ഒപെക് യോഗം മാറ്റി, എണ്ണവില ഇടിഞ്ഞു

ഒപെക് യോഗം മാറ്റി, എണ്ണവില ഇടിഞ്ഞു

അസംസ്‌കൃത എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാവി നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ചേരാനിരുന്ന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ യോഗം മാറ്റി വച്ചതോടെ ആഗോള വിപണിയില്‍ എണ്ണ വില 4% ഇടിഞ്ഞു.ബ്രെന്റ് ക്രൂഡ് വില ബാരലിന് 80 ഡോളറിന് താഴെയെത്തി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചര്‍ വില 4.1 ശതമാനം കുറഞ്ഞ് ബാരലിന് 79.06 ഡോളറായി.

ഒപെക് യോഗം നവംബര്‍ 30 ലേക്കാണ് നീട്ടിയത്. അതേ സമയം യോഗം മാറ്റിവയ്ക്കാനുള്ള കാരണമൊന്നും ഒപെക് വ്യക്തമാക്കിയിട്ടില്ല. രാജ്യാന്തര വിപണിയിലെ എണ്ണ വിലയിടിവ് പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യ, റഷ്യ എന്നീ രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി യോഗം മാറ്റിവച്ചത്. ഒപെക് അംഗങ്ങള്‍ക്കിടയിലെ അധിക ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങള്‍ നില നില്‍ക്കുന്നുണ്ടെന്നാണ് സൂചന. ഉല്‍പ്പാദനം കുറച്ച് വില കൂട്ടണമെന്നുള്ള നിലപാട് അംഗീകരിക്കാന്‍ അംഗോളയും നൈജീരിയയും വിമുഖത പ്രകടിപ്പിക്കുന്നതും ഒപെകിന് തിരിച്ചടിയാണ്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡ് കുറയുന്നതാണ് ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റക്കുറച്ചിലിനുള്ള മറ്റൊരു പ്രധാന കാരണം. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി കാരണം ദുര്‍ബലമായ ഡീസല്‍ ഉപയോഗം മൂലം , 2024 ന്റെ ആദ്യ പകുതിയില്‍ ചൈനയുടെ എണ്ണ ഡിമാന്‍ഡ് വളര്‍ച്ച ഏകദേശം 4% ആയി കുറയാന്‍ സാധ്യതയുണ്ട്. ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളാണ് എണ്ണവിലയിലെ ചാഞ്ചാട്ടത്തിനുള്ള മറ്റൊരു കാരണം.

 

ഒപെക് യോഗം മാറ്റി, എണ്ണവില ഇടിഞ്ഞു

Share

Leave a Reply

Your email address will not be published. Required fields are marked *