കോഴിക്കോട്: ഈ വര്‍ഷത്തെ 27-ാമത് പ്രവാസി ദോഹ ബഷീര്‍ പുരസ്‌കാരം പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
50000 രൂപയും ആര്‍ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത ഗ്രാമഫോണ്‍ ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. അവാര്‍ഡ് ജേതാവിന്റെ ഗ്രാമത്തില്‍ നിന്ന് അദ്ദേഹം തന്നെ തിരഞ്ഞെടുക്കുന്ന മിടുക്കനായ വിദ്യാര്‍ത്ഥിക്ക് യശഃ ശരീരനായ എം.എന്‍.വിജയന്റെ പേരിലുള്ള ‘എം.എന്‍.വിജയന്‍ സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് -15000 രൂപ ചടങ്ങില്‍ വെച്ച് നല്കും.
എം.ടി.വാസുദേവന്‍ നായര്‍ ചെയര്‍മാനായ ജൂറിയില്‍ ബാബു മേത്തര്‍, എം.എ. റഹ്‌മാന്‍, പി ഷംസുദ്ദീന്‍ (കേരളം), കെ.കെ.സുധാ കരന്‍, സി.വി.റപ്പായി, ജഗദീപന്‍ (ഖത്തര്‍) എന്നിവര്‍ ജൂറി അംഗങ്ങളാണ്. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വെച്ച് അവാര്‍ഡ് വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ബഷീറിന്റെ മക്കളായ അനീസ്, ഷാഹിന എന്നിവരും കെഎസ് വെങ്കടാചലം, ബാലചന്ദ്രന്‍ പുതുക്കുടി, ജലീല്‍ പുത്തന്‍പുരയില്‍ പങ്കെടുത്തു.