കുറച്ചെഴുതുകയും കൂടുതല്‍ ചിന്തിപ്പിക്കുകയും ചെയ്ത
മലയാളത്തിന്റെ എക്കാലത്തെയും നല്ല
ചെറുകഥാകൃത്തുക്കളിലൊരാളാണ് എന്‍.എസ്.മാധവന്‍
ബദറുദ്ദീന്‍ ഗുരുവായൂര്‍
1970 ല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മാതൃഭൂമി നടത്തിയ ചെറുകഥാമത്സരത്തില്‍ ‘ശിശു’ എന്ന ചെറുകഥയ്ക്ക് ഒന്നാം സമ്മാനം നേടിക്കൊണ്ട് തുടങ്ങിയതാണ് എന്‍.എസിന്റെ സാഹിതീ സപര്യ. 1991 ല്‍ ഡി.സി.ബുക്‌സ് ഒരുനൂറ്റാണ്ടിലെ ഏറ്റവും നല്ല നൂറു ചെറുകഥകള്‍ തിരഞ്ഞെടുത്തതില്‍ എന്‍. എസിന്റെ ‘ചൂളൈ മേട്ടിലെ ശവങ്ങള്‍’ ഇടം പിടിക്കുകയുണ്ടായി. മലയാള മനോരമ 100 വര്‍ഷത്തെ 10 മലയാള ചെറുകഥകള്‍ തിരഞ്ഞെടുത്തപ്പോള്‍, എന്‍.എസിന്റെ ‘ഹിഗ്വിറ്റ’ എന്ന മാസ്റ്റര്‍പീസിനായിരുന്നു അവിടെ സ്ഥാനം.
കേന്ദ്ര ഗവണ്മെന്റില്‍ ഉന്നതോദ്ധ്യോഗസ്ഥനായിരിക്കെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് പലപ്പോഴും മൂകസാക്ഷിയായ എന്‍.എസ്.മാധവന്റെ ‘തിരുത്ത്’,’നിലവിളി’ എന്നീ ചെറുകഥകള്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളെ കാല്‍പ്പനികതയുടെ മൂശയില്‍ എങ്ങനെ വാര്‍ത്തെടുക്കാം എന്നതിന്റെ മകുടോദാഹരണങ്ങളാണ്.
മലയാള ചെറുകഥാ സാഹിത്യത്തിലെ ഒരു തിരുത്തലിന്റെ കൂടി ആരംഭമായി വേണം തിരുത്തിനെ കാണാന്‍. ‘ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍’ എന്ന ഒരൊറ്റ നോവലിലൂടെ ആഖ്യാന ശൈലിയുടെ പുതിയ വാതായനങ്ങള്‍ തുറന്നിടുവാനും എന്‍.എസിന് കഴിഞ്ഞു. ഇതൊരു സാങ്കല്പിക സ്ഥലിയല്ലെന്നുള്ളത് തികച്ചും നവീനമായ അറിവായിരുന്നു മലയാളികള്‍ക്ക്.
കഥകള്‍, ചൂളൈമേട്ടിലെശവങ്ങള്‍, ഹിഗ്വിറ്റ, തിരുത്ത്, പര്യായ കഥകള്‍, അര്‍ത്ഥനാരീകാണ്ഡം, നിലവിളി, എന്റെ പ്രിയപ്പെട്ട കഥകള്‍, പഞ്ചകന്യകകള്‍, എന്‍. എസ്. മാധവന്റെ കഥകള്‍ സമ്പൂര്‍ണ്ണം, തുടങ്ങി ഏഴോ എട്ടോ ചെറുകഥാസമാഹാരങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുകയും ഒരൊറ്റ നോവലും ‘രണ്ടു നാടകങ്ങള്‍’എന്ന ഒരു നാടകവും ലേഖന സമാഹാരവും മാത്രമാണ് കൈമുതലെങ്കിലും അതിലുമെത്രയോ മേലെയാണ് എന്‍.എസ്.മാധവന്റെ സര്‍ഗ്ഗവൈഭവമെന്ന് അടിവരയിടുന്നു പുരസ്‌കാരലബ്ധി.
സാഹിത്യത്തിന്റെ പുറം വരാന്തയില്‍ കിടന്നിരുന്ന ചെറുകഥാശാഖയെ അകത്തളത്തിലെ ചാരുകസേരയില്‍ പ്രതിഷ്ഠിച്ചത് ടി. പത്മനാഭനാണെന്ന് തന്റെ സ്വതസിദ്ധവിനയത്തില്‍ എന്‍.എസ്. മൊഴിഞ്ഞിട്ടുണ്ടെന്നാലും ആ പ്രതിഷ്ഠയില്‍ തന്റെതായ പങ്ക് എന്‍.എസ്.മാധവന്‍ എന്ന കൃശഗാത്രന്‍ വഹിച്ചിട്ടുണ്ടെന്നത് അനുവാചക സാക്ഷ്യം. എന്‍. എസിന്റെ പുരസ്‌കൃതിയില്‍, തുഞ്ചത്ത് എഴുത്തച്ഛന്‍ സമാധി സ്മാരക ഫൗണ്ടേഷന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍.