സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാക്കണം (എഡിറ്റോറിയല്‍)

സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാക്കണം (എഡിറ്റോറിയല്‍)

               ഏറെ കൊട്ടിഘോഷിച്ചാണ് കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. 2021ല്‍ പൂര്‍ത്തിയാവേണ്ട പ്രൊജക്ട് പൂര്‍ത്തിയായില്ലെന്ന് മാത്രമല്ല പ്രൊജക്ട് നടപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ട കമ്പനിയെ വെള്ളപൂശുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. കോവിഡാണ് പദ്ധതി വൈകാന്‍ എന്ന കണ്ടെത്തല്‍തന്നെ പൊള്ളയാണ്. ടീക്കോമിന് രക്ഷപ്പെടാനും അവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുമുള്ള നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്നതും വലിയ സംശയങ്ങള്‍ക്കാണ് ഇടംകൊടുക്കുന്നത്. 2011ല്‍ പദ്ധതിയുടെ പ്രഖ്യാപനം വളരെ ആവേശകരമായിരുന്നു. 10 വര്‍ഷത്തിനകം 88 ലക്ഷം ചതുരശ്രയടി ബില്‍റ്റപ് സ്‌പേസ്, അതില്‍ 62.1ലക്ഷം ചതുരശ്രയടിയില്‍ ഐടി വ്യവസായം, 90,000യിരം തൊഴിലവസരങ്ങള്‍. ഇതൊന്നും യാഥാര്‍ത്ഥ്യമായില്ലെന്ന് മാത്രമല്ല പദ്ധതി തന്നെ ഉപേക്ഷിക്കുന്ന ഘട്ടമാണിപ്പോള്‍. 6.5 ലക്ഷം ചതുരശ്രടയി കെട്ടിടം പണിപൂര്‍ത്തിയായിട്ടുണ്ട്.
2017ല്‍ ടീകോമിന്റെ മാതൃ കമ്പനിയായ ദുബായ് ഹോള്‍ഡിങ്‌സിലെ ഉടമസ്ഥതാ മാറ്റവും കൂടിയായപ്പോള്‍ ടീകോമിന്റെ പ്രവര്‍ത്തനം നിശ്ചലമായി. ഈ സമയത്ത് ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നതിന് കോവിഡ് തടസ്സമായി എന്ന വിചിത്ര വാദമാണ് ഉയരുന്നത്.
പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ ടീകോമിന് സാധിച്ചില്ലെങ്കില്‍ കണ്ടുകെട്ടാം എന്ന വ്യവസ്ഥ നിലനില്‍ക്കേ ടീകോമിന് നഷ്ടപരിഹാരം നല്‍കിയുള്ള ഒരു ഫോര്‍മുലയുണ്ടാക്കുകയും, ടീകോമിന്റെ  മുന്‍ മാനേജിംഗ് ഡയറക്ടറെ, നഷ്ടപരിഹാരമായി ബന്ധപ്പെട്ട മൂന്നംഗ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതും സംശയം ജനിപ്പിക്കുന്നതാണ്. ടീകോമിന് 84%, സര്‍ക്കാരിന് 16% എന്നിങ്ങനെയാണ് സ്മാര്‍ട്ട് സിറ്റിയിലെ ഓഹരി. പദ്ധതിക്കായി 99 വര്‍ഷത്തേക്ക് 246 ഏക്കര്‍ ഭൂമി, 104 കോടി രൂപക്ക് സര്‍ക്കാര്‍ ടീകോമിന് നല്‍കിയത്.
സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് പ്രതീക്ഷ പകര്‍ന്ന ഈ പദ്ധതി തകര്‍ന്നതിന്റെ ഇത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് കൈകഴുകാനാവില്ല. മുഖ്യമന്ത്രി ചെയര്‍മാനും ഐടി സെക്രട്ടറി അംഗമായ ബോര്‍ഡാണ് ടീകോമിന്റേത്.
2007ല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാറില്‍ ടീകോമിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ അനാസ്ഥ തുടരുന്നത്. കഴിഞ്ഞ 13 വര്‍ഷം കൊണ്ട് കേവലം ഏഴായിരം പേര്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കാനായത്. സര്‍ക്കാര്‍ കാണിച്ച അനാസ്ഥ തന്നെയാണ് ഇതിന്റെ ഉത്തരവാദി.
സമയാസമയങ്ങളില്‍ ബന്ധപ്പെട്ടവര്‍ കാര്യങ്ങള്‍ വിലയിരുത്തി മുന്നോട്ട്‌പോയിരുന്നുവെങ്കില്‍ സംസ്ഥാനത്തിന്റെ വികസനത്തില്‍ ഏറ്റവും വലിയ സംഭാവന ചെയ്യുന്ന ഒന്നായി സ്മാര്‍ട്ട്‌സിറ്റി മാറുമായിരുന്നു.
വിവാദങ്ങള്‍ക്ക് പിന്നാലെ പോകുന്ന മാധ്യമങ്ങളടക്കമുള്ളവര്‍ ഈ കാര്യത്തില്‍ കണിശമായ ജാഗ്രതയോടെ ഇടപെട്ടിരുന്നുവെങ്കില്‍ പദ്ധതിക്ക് മുകളില്‍ ഉറങ്ങിയിരുന്നവരെ ഉണര്‍ത്താനും, സാമൂഹിക ഇടപെടല്‍ ഉണ്ടാവാനും വഴിയൊരുക്കുമായിരുന്നു. ഓരോ പദ്ധതിയും സമയബന്ധിതമായി നടപ്പാക്കാതെ പോകുന്നതിന്റെ പ്രധാന കാരണം ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രദ്ധിക്കാത്തത്‌കൊണ്ടാണ്. സ്മാര്‍ട്ട്‌സിറ്റി ഉപേക്ഷിക്കില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞിട്ടുണ്ട്. ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമാവാനുള്ള പെട്ടെന്നുള്ള നടപടികളാണ് കേരളം ആവശ്യപ്പെടുന്നത്.

സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാക്കണം (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *