ലഡ് ഡോണേഴ്സ് ഫോറം ജോ. സെക്രട്ടറി കോയട്ടി മാളിയേക്കല്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത് സ്വാഗതവും സാജിത കമാല്‍ നന്ദിയും പറഞ്ഞു.