18 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക്  താഴ് വീഴുമ്പോള്‍

18 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക്  താഴ് വീഴുമ്പോള്‍

18 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് താഴ് വീഴുമ്പോള്‍
ഐക്യ കേരളം രൂപം കൊണ്ടതിന് ശേഷം ദീര്‍ഘവീക്ഷണമുള്ള നമ്മുടെ മണ്‍മറഞ്ഞുപോയ ഭരണാധികാരികള്‍ ഭാവി കേരളം മുന്നില്‍കണ്ട് രൂപീകരിച്ചതാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍. സംസ്ഥാനത്തെ സര്‍വ്വീസ് മേഖലയിലടക്കം രാജ്യത്തിന് മാതൃകയായ പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഒന്നര ലക്ഷത്തോളം പേര്‍ക്ക്് തൊഴിലും സംസ്ഥാനത്തിന് വരുമാനവും നേടിത്തരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലനിര്‍ത്തേണ്ടത് നാടിന്റെ ആവശ്യമാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍വ്വീസുകള്‍ക്ക് പണമാണ് മാനദണ്ഡം, എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ലാഭത്തേക്കാളുപരി സാമൂഹ്യ ഉത്തരവാദിത്തമാണ് പരമ പ്രധാനം. പൊതുമേഖലയില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് സ്വകാര്യ സ്ഥാപനങ്ങളുടെ ചൂഷണങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് ഒരു പരിധിവരെ ആശ്വാസം ലഭിക്കുന്നത്. കെഎസ്ആര്‍ടിസി തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഏത് ഓണംകേറാമൂലയിലും പ്രഭാതമെന്നോ പ്രദോഷമെന്നോ ഇല്ലാതെ ലാഭക്കണക്ക് മാത്രം നോക്കാതെ സര്‍വ്വീസ് നടത്തുന്ന ഈ സ്ഥാപനം നിലനില്‍ക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതിന്റെ കാരണവും ഇതാണ്.
സംസ്ഥാനത്തിന് വലിയ സാമ്പത്തിക പിന്തുണ നല്‍കുന്ന കെഎസ്എഫ്ഇ പോലുള്ള സ്ഥാപനങ്ങള്‍ മറ്റൊരു ഉദാഹരണം മാത്രം. പൊതുമേഖലാ സ്ഥാപനങ്ങള്‍ രൂപീകരിക്കുന്നത് വലിയ പഠനങ്ങള്‍ക്ക് ശേഷമാണ്. അതിന്റെ ആവശ്യം മനസ്സിലാക്കിയാണ്. എന്നാല്‍ സ്ഥാപനങ്ങള്‍ നഷ്ടത്തിലാവുന്നത് എന്ത്‌കൊണ്ടാണെന്ന് സസൂക്ഷ്മം പരിശോധിക്കപ്പെടണം. കെടുകാര്യസ്ഥത, ധൂര്‍ത്ത് എന്നിവയുണ്ടോ, കാലത്തിനനുസരിച്ചുള്ള നവീകരണം നടക്കുന്നുണ്ടോ എന്നതെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി ഓരോ സ്ഥാപനങ്ങള്‍ മെച്ചപ്പെടുത്തിയെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ കൃത്യമായ മോണിറ്ററിംഗിനുള്ള വിദഗ്ധരടങ്ങിയ സംവിധാനം ഉണ്ടാവണം. 18 പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയാണെന്ന് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ്(സിഎംഡി) റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്ന പശ്ചാത്തലത്തില്‍, നഷ്ടത്തിലായ സ്ഥാപനങ്ങളെ ലാഭത്തിലെത്തിക്കാന്‍ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യമുയര്‍ന്ന് വരുന്നുണ്ട്.
പൊതു മേഖലയെ സംരക്ഷിക്കുന്ന എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയത്തിന് കടകവിരുദ്ധമല്ലേ എന്ന ചോദ്യവും ഉയര്‍ന്നു വരുന്നുണ്ട്.
പൊതുമേഖലയില്‍ 40,774 കോടി രൂപയാണ് വിറ്റുവരവ്. സംസ്ഥാന സര്‍ക്കാരിന് 16.863 കോടി രൂപയും 2022-23ല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കിയെന്നാണ് കണക്കുകള്‍. ഇക്കഴിഞ്ഞ ബജറ്റില്‍ വിദ്യാഭ്യാസ മേഖലയിലടക്കം വിദേശ സര്‍വ്വകലാശാലകളെ സംസ്ഥാനത്ത് കൊണ്ട് വരുമെന്നും, സംസ്ഥാനത്ത് സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനവും കൂട്ടിവായിക്കുമ്പോള്‍ ലാഭമില്ലെങ്കില്‍ സ്ഥാപനങ്ങള്‍ പൂട്ടുമെന്ന നയം ഫലത്തില്‍ സ്വകാര്യ മേഖലയ്ക്ക് വളമിടലാണ്. വിദ്യാഭ്യാസ മേഖലയില്‍ വിദേശ സര്‍വകലാശാലകള്‍ ആരംഭിച്ചാല്‍ ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണാനുകൂല്യം നഷ്ടപ്പെടുമെന്നും അത് ഉന്നത വിദ്യാഭ്യാസ മേഖല ആ വിഭാഗങ്ങള്‍ക്ക് അപ്രാപ്യമാകുമെന്നുമുള്ള ആക്ഷേപം ദളിത് സംഘടനകള്‍ ഇതിനകം ഉയര്‍ത്തിക്കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കുത്തകകളെ സഹായിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുകയാണെന്ന് രായ്ക്ക് രാമാനം പ്രസംഗിക്കുകയും, സമരങ്ങളടക്കം സംഘടിപ്പിക്കുകയും ചെയ്യുന്ന എല്‍ഡിഎഫ് നേതൃത്വം സംസ്ഥാനത്ത് 18ഓളം പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടാനെടുക്കുന്ന തീരുമാനങ്ങള്‍ സംബന്ധിച്ച് പൊതു സമൂഹത്തോട് വിശദീകരിക്കേണ്ടതുണ്ട്.
പൊതുമേഖലയില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്തിരിഞ്ഞ് നടക്കുമ്പോള്‍ കഷ്ടത്തിലാവുക ജനങ്ങളാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലടക്കം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കേണ്ടതാണ്. ജനങ്ങളെ സംരക്ഷിക്കലാണ് മുഖ്യമെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലനിര്‍ത്തുകയും, അവയെ കാലാനുസൃതമായി നവീകരിക്കുകയുമാണ് ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത്.

18 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക്  താഴ് വീഴുമ്പോള്‍

Share

Leave a Reply

Your email address will not be published. Required fields are marked *