എല്ലാത്തിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സഹായം ലഭിക്കുന്ന കാലമാണിത്. വസ്ത്രമോ ആഭരണമോ ഒക്കെ വാങ്ങണമെങ്കില്‍ സുഹൃത്തുക്കളെയും ഒപ്പം കൂട്ടി അഭിപ്രായം തേടിയിരുന്നതിനും എഐ യുഗം മാറ്റം വരുത്തുകയാണ്. സുഹൃത്തിനു പകരം ഒരു സ്മാര്‍ട്ട്‌ഫോണ്‍ കയ്യില്‍ കരുതിയാല്‍ യോജിച്ച വസ്ത്രവും ആഭരണവുമൊക്കെ ഏതാണെന്ന് എഐ തന്നെ ഇനി പറഞ്ഞുതരും. ഇവയില്‍ ചിലതെങ്കിലും പൂര്‍ണമായി ഉപകാരപ്രദമല്ലെങ്കിലും ഫാഷന്‍ ടിപ്‌സുകള്‍ പറഞ്ഞു തരാനും അഭിപ്രായം തേടാനും മാറുന്ന ഫാഷന്‍ ട്രെന്‍ഡുകളെ കുറിച്ച് അറിവ് നല്‍കാനും സഹായിക്കുന്ന എഐ പ്ലാറ്റ്‌ഫോമുകള്‍ ഏറെയുണ്ട്.
ഇ- കൊമേഴ്‌സ് വെബ്‌സൈറ്റായ മിന്ത്രയുടെ എഐ ഫീച്ചറുകള്‍ തന്നെ ഉദാഹരണമായി എടുക്കാം. ഫാഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഉത്തരം തരുന്ന ‘മായ’ എന്ന ഫീച്ചറാണ് ഒന്ന്. യാത്രയോ കോളജിലെ ഫംഗ്ഷനോ അങ്ങനെ അവസരം ഏതുമാകട്ടെ അവയ്ക്ക് യോജിച്ച വസ്ത്രങ്ങള്‍ ഏതാണെന്നും ശരീരത്തിന് ചേരുന്ന വിധത്തില്‍ ഏത് തിരഞ്ഞെടുക്കണമെന്നും എഐ അസിസ്റ്റന്റായ മായ പറഞ്ഞുതരും. മൈ ഫാഷന്‍ ജിപിടിയാണ് മിന്ത്രയുടെ രണ്ടാമത്തെ എഐ ഫീച്ചര്‍. എന്നാല്‍ ഫാഷനുമായി ബന്ധപ്പെട്ട് മൈ ഫാഷന്‍ ജിപിടി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ചിലപ്പോഴെങ്കിലും ഇഷ്ടപ്പെട്ടില്ലെന്നും വരാം.
പേഴ്‌സണല്‍ സ്‌റ്റൈലിസ്റ്റിനെ പോലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപകാരപ്പെടുത്തുന്ന എഐ ഫാഷന്‍ അസിസ്റ്റന്റ് ടൂളാണ് അയൂട്ട (Aiuta). നിങ്ങളുടെ വ്യക്തിഗത ഫാഷനും സ്‌റ്റൈലിംഗുമായി ബന്ധപ്പെട്ട എന്ത് ചോദ്യത്തിനും അയൂട്ട ഉത്തരം നല്‍കും. ഉദാഹരണത്തിന് നിങ്ങളുടെ പക്കലുള്ള വസ്ത്രങ്ങള്‍ ഏതാണെന്ന് പറഞ്ഞു കൊടുത്താല്‍ പുതിയവ വാങ്ങുമ്പോള്‍ വ്യത്യസ്തമായവ എങ്ങനെ തിരഞ്ഞെടുക്കണമെന്ന് അയൂട്ട കൃത്യമായി പറഞ്ഞു തരും. ഏതൊക്കെ വസ്ത്രങ്ങളും ആഭരണങ്ങളും ഒന്നിനൊന്ന് ചേരുന്ന വിധത്തില്‍ ധരിക്കണമെന്ന് പറഞ്ഞുതരുന്നതിലൂടെ നിങ്ങളുടെ ലുക്ക് തന്നെ മാറ്റാന്‍ സാധിക്കും. ഒരു വസ്ത്രം ധരിച്ച ചിത്രം കൊടുക്കുമ്പോള്‍ അതില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയാല്‍ അല്‍പം കൂടി സ്‌റ്റൈലിഷാകും എന്നും ഈ ടൂള്‍ പറഞ്ഞുതരും. വസ്ത്രത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ മാത്രമല്ല ഓരോ ഔട്ട്ഫിറ്റിനും ചേരുന്ന ആക്‌സസറീസും പറഞ്ഞുതരാന്‍ കഴിയും എന്നതാണ് പ്രത്യേകത. സ്‌റ്റൈലിസ്റ്റില്‍ നിന്നും ലൈവായി ഉപദേശം തേടുന്നതിനുള്ള പ്രീമിയം ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഡിസൈനിങ് മുതല്‍ കസ്റ്റമേഴ്‌സുമായി ബന്ധപ്പെടുന്നതിന് വരെ ഇന്ത്യയിലെ ഫാഷന്‍ പ്രൊഫഷനലുകളും എഐയുടെ സാധ്യത പ്രയോജനപ്പെടുത്തുന്നുണ്ട്. അതുല്യമായ ഡിസൈനുകള്‍ നിര്‍മിക്കുന്നതിനും പുതിയവയെക്കുറിച്ച് ഗവേഷണം നടത്തുന്നതിനും സഹായിക്കുന്നതിലുപരി വ്യാജന്മാരെ തടയാനുള്ള സാങ്കേതികവിദ്യകള്‍ വരെ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ എഐയുടെ വരവ്, ജോലി എളുപ്പമാക്കാനും വേഗത്തിലാക്കാനും സഹായിച്ചതായി ഡിസൈനര്‍മാര്‍ ഒന്നടങ്കം പറയുന്നു. ഡിസൈനിങ് മുതല്‍ സാംപ്ലിംഗ് വരെയുള്ള പ്രക്രിയകള്‍ ഡിജിറ്റലൈസ് ചെയ്യാനും സാധിച്ചിട്ടുണ്ട്.
ഉപയോക്താക്കളുടെ ഷോപ്പിംഗ് സുഗമമാക്കുന്നതിന് വേണ്ടി ആമസോണ്‍ ഫാഷനും എഐയുടെ സഹായം തേടുന്നുണ്ട്. ഓരോ ഉപയോക്താവിന്റെയും ആവശ്യത്തിനനുസരിച്ച് വസ്ത്രങ്ങളുടെയും ആക്‌സസറികളുടെയും കൃത്യമായ സൈസ് നിര്‍ദ്ദേശിക്കാനും ഏറ്റവും അനുയോജ്യമായ ഉത്പ്പന്നം തന്നെ മുന്നിലെത്തിക്കാനും ഇതിലൂടെ സാധിക്കുന്നു. ഉപയോക്താക്കളുടെ മുന്‍കാല പര്‍ച്ചേസുകളും തിരച്ചിലുകളും വിലയിരുത്തി ആവശ്യമുള്ളവ കൃത്യമായി തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതിലൂടെ അവര്‍ക്ക് വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവമാണ് ലഭിക്കുന്നത്.