ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ തലയ്ക്ക് 1 കോടി രൂപ പ്രഖ്യാപിച്ച് ക്ഷത്രിയ കര്‍ണി സേന.ലോറന്‍സ് ബിഷ്‌ണോയ് ഇപ്പോള്‍ ഗുജറാത്തിലെ ജയിലിലാണ്. ക്ഷത്രിയ കര്‍ണിസേന ദേശീയ പ്രസിഡന്റ് രാജ് ഷെഖാവത് വിഡിയോ സന്ദേശത്തിലൂടെയാണ് പ്രതിഫലം പ്രഖ്യാപിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.ബിഷ്‌ണോയിയെ വധിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഈ പണം വിനിയോഗിക്കാമെന്ന് ഷെഖാവത്ത് അറിയിച്ചു.
1,11,11,111 രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. ഗുജറാത്ത്, കേന്ദ്ര സര്‍ക്കാരുകളുടെ നടപടികളെ കര്‍ണിസേനാ തലവന്‍ വിമര്‍ശിച്ചു. കര്‍ണിസേനാ മുന്‍ തലവന്‍ സുഖ്‌ദേവ് സിങ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്‌ണോയ് സംഘം ഏറ്റെടുത്തിരുന്നു. രാജ്യത്തൊട്ടാകെ വേരുകളുള്ള സംഘമാണ് ബിഷ്‌ണോയിയുടേതെന്ന് പൊലീസ് പറയുന്നു. മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ബിഷ്‌ണോയുടെ സംഘത്തിലുള്ളവരാണ് പിടിയിലായത്.
സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വസതിക്കു നേരെ ഏപ്രില്‍ 14ന് വെടിയുതിര്‍ത്ത സംഭവത്തിലും ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് പിടിയിലായത്.
ബിഷ്ണോയി ജയിലിലാണെങ്കിലും കരുത്തരായ ഒരു സംഘമാണ് ബിഷ്ണോയി ഗ്യാങ് എന്ന പേരില്‍ മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ളത്.