കെ.എഫ്.ജോര്‍ജ്ജ്
നാട്ടില്‍ ടി വി വന്ന സമയം. ആദ്യ കാലത്ത് ഡല്‍ഹിയില്‍ നിന്നു മാത്രമായിരുന്നു ഹിന്ദിയിലുള്ള ദൂരദര്ശന് സംപ്രേഷണം. കേരളത്തില്‍ ടി വി റിലേ സ്റ്റേഷനുകളില്ല. വലിയ വില കൊടുത്ത് ടി വി വാങ്ങിവെച്ചാലും ശരിക്ക് സിഗ്നല്‍ കിട്ടാത്തതിനാല്‍ ദൃശ്യങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയില്ല. അതിനായി സിഗ്നലുകള്‍ കിട്ടാന്‍ വീടിന്റെ ടെറസില്‍ ആന്റിന ഉയര്‍ത്തി. എന്നിട്ടും കാര്യം നടക്കുന്നില്ല.
പപ്പായ, റബര്‍, തുടങ്ങിയ കറയുള്ള മരങ്ങളില്‍ ആന്റിന സ്ഥാപിച്ചാല്‍ സിഗ്നല്‍ തെളിഞ്ഞു കിട്ടുമെന്ന് ഒരു വിദ്വാന് പത്രത്തില്‍ ലേഖനം എഴുതി. മുകളിലേക്ക് ചെല്ലുന്തോറും കൂര്ത്തഇലകളുള്ള മരങ്ങളില്‍ ആന്റിന വെച്ചാല്‍ കൂടുതല്‍ മിഴിവോടെ ടി വി കാണാമെന്ന് മറ്റൊരു വിദഗ്ധന്‍ പത്രാധിപര്‍ക്കുള്ള കത്തില്‍ എഴുതി.
ഈ കോലാഹലങ്ങള്‍ നാടുവാഴുമ്പോഴാണ് പത്തനാപുരത്തെ ഒരാള്‍ തന്റെ വീട്ടില്‍ ദിവസവും വ്യക്തമായി ടി വി കാണുന്നുണ്ടെന്നു പറഞ്ഞ് മലയാള മനോരമ പത്രാധിപര്‍ കെ.എം.മാത്യുവിന് കത്തെഴുതുന്നത്. ഇന്‍ലന്‍ഡില്‍ വന്ന കത്ത് പത്രാധിപര്‍ എനിക്ക് അയച്ചു തന്നു. അന്നു ഞാന്‍ മനോരമയുടെ പത്തനംതിട്ട ജില്ലാ ലേഖകനാണ്. പത്തനാപുരത്ത് പോയി ടി വി കണ്ട് വിശദമായ ലേഖനം എഴുതണമെന്ന കുറിപ്പും കൂടെയുണ്ടായിരുന്നു.
ടി വി കാണാന്‍ കൊതിച്ചിരിക്കുന്ന ലക്ഷക്കണക്കിന് വായനക്കാര്‍ക്ക് അതിനുള്ള വഴി പറഞ്ഞു കൊടുക്കാന്‍ കഴിയുന്നത് ചില്ലറ കാര്യമല്ലല്ലോ! കത്തില്‍ കുറിച്ചിട്ടുള്ള നമ്പരിലേക്ക് ട്രങ്ക് കോള്‍ ബുക്കു ചെയ്തു. നേരിട്ട് കോഡു ചേര്‍ത്ത് വിളിക്കാനുള്ള എസ് ടി ഡി വന്നിട്ടില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ ഫോണില്‍ കിട്ടി. വാര്‍ത്ത എഴുതാന്‍ വരുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു വലിയ സന്തോഷം. ഉച്ചയ്ക്കു വരണം. അപ്പോഴാണ് ഡല്‍ഹി ദൂരദര്‍ശനില്‍ നിന്നുള്ള സംപ്രേഷണം തുടങ്ങുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ടി വി കാണാനും വാര്‍ത്ത എഴുതാനുമുള്ള ആഗ്രഹത്തോടെ പത്തനാപുരത്തിനു പുറപ്പെട്ടു. അദ്ദേഹം പറഞ്ഞ പ്രകാരം വീടു കണ്ടുപിടിച്ചെത്തുമ്പോള് സമയം 12 മണി. അദ്ദേഹത്തിനു വലിയ സന്തോഷം. വിഭവ സമൃദ്ധമായ ഊണും ഒരുക്കിയിരിക്കുന്നു. ഭക്ഷണം കഴിഞ്ഞ് ടി വി കാണാന്‍ ഒരുങ്ങി.
ഒരു മണിക്ക് ഹിന്ദി ന്യൂസുണ്ട്. അപ്പോള്‍ മിഴിവോടെ ടി വി കാണാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെപ്പോലെ 24 മണിക്കൂറും ടി വി സംപ്രേഷണം അന്നില്ല. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി ദിവസം മൂന്ന് നേരം മാത്രമേ ടി വിയില്‍ പരിപാടികളുള്ളൂ.
വീട്ടുടമസ്ഥന് കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥനാണ്. മുംബൈയില്‍ ജോലി ചെയ്ത കാലത്ത് സുഗമമായി ടി വി കണ്ട സുവര്‍ണകാലം അയവിറക്കി. ടി വിയുടെ സാങ്കേതിക വിവരങ്ങളും ടി വി കൊണ്ടുള്ള നേട്ടങ്ങളുമെല്ലാം അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു
അങ്ങനെ കാത്തിരുന്ന് ഒരു മണിയായി. അദ്ദേഹം ഡയനോര ബ്ലാക്ക് ആന്റ് വൈറ്റ് ടി വി ഓണ്‍ ചെയ്തു. കുടുംബനാഥനും ഭാര്യയും ഞാനും ടി വിയിലേക്ക് നോക്കിക്കൊണ്ടിരുന്നു. കുടുംബനാഥന് ടി വിയുടെ നോബുകള്‍ മാറി മാറി തിരിച്ചുകൊണ്ടിരിക്കുന്നു. ആകെ പറ പറ ശബ്ദം കേള്‍ക്കാം. ഹിന്ദി വാക്കുകള്‍ മുറിഞ്ഞു മുറിഞ്ഞാണ് പുറത്തു വരുന്നത്. ഒറ്റ വാചകവും വ്യക്തമായി കേള്‍ക്കാനാകുന്നില്ല.
ചെറുതേനീച്ച കൂട്ടമായി വട്ടമിട്ടു പറക്കുന്നതുപോലെ ടി വി സ്ക്രീനില്‍ കറുത്ത പൊട്ടുകളുടെ സമുദ്രം. പൊട്ടുകള്‍ ചില പാറ്റേണുകള്‍ കൈവരിക്കുമ്പോള്‍ കുടുംബ നാഥന് പറഞ്ഞു തുടങ്ങി. അക്കാണുന്നത് വാര്‍ത്ത വായനക്കാരിയുടെ സാരിയുടെ ബോര്‍ഡറാണ്, കാറ്റടിച്ചതുപോലെ കറുത്ത പൊട്ടുകളുടെ സമുദ്രം ആടിയുലയുന്നു. മറ്റൊരു കറുത്ത പൊട്ടുകളുടെ സമുച്ചയം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു, അതു കണ്ടോ അത് വായനക്കാരിയുടെ കണ്ണുകളാണ്!
എത്ര സൂക്ഷിച്ച് നോക്കിയിട്ടും എനിക്ക് ഒരു മനുഷ്യ രൂപവും തെളിഞ്ഞു വരുന്നില്ല. ഹിന്ദിയിലുള്ള ചില വാചകങ്ങള്‍ മാത്രം കഷ്ടിച്ചു മനസിലായി. ദൃശ്യങ്ങള്‍ അപ്പോഴും തരംഗങ്ങളായി ആടിയുലഞ്ഞുകൊണ്ടിരുന്നു.
കറുത്ത പൊട്ടുകള്‍ സ്ഥിരം കണ്ട് അതില്‍ നിന്ന് മനുഷ്യരൂപം സങ്കല്പ്പിച്ചെടുക്കുന്ന കുടുംബനാഥന്റെ ഭാവനാശേഷിയെ മനസ്സുകൊണ്ടു നമസ്ക്കരിച്ചു. ഇതിനെയാണ് അദ്ദേഹം പത്തനാപുരത്ത് വ്യക്തമായി ടി വി കാണുന്നുണ്ടെന്ന് പത്രം ഓഫീസിലേക്ക് എഴുതി അറിയിച്ചത്. ടി വി വാര്‍ത്ത അങ്ങനെ ചീറ്റിപ്പോയി. 1984 ലാണ് ടി വി കാണാന്‍ പത്തനാപുരം യാത്ര നടത്തിയത്.
കോഴിക്കോട്ട് ആദ്യമായി ടി വി കാണുന്നത് മാനാഞ്ചിറയിലെ അന്‍സാരി പാര്‍ക്കിലാണ്. ഇപ്പോള്‍ അന്‍സാരി പാര്‍ക്കില്ല. പഴയ മാനാഞ്ചിറ മൈതാനത്തെ എല്ലാ ഭാഗങ്ങളും ചേര്‍ത്ത് മാനാഞ്ചിറ സ്ക്വയര്‍ ആക്കിയിരിക്കുന്നു. അത് അടിയന്തിരാവസ്ഥക്കാലം. ഡല്‍ഹിയില്‍ നിന്നുള്ള ഹിന്ദി പരിപാടികളാണ് വൈകുന്നേരങ്ങളില്‍ അവിടെ കാണിക്കുന്നത്. കക്കൂസ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത, സോപ്പ് ഉപയോഗിച്ച് എങ്ങനെ വൃത്തിയായി കൈ കഴുകാം തുടങ്ങിയ ശുചിത്വ ബോധ ക്ലാസുകളാണ് കൂടുതലും. പലതിലും ശബ്ദമില്ല. ദൃശ്യങ്ങള്‍ മാത്രം. ദിവസവും ഇതു തന്നെയാണ് കാണിക്കുന്നതെങ്കിലും വിനോദ വഴികള്‍ കുറവായതിനാല്‍ ദിവസവും ആളുകള്‍ ഇതു കാണാന്‍ അന്‍സാരി പാര്‍ക്കിലെത്തും.
പിന്നീട് ഏറെക്കഴിഞ്ഞാണ് ദൂരദര്ശന് സംപ്രേഷണം സംസ്ഥാനങ്ങളിലേക്കെത്തുന്നത്. സിഗ്നല്‍ കിട്ടാന്‍ ടെറസിനു മുകളില്‍ ആന്റിന ഉയര്‍ത്തി കാറ്റത്ത് അത് ഇളകി ദൃശ്യങ്ങള്‍ അവ്യക്തമാകുമ്പോള്‍ അതു നേരെയാക്കാനുള്ള കഷ്ടപ്പാടിന്റെ കാലം. പിന്നീട് കേബിള്‍ വന്നപ്പോള്‍ ആന്റിന ആക്രിക്കാരനു വിറ്റു. തുടര്‍ന്ന് ടെറസില്‍ ഡിഷുകള്‍ ഉയര്‍ന്നു. ടി വിയുടെ നോബു തിരിക്കല്‍ റിമോട്ടിലേക്കു മാറി. ഇന്റര്‍നെറ്റ് യുഗത്തില്‍ ടി വി കാണല്‍ ഫോണിലൂടെയായി. ഇനി എന്തെല്ലാം കാണാനിരിക്കുന്നു! ഈ മാറ്റങ്ങളിലൂടെ കടന്നുപോകുന്നതല്ലേ ജീവിതത്തിന്റെ ഒരു ഹരം.
മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ കെ.എഫ്.ജോര്‍ജ്ജിന്റെ ഈ പംക്തി എല്ലാ ബുധനാഴ്ചകളിലും വായിക്കാവുന്നതാണ്.അരനൂറ്റാണ്ടു കാലത്തെ മാധ്യമ രംഗത്തെയും സാഹിത്യ രംഗത്തെയും അനുഭവങ്ങളും ജീവിത ദര്‍ശനങ്ങളും പ്രതിപാദിക്കുന്നതാണ് വാടാമല്ലികള്‍.