തിരുവനന്തപുരം:ജി.എസ്.റ്റി. ഉദ്യോഗസ്ഥരുടെ അന്യായമായ കടന്ന് കയറ്റങ്ങൾക്കെതിരെയും ജി.എസ്.റ്റിയുടെ പേരിൽ ഉദ്ദ്യേഗസ്ഥർ നടത്തുന്ന വ്യാപാരി പീഡനങ്ങൾക്കെതിരെയും സംസ്ഥാന വ്യാപകമായ് മാർച്ച് 10 ന് വ്യാപാരികൾ സമര മുഖത്തേക്കിറങ്ങുകയാണ്. ടെസ്റ്റ് പർച്ചേസിന്റെ പേരിൽ കടകളിൽ വന്ന് എന്തെങ്കിലും സാധനം വാങ്ങി ബില്ല് കൈപ്പറ്റാതെ സ്ഥലം വിടുകയും പത്ത് മിനിറ്റിനകം വന്ന് ബില്ല് നൽകിയില്ല എന്ന കാരണം പറഞ്ഞ് ഇരുപതിനായിരം രൂപ പിഴ ഈടാക്കുകയുമാണ് ഉദ്യോഗസ്ഥർ. ജി.എസ്.റ്റി. രജിസ്ട്രേഷനുള്ള ഒരു വ്യാപാരിക്കും ബില്ല് എഴുതാതെ വ്യാപാരം ചെയ്യാൻ സാദ്ധ്യമല്ല.കാരണം വ്യാപാരികൾ സാധനങ്ങൾ വരുത്തുന്നത് ജി.എസ്.റ്റി. കൊടുത്ത് ബില്ലുകൾ വാങ്ങിയാണ്. അങ്ങിനെയുള്ള സാധനങ്ങൾ വിൽപന നടത്തുമ്പോൾ ബില്ലെഴുതി മാത്രമേ വിൽപന സാദ്ധ്യമാകു . ബില്ല് വാങ്ങാതെ ആരെങ്കിലും പോയാൽ തന്നെ വ്യാപാരികൾ ബില്ല് എഴുതാറുണ്ട്. പതുങ്ങി നിന്ന് സാധനം വാങ്ങി ബില്ല് കൈപ്പറ്റാതെ പോയി തിരിച്ച് വന്ന് ഫൈൻ അടിക്കുന്ന രീതി ഇനിയും അനുവദിക്കാൻ കഴിയില്ല. കൂടാതെ 2017 മുതലുള്ള കഴിഞ്ഞ കാല കണക്കുകൾ വീണ്ടും പരിശോധിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നിഷേധിച്ച് വീണ്ടും ഭീമമായ തുക അടക്കാൻ നോട്ടീസുകൾ നൽകുകയാണ്. പുറത്ത് നിന്നും സാധനങ്ങൾ വരുത്തുന്ന വ്യാപാരികളെ ഇ- വേ ബില്ലിന്റെ പേരിൽ പീഡിപ്പിക്കുകയാണ്. സാധനങ്ങളുമായ് വരുന്ന വാഹനം റോഡ് പണി മൂലമോ ഡ്രൈവർക്ക് വഴി തെറ്റിയോ നിർദ്ദിഷ്ട പാതയിൽ നിന്നും മാറിപ്പോയാൽ വണ്ടി തടഞ്ഞിട്ട് ഭീമമായ പിഴ ചുമത്തുകയാണ്. വാറ്റ് നിയമം മാറി.ജി.എസ്.റ്റി. വന്നെങ്കിലും ഇപ്പോഴും വാറ്റിന്റെ പേരിൽ വ്യാപാരികൾക്ക് നേരെയുള്ള പീഢനം തുടരുകയാണ്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടിയും സർക്കാർ , ഉദ്യോഗസ്ഥർക്ക് ടാർജറ്റ് നൽകി അകാരണമായ് ഉദ്യോഗസ്ഥർ വ്യാപാരികളെ പിഴിഞ്ഞെടുക്കുന്ന കിരാതമായ നടപടികൾക്കെതിരെയുമാണ് ഈ സമരം നടത്തുന്നത് എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. മാർച്ച് പത്തിന് തിരുവനന്തപുരം സെക്രടറിയേറ്റ് നടയിലും ബാക്കി 13 ജില്ലകളിൽ ജി.എസ്.റ്റി. ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് പിടിക്കലുമാണ് രാവിലെ 10 മുതൽ ഏകോപന സമിതി ധർണ്ണാ സമരം നടത്തുന്നത്. ഇത് സൂചനാ സമരമാണെന്നും പീഢനങ്ങൾ തുടർന്നാൽ അനിശ്ചിത കാല സമരത്തിനും വ്യാപാരികൾ രംഗത്തിറങ്ങുമെന്നും രാജു അപ്സര അറിയിച്ചു.