കെ.എഫ്.ജോര്‍ജ്ജ്
വിമാന യാത്രയ്ക്കിടയില്‍ ലഭിച്ച ഭക്ഷണം പോലും പാവപ്പെട്ടവര്‍ക്കായി നീക്കിവച്ച കാരുണ്യവതിയായിരുന്നു അഗതികളുടെ അമ്മയെന്നു ലോകം വാഴ്ത്തിയ മദര്‍ തെരേസ. തെക്കെ അമേരിക്കയിലെ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനുള്ള യാത്രയിലായിരുന്നു അവര്‍. ഉച്ചഭക്ഷണ ട്രേയും തള്ളിക്കൊണ്ട് ജീവനക്കാര്‍ സീറ്റിനടുത്തെത്തി ഭക്ഷണപ്പൊതി നീട്ടിയപ്പോള്‍ മദര്‍ ചോദിച്ചു, ഈ ഭക്ഷണപ്പൊതിക്ക് എന്തു വില വരും?
ഇത്തരം ഒരു ചോദ്യം ആരും ചോദിക്കാത്തതുകൊണ്ട് അമ്പരന്നുപോയ ജീവനക്കാരി പറഞ്ഞു, എനിക്കറിയില്ല. ചോദിച്ചിട്ടു പറയാം. മേലുദ്യോഗസ്ഥരോട് തിരക്കിയ ശേഷം മടങ്ങി വന്നു പറഞ്ഞു ‘അഞ്ചു ഡോളര്‍’.
എനിക്ക് ഇപ്പോള്‍ ഭക്ഷണം ആവശ്യമില്ല, അഞ്ചു ഡോളര്‍ എനിക്കു തരുമോ? ആവശ്യമുള്ളവര്‍ക്ക് കൊടുക്കാമല്ലോ, മദര്‍ പറഞ്ഞു. മദറിന്റെ കാരുണ്യത്തിന്റെ ചൈതന്യം വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരിലേക്കും ജീവനക്കാരിലേക്കും പ്രസരിച്ചു. അന്ന് ഉച്ചയ്ക്ക് ആരും ഭക്ഷണം കഴിച്ചില്ല.
വിമാനം നിലത്തിറങ്ങിയപ്പോള്‍ വിമാനത്തിലുണ്ടായിരുന്ന ഭക്ഷണമെല്ലാം ട്രക്കില്‍ കയറ്റി അവരുടെ ചേരികളിലുണ്ടായിരുന്നവര്‍ക്ക് വിതരണം ചെയ്തു. മദറിന്റെ ഈ കാരുണ്യ പ്രവൃത്തി വിമാനത്തിലുണ്ടായിരുന്ന എല്ലാവരേയും പരസ്‌നേഹ വിശുദ്ധിയിലേക്ക് പരിവര്‍ത്തനം ചെയ്തു.
കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി 1994ല്‍ മദര്‍ തെരേസ കോഴിക്കോട്ടെത്തിയപ്പോള്‍ മദറിന്റെ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം ഒരു അഭിമുഖവും സംഘടിപ്പിക്കണമെന്ന ആഗ്രഹത്തോടെയാണ് ജനുവരി 14ന് കോഴിക്കോട് വെസ്റ്റ്ഹില്‍ അത്താണിക്കലിലുളള ‘സ്‌നേഹ ഭവന’ത്തിലെത്തിയത്. അശരണരായ സാധു സ്ത്രീകളുടെ അഭയ കേന്ദ്രമാണത്. മദറിന്റെ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളാണ് ഈ അഗതി മന്ദിരം നടത്തുന്നത്.
ഞാന്‍ ചെല്ലുമ്പോള്‍ ഉച്ചഭക്ഷണ സമയമാണ്. അന്തേവാസികള്‍ കുളിച്ച് നല്ല വസ്ത്രം ധരിച്ചിട്ടുണ്ട്. തീരെ അവശരായവര്‍ക്ക് സിസ്റ്റര്‍മാര്‍ ചോറുവാരിക്കൊടുക്കുന്നു. മദറിന്റെ അഭിമുഖത്തിന് അവസരമുണ്ടോ? എന്നു ചോദിച്ചപ്പോള്‍ ഒരു രക്ഷയുമില്ല, എന്നായിരുന്നു സിസ്റ്റര്‍മാരുടെ മറുപടി. ദൂരെ യാത്ര കഴിഞ്ഞു മടുത്തു വരുന്ന മദറിന് നേരിയ പനിയുമുണ്ട്. സ്‌നേഹ ഭവനിലെ ചടങ്ങു കഴിഞ്ഞ് വെള്ളിമാട്കുന്നിലെ ‘മേഴ്‌സി ഹോം’ സന്ദര്‍ശനം. തുടര്‍ന്ന് കോഴിക്കോട് ബിഷപ് ഹൗസില്‍ സ്വീകരണം. തുടര്‍ന്ന് നഗരത്തില്‍ പൗരാവലിയുടെ സ്വീകരണം. ഇതിനിടയില്‍ അഭിമുഖത്തിനു സാധ്യതയില്ലെന്ന് സിസ്റ്റര്‍മാര്‍ തീര്‍ത്തു പറഞ്ഞു.
അന്തേവാസികള്‍ കിടക്കുന്ന ഹാളിലുള്ള എല്ലാവരേയും പൊലീസ് സഹായത്തോടെ പുറത്താക്കി. സാറും ദയവായി പുറത്തു പോകണമെന്ന് സിസ്റ്റര്‍മാര്‍ പറഞ്ഞപ്പോള്‍ മദര്‍ വരുന്നതുവരെ അന്തേവാസികളോട് സംസാരിച്ച് ഇവിടെ നില്‍ക്കാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്തുകൊണ്ടോ അവര്‍ നിര്‍ബന്ധിച്ചില്ല.
മദറിന് ഇരിക്കാനുള്ള കസേര ഹാളില്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നാല്‍ മദറിനോട് സംസാരിക്കാനുള്ള അവസരം കിട്ടിയേക്കാമെന്ന് എന്നിലെ പത്രപ്രവര്‍ത്തകന്‍ ഉള്ളില്‍ മന്ത്രിക്കുന്നുണ്ടായിരുന്നു.
അന്തേവാസികളോട് വിശേഷം തിരക്കി നടന്ന് രണ്ടരയായി. പെട്ടെന്ന് ഒരു ബഹളം. പുറത്തുള്ള ആളുകളെ തള്ളിമാറ്റി പൊലീസ് മദറിന് വഴിയൊരുക്കി. കൂനിക്കൂടി നടന്നുവന്ന് മദര്‍ കസേരയിലിരുന്നു. ഞാന്‍ പെട്ടെന്ന് കസേരയ്ക്ക് മുന്നില്‍ നിലത്തിരുന്നു. മദര്‍ സഞ്ചിയിലെ കാശു രൂപമെടുത്ത് ചുറ്റിലുമുള്ളവര്‍ക്ക് വിതരണം തുടങ്ങി.
മദറിന്റെ കാലിനു താഴെ നിലത്തിരിക്കുന്ന ഞാന്‍ പേരും പത്രപ്രവര്‍ത്തകനാണെന്ന വിവരവും പറഞ്ഞു. കരുണയുടെ ആള്‍ രൂപം എന്നെ നോക്കി. കാശു രൂപം തന്നപ്പോള്‍ ഞാന്‍ ആ കൈവിരലുകളില്‍ പിടിച്ചു.ഉണങ്ങി ചുക്കുപോലെ ശുഷ്‌കിച്ച വിരലുകള്‍. വരണ്ടുണങ്ങിയ നെല്‍പാടംപോലെ ചാലുകള്‍ തീര്‍ത്ത മുഖം, അവിടെ ക്ഷീണിച്ചതെങ്കിലും തിളങ്ങുന്ന രണ്ട് കുഞ്ഞു നീലക്കണ്ണുകള്‍.
മന്ത്രിക്കുന്നതുപോലെ മദര്‍ പറഞ്ഞു തുടങ്ങി. പ്രാര്‍ത്ഥിക്കുന്ന കുടുംബം നിലനില്‍ക്കും. പ്രാര്‍ത്ഥിക്കുന്ന രാഷ്ട്രം നിലനില്‍ക്കും. പ്രാര്‍ത്ഥനയാണ് ശക്തി. പ്രാര്‍ത്ഥനയില്ലെങ്കില്‍ എല്ലാം ശിഥിലമാകും. പ്രാര്‍ത്ഥനയില്ലാതെ സന്തോഷം കണ്ടെത്താനാവില്ല, പ്രാര്‍ത്ഥനയെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും മാത്രമാണ് മദര്‍ പത്ത് മിനിട്ടോളം എന്നോട് സംസാരിച്ചത്.
സ്‌നേഹ ഭവന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ട ശേഷം ഉച്ചഭക്ഷണം കഴിക്കാതെ വെള്ളിമാട്കുന്നിലേക്ക് പുറപ്പെട്ടു. ജെഡിടി ഇസ്ലാമിനു മുന്നിലെത്തിയപ്പോള്‍ സ്ഥാപന മേധാവി ഹസന്‍ ഹാജിയുടെ നേതൃത്വത്തില്‍ വലിയ ആള്‍ക്കൂട്ടം. ഔദ്യോഗിക പരിപാടി ഇല്ലെങ്കിലും ഹസന്‍ഹാജിയുടെ അഭ്യര്‍ത്ഥന മാനിച്ച് മദര്‍ ജെഡിടിയിലെത്തി. മദറിനൊപ്പം സ്ഥാപന മേധാവികള്‍ നില്‍ക്കുന്ന ഫോട്ടോ ജെഡിടിയുടെ പ്രമുഖ സ്ഥാനത്ത് ഇപ്പോഴും തുടങ്ങിക്കിടക്കുന്നു.
മദറിന്റെ സ്‌നേഹവായ്പിനും കരുണയ്ക്കും ജാതി-മത ഭേദമില്ലായിരുന്നു. ആവശ്യക്കാരിലേക്ക് അത് അനുസ്യൂതം ഒഴുകിയെത്തിയിരുന്നു.
ലൊറേറ്റോ സന്യാസിനി സഭയിലെ അംഗമായി അധ്യാപികയായി ഇന്ത്യയിലെത്തിയ ഈ വിദേശ വനിതയ്ക്ക് ഒരു സാധാരണ കന്യാസ്ത്രീയായി അത്യാവശ്യ ജീവിത സൗകര്യങ്ങളോടെ കഴിഞ്ഞുകൂടാമായിരുന്നു. എന്നാല്‍ ഒരു ട്രെയിന്‍ യാത്രയില്‍ പാവങ്ങളുടെ ജീവിതം അവര്‍ക്ക് ബോധ്യമായി. അതോടെ ദരിദ്ര സ്ത്രീകളുടെ വേഷമായ നീലക്കരയുള്ള സാരിയുടുത്ത് സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി സന്യാസിനീ സഭ സ്ഥാപിച്ച് ചേരികളില്‍ പ്രവര്‍ത്തനം തുടങ്ങി.
കോളറയും കുഷ്ഠവും കല്‍ക്കട്ടയിലെ ചേരികളില്‍ ജീവനെടുത്തുകൊണ്ടിരിക്കുന്ന കാലം. തെരുവുകളില്‍ മരണാസന്നരായി കിടന്നിരുന്നവരേയും രോഗികളേയും മദറും കന്യാസ്ത്രീകളും ശുശ്രൂഷിച്ചു. കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭരണ കാലത്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു മദറിന് എല്ലാ പിന്തുണയും നല്‍കി. ഏകാധിപതികളും ക്രൂരന്മാരുമായ ഭരണാധികാരികള്‍ പോലും തങ്ങളുടെ രാജ്യത്തേക്ക് സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ സേവനം ആവശ്യപ്പെട്ടു. മഠവും, ആശുപത്രികളും, അഗതിമന്ദിരങ്ങളും സ്ഥാപിക്കാന്‍ സഹായം നല്‍കി. അങ്ങനെയാണ് ലോകമെങ്ങും മദര്‍ തെരേസയുടെ സേവനം എത്തിയത്.
പാവപ്പെട്ടവരിലും അഗതികളിലും മദര്‍ യേശുവിനെ ദര്‍ശിച്ചു. മദറിനോട് യേശു പറഞ്ഞിട്ടുള്ളതായി സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയില്‍ കുറിച്ചുവെച്ചിട്ടുള്ള വാക്കുകള്‍: ‘എന്നെ പാവങ്ങളുടെ മടകളിലേക്ക് കൊണ്ടു പോകുക’. എനിക്ക് തനിച്ചു പോകാനാവില്ല. അവരിലേക്ക് ഇറങ്ങിച്ചെല്ലുക. അവരിലേക്ക് പോകുമ്പോള്‍ എന്നെയും വഹിച്ചുകൊണ്ടു പോകുക’. മറ്റുള്ളവരോട് മദര്‍ ആവശ്യപ്പെട്ടത് പ്രാര്‍ത്ഥനയാണ്. ‘ദൈവത്തിന്റെ ജോലികള്‍ മോശമായി ചെയ്യാതിരിക്കാന്‍ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക, കാരണം ഇനിയും ചെയ്തു തീര്‍ക്കാനുള്ള ജോലികള്‍ അവിടുത്തെ ജോലികളാണ്’.
കന്യാസ്ത്രീകള്‍ക്കായുള്ള സഭയ്ക്കു പുറമെ പുരുഷന്മാര്‍ക്കായി ‘ബ്രദേഴ്‌സ് ഓഫ് ചാരിറ്റി’ സഭയും മദര്‍ സ്ഥാപിച്ചു. ഇപ്പോള്‍ 133 രാജ്യങ്ങളില്‍ ഈ സഭകള്‍ സേവനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
സംഘര്‍ഷം തുടരുന്ന രാജ്യങ്ങളിലും മദറിന്റെ സഹോദരിമാര്‍ സേവനം തുടരുന്നു. സിയേറ ലിയോണിലെ ഫ്രീ ടൗണില്‍ നാലു കന്യാസ്ത്രീകള്‍ സേവനത്തിനിടയില്‍ രക്തസാക്ഷികളായി. 1998 ജൂലൈ 27ന് യെമനില്‍ മൂന്ന് കന്യാസ്ത്രീകള്‍ വധിക്കപ്പെട്ടു. 2016ലും യെമനില്‍ ആക്രമണമുണ്ടായി. അന്ന് നാലു സഹോദരിമാര്‍ രക്ത സാക്ഷികളായി. എന്നാല്‍ ഇതിലൊന്നും അധീരരാകാതെ സഭ സേവനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
മദറിന്റെ സേവനങ്ങളെ 1979ല്‍ നൊബേല്‍ സമ്മാനം നല്‍കി ലോകം ആദരിച്ചു. 1980ല്‍ ഇന്ത്യ പരമോന്നത ബഹുമതിയായ ‘ഭാരതരത്‌ന’ നല്‍കി. കത്തോലിക്കാ സഭ മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.