ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം ഇന്ന്: ഭരണഘടനയിലെ മലയാളി സാന്നിധ്യങ്ങള്‍ ഇവരാണ്
ഇന്ത്യയുടെ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75ാം വാര്‍ഷികാഘോഷ നിറവിലാണ് രാജ്യം ഇന്ന്. 75 വര്‍ഷം മുന്‍പ് 1949 നവംബര്‍ 26 ന് ആണ് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചത്. അതിന്റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും നവംബര്‍ 26 ഇന്ത്യയില്‍ ഭരണഘടനാദിനം ആയി ആഘോഷിക്കുന്നു.
വലിയ തരത്തിലുള്ള അസമത്വവും വൈവിധ്യവും നിലനില്‍ക്കുന്ന നമ്മുടെ രാജ്യം അധികകാലം അഖണ്ഡമായി മുന്നോട്ട് പോകില്ല എന്ന് പലരും പലവട്ടം വിധിയെഴുതി. എന്നാല്‍ ആ പ്രവചനങ്ങളൊക്കെ തെറ്റിച്ച് രാജ്യം ബഹുദൂരം മുന്നോട്ട് പോയി, ഇപ്പോഴും ജൈത്രയാത്ര തുടരുകയുമാണ്. ഇതില്‍ ഭരണഘടന വഹിക്കുന്ന പങ്ക് വലുതാണ്.
ഭരണഘടനയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഒഴിച്ചുകൂടാനാകാത്ത പേരാണ് ഡോ. ഭീം റാവു അംബേദ്കറുടേത്. ഭരണഘടനയുടെ ശില്‍പിയായ അംബേദ്കറില്ലാതെ ഭരണഘടനയെ കുറിച്ചുള്ള യാതൊന്നും പൂര്‍ണമാകില്ലെന്ന് ചുരുക്കം. ബി എന്‍ റാവു, സുരേന്ദ്ര നാഥ് മുഖര്‍ജി എന്നിവരും അംബേദ്കര്‍ക്കൊപ്പം ചേര്‍ത്ത് വായിക്കപ്പെടേണ്ടവര്‍ തന്നെ.
എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മാണത്തില്‍ പ്രധാന പങ്കുവഹിച്ച മലയാളികളെക്കുറിച്ച് എത്രപേര്‍ക്കറിയാം. ഭരണഘടനയെ കുറിച്ചും അതിന്റെ ശില്‍പികളെ കുറിച്ചും ഊറ്റം കൊള്ളുന്ന നമ്മള്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. 299 അംഗങ്ങള്‍ ഉള്‍പ്പെട്ട ഭരണഘടനാ നിര്‍മാണ സഭയില്‍ 13 പേര്‍ കേരളത്തില്‍ നിന്നുള്ളവരായിരുന്നു.
അമ്മു സ്വാമിനാഥന്‍: 1946 ല്‍ മദ്രാസ് പ്രൊവിഡന്‍സില്‍ നിന്നാണ് ഭരണഘടനാ നിര്‍മാണസഭയിലേക്ക് അമ്മു സ്വാമിനാഥന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ഭരണഘടനയിലെ മൗലികാവകാശങ്ങളെ കുറിച്ചും നിര്‍ദേശക തത്വങ്ങളെ കുറിച്ചും സംസാരിച്ചത് അമ്മു സ്വാമിനാഥനായിരുന്നു. ഭരണഘടന അംഗീകരിക്കപ്പെടുന്നതിന് രണ്ട് ദിവസം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1949 നവംബര്‍ 24ന്, ഭരണഘടനയെ കുറിച്ചുള്ള പൊതുഅഭിപ്രായ വേദിയില്‍, മൗലികാവകാശങ്ങളും നിര്‍ദേശക തത്വങ്ങളും ഭരണഘടനയുടെ കാതല്‍ വ്യക്തമാക്കുമെന്ന് അമ്മു സ്വാമിനാഥന്‍ ഉറപ്പിച്ച് പറഞ്ഞു. പക്ഷേ ഭരണഘടനയുടെ വലിപ്പത്തില്‍ അവര്‍ ഒരിക്കലും തൃപ്തയായിരുന്നില്ല.
കൈയില്‍ കരുതാവുന്ന വലിപ്പത്തിലുള്ള ഭരണഘടനയായിരുന്നു അമ്മു സ്വാമിനാഥന്റെ മനസില്‍. ശൈശവ വിവാഹ നിയന്ത്രണം വിവാഹ പ്രായം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കുമായി വാദിച്ചവരില്‍ പ്രധാനിയായിരുന്നു അമ്മു സ്വാമിനാഥന്‍. അവരുടെ ജീവിതാനുഭങ്ങള്‍ തന്നെയായിരുന്നു അതിന് അവര്‍ക്ക് ധൈര്യം നല്‍കിയതും.
ദാക്ഷായണി വേലായുധന്‍: മദ്രാസ് മണ്ഡലത്തില്‍ നിന്നാണ് തന്റെ 34-ാം വയസില്‍ ദാക്ഷായണി വേലായുധന്‍ ഭരണഘടനാ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഭരണഘടനാ അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ ദലിത് വനിതകളില്‍ ഒരാളായിരുന്നു അവര്‍. അസംബ്ലിയില്‍ ദാക്ഷായണി വേലായുധന് ശക്തമായ, സ്വതന്ത്ര ശബ്ദമായി ഉയര്‍ന്നു നിന്നു. നെഹ്റുവിന്റെ ലക്ഷ്യ പ്രമേയത്തോടുള്ള അസംബ്ലിയുടെ പ്രതികരണത്തിനിടെയാണ് ദാക്ഷായണി വേലായുധന്‍ തന്റെ ആദ്യ ഇടപെടല്‍ നടത്തിയത്.
ഭരണകൂടവും സമൂഹവും തമ്മിലുള്ള ബന്ധത്തിന് മധ്യസ്ഥത വഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ സുപ്രധാനമായ കടമ ഇന്ത്യന്‍ ഭരണഘടനയ്ക്കുണ്ടെന്ന് അവര്‍ ഊന്നിപ്പറഞ്ഞു. സമൂഹത്തെ തന്നെ മാറ്റിമറിക്കേണ്ടതാകണം ഭരണഘടന എന്നതായിരുന്നു ദാക്ഷായണി വേലായുധന്റെ നിലപാട്. പട്ടികജാതി വോട്ടര്‍മാരുടെയും സംവരണ സീറ്റിന്റെയും കാര്യത്തില്‍ അംബേദ്കറോടും എം നാഗപ്പയോടും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് ദാക്ഷായണി.
ഇന്ത്യ സ്വീകരിക്കേണ്ടത് ഏത് തരം ഫെഡറലിസമാണ് എന്നതില്‍ ദാക്ഷായണി വേലായുധന് ശക്തമായ വീക്ഷണം ഉണ്ടായിരുന്നു. 1948 ലെ ഇന്ത്യന്‍ ഭരണഘടനയുടെ കരട് രേഖയെക്കുറിച്ചുള്ള അവരുടെ വിമര്‍ശനം, വികേന്ദ്രീകരണത്തിന്റെ അഭാവത്തിലും സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശക്തമായ കേന്ദ്ര സര്‍ക്കാരിന്റെ സാധ്യതയിലും ഊന്നിയായിരുന്നു. സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരെ നിയമിക്കുന്ന രീതി അവര്‍ പ്രത്യേകം എടുത്തുകാട്ടി, ഇത് അധികാരം കൂടുതല്‍ കേന്ദ്രീകരിക്കുമെന്ന് അവര്‍ ഉറച്ച ശബ്ദത്തില്‍ വാദിച്ചു.
ആനി മസ്‌കറീന്‍: ഭരണഘടനാ നിര്‍മാണ സഭയില്‍ തിരുവിതാംകൂര്‍ പ്രിന്‍സ്ലി സ്റ്റേറ്റിന്റെയും കൊച്ചി യൂണിയന്റെയും പ്രതിനിധി ആയിരുന്നു ആനി മസ്‌കറീന്‍. ഭരണഘടന നിര്‍മാണ സഭയില്‍ ഫെഡറലിസം എന്ന വിഷയത്തെ കുറിച്ച് ശബ്ദം ഉയര്‍ത്തിയവരില്‍ പ്രധാനിയായിരുന്നു അവര്‍.
ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വഭാവത്തെ പ്രതികൂലമായി ബാധിക്കുന്ന അധികാരത്തിന്റെ സമ്പൂര്‍ണ കേന്ദ്രീകരണത്തിനെതിരെ അവര്‍ ശക്തമായി തന്നെ വാദിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ സമീപഭാവിയില്‍ മാത്രമല്ല, വരും തലമുറകള്‍ക്ക് വേണ്ടി സമര്‍പ്പിക്കുകയാണ് ഭരണഘടന നിര്‍മാണസഭയുടെ ദൗത്യമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു ആനി മസ്‌കറീന്‍.
പി ഗോവിന്ദ മേനോന്‍: ഭരണഘടനാ നിര്‍മാണ സഭയില്‍ കൊച്ചി നാട്ടുരാജ്യത്തിന്റെ പ്രതിനിധിയായിരുന്നു പി ഗോവിന്ദ മേനോന്‍. നാട്ടുരാജ്യങ്ങളെ കുറിച്ച് പി ഗോവിന്ദ മേനോന്‍ ഭരണഘടന നിര്‍മാണ സഭയില്‍ നടത്തിയ ചില ഇടപെടലുകള്‍ ശ്രദ്ധേയം. എല്ലാ ബ്രിട്ടീഷ് ഇന്ത്യ പ്രവിശ്യകള്‍ക്കും അനുസൃതമായി നാട്ടുരാജ്യത്തെ കൊണ്ടുവന്ന ഭരണഘടനയിലെ ഭാഗം VI-A ചേര്‍ക്കുന്നതിനെ അദ്ദേഹം പിന്തുണച്ചു.
എ ടി പിള്ള : തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ പ്രതിനിധിയായി കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയില്‍ ചേര്‍ന്ന വ്യക്തിയാണ് എ ടി പിള്ള. അസംബ്ലിയില്‍ ഫെഡറലിസവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിച്ചവരില്‍ പ്രധാനിയാണ് പിള്ള. സംസ്ഥാനങ്ങളും യൂണിയനും തമ്മിലുള്ള അധികാര വിഭജനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് പിള്ളയുടെ സംഭാവന വളരെ വലുതാണ്.
പി ടി ചാക്കോ : 1949-ല്‍ തിരുവിതാംകൂര്‍-കൊച്ചി പ്രവിശ്യയില്‍ നിന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റില്‍ പി ടി ചാക്കോ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിയമസഭയില്‍ നികുതി നിയമങ്ങളെക്കുറിച്ചും ഔദ്യോഗിക ഭാഷാ വിഷയങ്ങളെക്കുറിച്ചും ശബ്ദമുയര്‍ത്തിയത് ചാക്കോ ആയിരുന്നു. ഇന്ത്യയുടെ ഔദ്യോഗിക ഭാഷ തീരുമാനിക്കാനുള്ള മുന്‍ഷി-അയ്യങ്കാര്‍ ഫോര്‍മുല നിര്‍ദേശിച്ചപ്പോള്‍ അദ്ദേഹം പല ആശങ്കകള്‍ ഉന്നയിച്ചു. ഒന്നിലധികം ഔദ്യോഗിക ഭാഷകള്‍ക്ക് പകരം ഒരു ഔദ്യോഗിക ഭാഷ മാത്രമാണോ ഇന്ത്യക്ക് വേണ്ടത് എന്നതായിരുന്നു അദ്ദേഹം ആദ്യം ഉന്നയിച്ച ചോദ്യം.
ആര്‍ ശങ്കര്‍ : കൊച്ചി-തിരുവിതാംകൂര്‍ പ്രിന്‍സ്ലി സ്റ്റേറ്റില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റില്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ് ആര്‍ ശങ്കര്‍. എന്നാല്‍ അസംബ്ലിയില്‍ അദ്ദേഹം സജീവമായി സംസാരിച്ചില്ല. ഇന്ത്യയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഹിന്ദിയെ വേണ്ടത്ര പരിചയപ്പെടുന്നതുവരെ ദേശീയ ഭാഷയായി ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് നിര്‍ത്തണമെന്ന് അദ്ദേഹം സഭയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആശയവിനിമയത്തിന്റെ പ്രാഥമിക മാര്‍ഗമായി ഇംഗ്ലീഷ് തുടരണമെന്നും അദ്ദേഹം ആഗ്രഹിച്ചു.
ജോണ്‍ മത്തായി : യുണൈറ്റഡ് പ്രവിശ്യകളില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റില്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നികുതി വ്യവസ്ഥകളുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ അദ്ദേഹം സുപ്രധാനമായ വിശദീകരണങ്ങള്‍ നല്‍കി. രാജ്യത്തെ വ്യവസായ വികസനം പ്രോത്സാഹിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് ജോണ്‍ മത്തായി.
ബി പോക്കര്‍ സാഹിബ് ബഹാദൂര്‍ : മുസ്ലീം ലീഗ് ടിക്കറ്റില്‍ മദ്രാസില്‍ നിന്നാണ് പോക്കര്‍ സാഹിബ് കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വിഭജനത്തിന് ശേഷം ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ച മുസ്ലിം ലീഗിലെ 28 അംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. ഹിന്ദുസ്ഥാനിക്കൊപ്പം ഇംഗ്ലീഷും യൂണിയന്റെ ഔദ്യോഗിക ഭാഷയാക്കണമെന്ന പക്ഷക്കാരനായിരുന്നു പോക്കര്‍ സാഹിബ്.
വിവാഹം, അനന്തരാവകാശം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളില്‍ ഓരോ സമുദായത്തിനും അവരുടെ വ്യക്തിനിയമങ്ങള്‍ പാലിക്കാന്‍ അവകാശമുണ്ടെന്ന് പ്രസ്താവിച്ച യൂണിഫോം സിവില്‍ കോഡിനായുള്ള നിര്‍ദേശത്തെയും അദ്ദേഹം എതിര്‍ത്തു.
പി എസ് നടരാജപിള്ള : ഭരണഘടന നിര്‍മാണ സഭയില്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ പ്രതിനിധിയായിരുന്നു പി എസ് നടരാജപിള്ള. നികുതി സംബന്ധിച്ച ചില ചര്‍ച്ചകളില്‍ ഇടപെട്ടതൊഴിച്ചാല്‍ അസംബ്ലിയില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നില്ല. കരട് ഭരണഘടന, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ വരുമാനം വിഭജിക്കുന്ന രീതിയെ അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്ര നികുതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ബിസിനസിനെയും വ്യാപാരത്തെയും ഒഴിവാക്കാനുള്ള ഭേദഗതിയും അദ്ദേഹം അവതരിപ്പിച്ചു.
പി കുഞ്ഞിരാമന്‍ : മദ്രാസ് മണ്ഡലത്തില്‍ നിന്നാണ് കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലേക്ക് പി കുഞ്ഞിരാമന്‍ തെരഞ്ഞെടുക്കപ്പെട്ടത്. തൊട്ടുകൂടായ്മയെ നിയമപരമായ കുറ്റമാക്കണമെന്ന് അദ്ദേഹം വാദിച്ചു.
കെ എ മുഹമ്മദ് : ഭരണഘടന നിര്‍മ്മാണ സഭയിലെ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ പ്രതിനിധിയായിരുന്നു കെ എ മുഹമ്മദ്.
എ കെ മേനോന്‍ : മദ്രാസ് മണ്ഡലത്തില്‍ നിന്ന് കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.