മദീന: അന്താരാഷ്ട്ര ഇസ്ലാമിക ഗവേഷണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ പ്രതിനിധി ഡോ.ഹുസൈന് മടവൂര്‍ മദീനാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ വിവിധ കോളെജ് മേധാവികളുമായി കൂടിക്കാഴ്ച നടത്തി. കോളെജ് ഓഫ് അറബിക് ലാംഗ്വേജ് ഡീന്‍ ഡോ.ഇബ്റാഹിം അല്‍ സാഇദ്, കോളെജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ഡയരക്ടര്‍ ഡോ. ബദര്‍ സഹീരി, അഡ്മിഷന് ആന്റ്് റജിസ്ട്രേഷന് ഡയരക്ടര്‍ ഡോ. ഹിശാം അല്‍ ഉബൈദ് തുടങ്ങിയവരുമായാണ് ചര്‍ച്ച നടത്തിയത്. 1961 ല്‍ സ്ഥാപിതമായ മദീനാ യൂണിവേഴ്സിറ്റിയിലിപ്പോള് നൂറ്റി എഴുപത് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇരുപത്തിരണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ അഞ്ഞൂറോളം പേര് ഇന്ത്യയില്‍ നിന്നുള്ളവരാണ്.
പ്ലസ് ടൂ പാസായ കുട്ടികള്‍ക്കാണ് പ്രവേശനം. അനറബി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഡിഗ്രി പ്രവേശനത്തിന്ന് മുമ്പായി രണ്ട് വര്‍ഷത്തെ അറബി ഭാഷാ കോഴ്സ് പൂര്‍ത്തിയാക്കണം. അവരുടെ അറബി ഭാഷാ പരിജ്ഞാനമനുസരിച്ച് ഭാഷാ പഠന കോഴ്സിന്റെ കാലാവധിയില്‍ ഇളവ് അനുവദിക്കും. യൂണിവേഴ്സിറ്റി വെബ് സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയാണ് അപേക്ഷ അയക്കേണ്ടത്. മെരിറ്റ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിമാന ടിക്കറ്റും ഹോസ്റ്റല്‍ സൗകര്യവും പഠനവും സൗജന്യമാണ്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി അക്കാദമിക തല സഹകരണത്തിന്ന് മദീനാ യൂണിവേഴ്സിറ്റി സന്നദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചതായി ഡല്‍ഹിയിലെ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് ഫൗണ്ടേഷന് (എച്ച് ആര് ഡി എഫ്) ചെയര്മാന് കൂടിയായ ഡോ. ഹുസൈന് മടവൂര്‍ പറഞ്ഞു.
ഡോ.ഹുസൈന് മടവൂര്‍ മദീനാ യൂണിവേഴ്സിറ്റി
അധികൃതരുമായി കൂടിക്കാഴ്ച നടത്തി