21 വര്‍ഷം ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന രത്തന്‍ നാവല്‍ ടാറ്റ വിടവാങ്ങുമ്പോള്‍ വ്യവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത ഒരു അതുല്യ വ്യവസായിയെയാണ് നമുക്ക് നഷ്ടമാകുന്നത്. ഏറ്റവും ചെറുത് മുതല്‍ ഏറ്റവും വലുത് വരെ ഉല്‍പ്പന്നങ്ങള്‍ ടാറ്റ എന്ന ഒരു ലേബലില്‍ അന്തര്‍ ദേശീയ തലത്തില്‍ വളര്‍ന്നു പന്തലിക്കാന്‍ രത്തന്‍ ടാറ്റ വഹിച്ച് പങ്ക് നിര്‍ണ്ണായകമാണ്.
ജെ.ആര്‍.ഡി. ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബര്‍ 28-നാണ് രത്തന്റെ ജനനം. മുംബൈയിലെ സ്‌കൂള്‍ പഠനത്തിനുശേഷം ന്യൂയോര്‍ക്കിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദവും നേടിയ ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തി. തുടര്‍ന്ന് ടെല്‍കോയില്‍(ടാറ്റയുടെ പഴയ രൂപം) ട്രെയിനിയായി 1962ല്‍ ജോലി ആരംഭിച്ചു. 1991ല്‍ ജെ.ആര്‍.ഡി ടാറ്റയില്‍ നിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. തന്റെ 21 വര്‍ഷത്തെ സേവനത്തിലൂടെ കമ്പനിയുടെ വരുമാനം 5.7 ബില്ല്യന്‍ ഡോളറില്‍ നിന്ന് 100 ബില്ല്യനിലേക്ക് ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
പല വിദേശ കമ്പനികളേയും ഏറ്റെടുത്ത് അതിനെ ആഗോള തലത്തില്‍ വളര്‍ത്തുന്നതില്‍ അദ്ദേഹത്തിനുള്ള ഇച്ഛാശക്തി എടുത്തു പറയേണ്ടതാണ്. ടാറ്റ ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതില്‍ ആകര്‍മ്മകുശലതയുടെ പങ്ക് സുപ്രധാനം.അവിവാഹിതനായിരുന്ന രത്തന്‍ ടാറ്റ മികച്ച പൈലറ്റും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു. വിദേശസര്‍ക്കാരുകളുടേതുള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
