പ്രതീക്ഷാ നിര്‍ഭരമായ ഒരു പുതുവര്‍ഷം കടന്നുവരികയാണ്. മുന്നോട്ട് കുതിക്കാനുള്ള പ്രചോദനമായി പുതുവര്‍ഷം മാറട്ടെ എന്നാശംസിക്കാം. പുതു വര്‍ഷത്തില്‍ നിരവധി കാര്യങ്ങളില്‍ നമുക്ക് ഒന്നിച്ച് മുന്നേറേണ്ടതുണ്ട്. ഏറ്റവു പ്രാധാന്യമേറിയത് പരസ്പര സാഹോദര്യത്തിന്റെ കെട്ടുറപ്പ് കൂടുതല്‍ ബലപ്പെടുത്തുക എന്നുള്ളതാണ്. ഈ രാജ്യത്തെ എല്ലാവരും ഏകോദര സഹോദരന്മാരാണെന്ന തത്വത്തില്‍ വിള്ളലുകളുണ്ടാക്കി മുതലെടുപ്പ് നടത്തുന്ന ശക്തികളെ തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മാനവികതയുടെ കൂട്ടായ്മകള്‍ രാജ്യത്താകെ മാനംമുട്ടെ വളരേണ്ടതുണ്ട്.
ആഗോള താപനം ഉയര്‍ത്തുന്ന വെല്ലുവിളി കനത്തതാണ്. ഇതിനെ പ്രതിരോധിക്കാന്‍ ദുബായില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയില്‍ വലിയ പ്രതിക്ഷകള്‍ ഇല്ലാതെയാണ് പര്യവസാനിച്ചത്. ആഗോള താപനത്തെ പ്രതിരോധിക്കാനായില്ലെങ്കില്‍ ഭൂമുഖത്ത് മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പ് തന്നെ വലിയ ഭീഷണി നേരിടേണ്ടിവരുമെന്ന സത്യത്തിന് നേരെ കണ്ണടക്കാന്‍ വന്‍കിട രാഷ്ട്രങ്ങള്‍തയ്യാറാകരുത്. പ്രകൃതി പരിപാലനം ഉറപ്പ് വരുത്തി വികസനം നടപ്പാക്കിയില്ലെങ്കില്‍ കനത്ത തിരിച്ചടി കിട്ടും എന്നതിന് നിരവധി ദുരന്തങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്.
കടന്നുപോയ 2023 വലിയ സങ്കടങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം, ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം എല്ലാം വലിയ വേദനകളാണ്. അത് തുടരുകയും ചെയ്യുന്നു. മനുഷ്യ ജീവനുകളെ നിഷ്പ്രഭമാക്കുന്ന ഇസ്രയേലി കാടത്തം ഗസ്സയില്‍ അനുസ്യൂതം തുടരുകയാണ്. ഐക്യരാഷ്ട്ര സംഘടനയും ലോക രാഷ്ട്രങ്ങളിലെ പ്രബലര്‍ പോലും ആവശ്യപ്പെട്ടിട്ടും ഇസ്രയേല്‍ മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ തയ്യാറാവുന്നില്ല. ഈ വര്‍ഷം ഈ രണ്ട് സംഘര്‍ഷങ്ങളും അവസാനിപ്പിച്ച് സമാധാനം പുലരട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.
നമ്മുടെ രാജ്യത്ത് വളര്‍ന്നു വരുന്ന തൊഴിലില്ലായ്മ വലിയ വെല്ലുവിളിയാണ്. റെയില്‍വേയിലും, ബാങ്കിംഗ് മേഖലയിലടക്കം ലക്ഷക്കണക്കിന് ഒഴിവുകള്‍ നികത്താനാവാതെ കിടക്കുമ്പോള്‍ യുവ സമൂഹം എങ്ങനെ പ്രതീക്ഷയോടെ ജീവിക്കുമെന്ന് ഭരണാധികാരികള്‍ ചിന്തിക്കുകയും പരിഹാര നടപടികള്‍ ഉണ്ടാക്കുകയും വേണം.
കഴിഞ്ഞ വര്‍ഷം പല സംസ്ഥാനങ്ങളിലും ഉയര്‍ന്നു വന്ന ഒന്നായിരുന്നു ഗവര്‍ണര്‍-സര്‍ക്കാര്‍ പോര്. ബംഗാളിലും, തമിഴ്‌നാട്ടിലും, കേരളത്തിലും ഇത് നിയമ നടപടികളിലേക്കടക്കം എത്തിപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ നോമിനികളായി സംസ്ഥാനങ്ങളിലെത്തുന്ന ഗവര്‍ണര്‍മാര്‍ നിയമസഭകളെ വെല്ലുവിളിക്കുന്നത് സുഖകരമായ പ്രവണതയല്ല. ഫെഡറല്‍ സംവിധാനത്തിന് കോട്ടം തട്ടുന്ന ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം.
രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യവും വലിയ അപകടത്തിലാണ്. മാധ്യമങ്ങള്‍ തകര്‍ന്നാല്‍ ജനാധിപത്യം അപകടത്തിലാവും.
നമ്മുടെ സംസ്ഥാനം കടക്കെണിയിലാണെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. കടക്കെണി ജനങ്ങളെ സേവിക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തിന് വിലങ്ങ്തടിയാവരുത്. സംസ്ഥാന സര്‍ക്കാരും, എം.പിമാരും എല്ലാവരുംചേര്‍ന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ളവ നോടിയെടുക്കാന്‍ കൂട്ടായി പരിശ്രമിക്കണം. അശുഭകരമായ സംവാദങ്ങള്‍ക്ക് അറുതി വരുത്തണം.
മയക്കുമരുന്നിന്റെ ഭീഷണിയെ ശക്തമായി ചെറുത്ത് തോല്‍പ്പിച്ച് നാട് നന്നാക്കാനും യുവ ജനങ്ങള്‍ക്ക് പ്രതീക്ഷ പകരാനും, എല്ലാ ജനവിഭാഗങ്ങള്‍ക്കും സന്തോഷ പൂര്‍വ്വം മുന്നോട്ട് പോകാനുമുള്ള ഒരു വര്‍ഷമായി 2024 ഭവിക്കട്ടെ എന്നാശംസിക്കുന്നു. എല്ലാവര്‍ക്കും പീപ്പിള്‍സ് റിവ്യൂവിന്റെ പുതുവത്സരാശംസകള്‍.
