കാഴ്ചയില്ലാത്തവര്‍ക്ക് അറിവിന്റെ വെളിച്ചംസമ്മാനിച്ച ബ്രെയ്‌ലി ലപിക്ക് ഇന്നേക്ക് 200 വര്‍ഷം
1809 ജനുവരി 4ന് ജനിച്ച ഫ്രഞ്ചുകാരനായ ലൂയിസ് ബ്രെയ്‌ലിയുടെ ജന്മദിനമാണ് ബ്രെയ്‌ലി ദിനമായി ആചരിക്കുന്നത്.ബ്രെയ്‌ലി സമ്പ്രദായത്തിന്റെ ഉപജ്ഞാതാവായ ലൂയിസ് ബ്രെയ്‌ലിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കാഴ്ച പരിമിതരുടെ ക്ഷേമത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകളെ അനുസ്മരിക്കുന്നതിനാണ് ജനുവരി 4 ലോക ബ്രെയ്‌ലി ദിനമായി ആചരിക്കുന്നത്.2019ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ലോക ബ്രെയ്‌ലി ദിനം രൂപീകരിച്ചത്.
ഒരു അപകടത്തെത്തുടര്‍ന്ന് ചെറുപ്രായത്തില്‍ തന്നെ കാഴ്ച നഷ്ടപ്പെട്ടെങ്കിലും പഠിക്കാനുള്ള അദമ്യമായ മോഹം കാരണം ലൂയിസ് ബ്രെയ്‌ലിയെ പാരീസിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ദി ബ്ലൈന്‍ഡ് എന്ന അന്ധ വിദ്യാലത്തില്‍ ചേര്‍ത്തു. ചാള്‍സ് ബാര്‍ബിയര്‍ വികസിപ്പിച്ചെടുത്ത ഡോട്ടുകള്‍ ഉപയോഗിച്ചുള്ള ഒരു എഴുത്ത് സംവിധാനം ഉപയോഗിച്ച് ബ്രെയ്‌ലി വായിക്കാന്‍ പഠിച്ചു. അതോടൊപ്പം തന്റേതായ ഒരു ലിപി വികസിപ്പിക്കുന്നതില്‍ ബ്രെയ്‌ലി പരിശ്രമം തുടങ്ങി. ലൂയിസ് ബ്രെയ്‌ലി വികസിപ്പിച്ചെടുത്ത എഴുത്ത് സംവിധാനമായത്‌കൊണ്ടാണ് ഇതിനെ ബ്രെയ്‌ലി ലിപി എന്ന് നാമകരണം ചെയ്തത്.
ആറ് ഡോട്ടുകള്‍ ഉപയോഗിച്ച് അക്ഷരമാല, സംഖ്യാ ചിഹ്നങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു രീതിയാണ് ബ്രെയ്‌ലി ഭാഷയില്‍ ഉപയോഗിച്ചിരിക്കുന്നത്. അക്ഷരങ്ങളും അക്കങ്ങളും മാത്രമല്ല, സംഗീത നോട്ടുകള്‍, ശാസ്ത്ര, ഗണിത ചിഹ്നങ്ങള്‍ എന്നിവയും സ്പര്‍ശനത്തിലൂടെ തിരിച്ചറിയാന്‍ കാഴ്ച വൈകല്യമുള്ളവരെ സഹായിക്കുന്ന രീതിയാണിത്.ബ്രെയ്‌ലി ലിപി കാഴ്ച്ചയില്ലാത്ത ആളുകള്‍ക്ക് ഒരു അനുഗ്രഹമാണ്. സാധാരണ കാഴ്ചയുള്ള ആളുകളെപ്പോലെ തന്നെ കാഴ്ച്ച പരിമിതര്‍ക്കും വായിക്കാനും പഠിക്കാനും സഹായിക്കുന്ന ഈ സംവിധാനം അവരുടെ ജീവിതം തന്നെ മാറ്റി മറിച്ചു.
ലോക ബ്രെയ്‌ലി ദിനാചരണത്തിന്റെ ലക്ഷ്യം തന്നെ കാഴ്ച്ചയില്ലാത്തവരെക്കുറിച്ച് ആളുകളില്‍ അവബോധം വളര്‍ത്തുകയും മറ്റുള്ളവരെപ്പോലെ അവര്‍ക്കും തുല്യമായ അവകാശങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയുമാണ്. കാഴ്ചയില്ലാത്തവരോട് ദയ കാണിക്കാനും ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.’ബ്രെയ്ലി ഒരു ഭാഷയല്ല, പല ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാവുന്ന ഒരു കോഡാണ്. ഇതുപയോഗിച്ച് ആയിരക്കണക്കിന് കാഴ്ച പരിമിതരാണ് അറിവിന്റെ വാതായനം തുറന്നത്.
ഇന്ന് ലോക ബ്രെയ്‌ലി ദിനം