ഗൾഫ് മലയാളികളുടെ പത്രം  ജൂബിലിത്തിളക്കത്തിൽ

ഗൾഫ് മലയാളികളുടെ പത്രം ജൂബിലിത്തിളക്കത്തിൽ

സി.ഒ.ടി അസീസ്

 


1999 ഏപ്രിലിലാണ് പ്രവാസി മലയാളികളുടെ ജിഹ്വയായി മലയാളം ന്യൂസ് പുറത്തിറങ്ങിയത്. ഇന്ത്യയ്ക്ക് വെളിയിൽ പുറത്തിറങ്ങിയ ആദ്യ സമ്പൂർണ മലയാള ദിനപത്രം. സൗദി റിസർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പാണ് ഗൾഫിലെ കേരളീയ സമൂഹത്തിനായി ഈ വിശിഷ്ട ഉപഹാരമൊരുക്കിയത്. പത്രം തുടങ്ങി മാസങ്ങൾക്കകമായിരുന്നു 99ലെ പാർലമെന്റ് തെരഞ്ഞെടുപ്പ്. വാട്ട്‌സപ്പും ഫേസ്ബുക്കുമൊന്നുമില്ല, എല്ലാം ബ്രേക്കിംഗാക്കുന്ന മലയാളത്തിലെ ന്യൂസ് ചാനലുകൾ തുടങ്ങിയിട്ടുമില്ല. സൗദി അറേബ്യയിൽ അറബ്, ഇംഗ്ലീഷ് ടിവി ചാനലുകളേ ലഭിക്കൂ.ഇലക്ഷൻ റിസൾട്ടറിഞ്ഞ ദിവസം മലയാളം ന്യൂസിന്റെ ജിദ്ദ ഫൈസലിയയിലെ എഡിറ്റോറിയൽ ആസ്ഥാനത്ത് ഉറക്കമില്ലാ രാവായിരുന്നു. ഇന്റർനെറ്റ് ഇത്രയ്ക്ക് പ്രചാരത്തിലായിട്ടില്ല. ഗൾഫിൽ മലയാളികളുള്ളിടത്ത് നിന്നെല്ലാം പത്രത്തിന്റെ ആസ്ഥാനത്തേക്ക് ഫോൺ കോളുകൾ പ്രവഹിച്ചു. എല്ലാ മണ്ഡലങ്ങളിലേയും ലേറ്റസ്റ്റ് ഫലം ഉടനറിയാനായിരുന്നു അന്വേഷണങ്ങൾ. പശ്ചിമ ബംഗാളിലെ ലോക്സഭ സീറ്റുകളുടെ കാര്യമറിയാൻ പന്തയം വെച്ച് വിളിച്ചവരുമുണ്ട് കൂട്ടത്തിൽ. സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ എന്നീ ആറ് ഗൾഫ് മലയാളികൾ വിളിച്ച് അന്വേഷിക്കുന്നത് സ്വാഭാവികം. വിസ്മയിപ്പിച്ചത് അതിർത്തിക്കപ്പുറം ഇറാഖിൽ നിന്നുള്ള മലയാളികളുടെ ടെലിഫോൺ കോളാണ്. രാത്രി രണ്ടു മണിക്ക് അവർക്കറിയേണ്ടത് കോൺഗ്രസിന് എത്ര കിട്ടിയെന്നാണ്. ഓഫീസിലെ ഫാക്സിനാണെങ്കിൽ തീരെ വിശ്രമമില്ല. സൗദിയുടെ നാനാഭാഗത്തു നിന്നും ഇലക്ഷനുമായി ബന്ധപ്പെട്ട് അടുത്ത ദിവസം സമീക്ഷ പേജിൽ പ്രസിദ്ധീകരിക്കാനുള്ള കത്തുകൾ പ്രവഹിക്കുന്നു. ഇതെല്ലാം കണ്ടു നിന്ന അന്നത്തെ ഡെപ്യൂട്ടി എഡിറ്റർ ഇൻ ചീഫും ഇപ്പോഴത്തെ മലയാളം ന്യൂസ് മുഖ്യ പത്രാധിപരുമായ താരിഖ് മിസ്ഖസ് ഇത്രയും വൈബ്രന്റായ ഒരു സമൂഹത്തെ ലോകത്തൊരിടത്തും കണ്ടിട്ടില്ലെന്നാണ് പ്രതികരിച്ചത്. പിന്നീടിങ്ങോട്ട് മലയാളം ന്യൂസിന്റെ ചരിത്രത്തോടൊപ്പം രേഖപ്പെടുത്തേണ്ടതാണ് സൗദി അറേബ്യയിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക രംഗത്തെ മുന്നേറ്റം. സംഘടനകളുടെ രൂപീകരണത്തിലും പ്രവർത്തനത്തങ്ങളിലും ആഘോഷങ്ങളിലും പത്രം ഭാഗഭാക്കായി. കേരളം ആഘോഷിക്കുന്ന മുൻകാല പ്രവാസികളായ ചില പ്രമുഖ സാഹിത്യകാരന്മാരുടേയും എഴുത്തുകാരികളുടേയും ആദ്യ രചനകൾ വെളിച്ചം കണ്ടത് മലയാളം ന്യൂസിന്റെ സർഗവീഥി. സൺഡേ പ്ലസ് പേജുകളിലൂടെയാണ്.
ഓരോ ഘട്ടത്തിലും മലയാളം ന്യൂസ് ആധുനിക സാങ്കേതിക വിദ്യയിലുണ്ടാവുന്ന മാറ്റങ്ങൾ സ്വീകരിച്ചു. ഡിജിറ്റൽ കാലഘട്ടം വന്നപ്പോൾ അതിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി. പുതിയ തലമുറകൾക്കും പത്രം പ്രിയപ്പെട്ടതായത് അങ്ങിനെയാണ്. ന്യൂസ് അപ്ഡേറ്റുകൾക്കായി ഗൾഫ് പ്രവാസികളെന്ന പോലെ ഇന്ത്യയിലുള്ള മലയാളികളും പത്രത്തിന്റെ വെബ് സൈറ്റിനെ ആശ്രയിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലോകത്ത് മലയാളികളുള്ളിടത്തെല്ലാം വായനക്കാരെ ലഭിച്ചുവെന്നതാണ് പുതിയ കാലത്തിന്റെ സവിശേഷത. ജറുസലേമിലും ഹോങ്കോംഗിലും കാൻബറെയിലും ഒട്ടാവയിലും മലയാളം ന്യൂസ് വെബ് സൈറ്റ് നോക്കുന്നവരുണ്ട്. ഗൾഫ് മലയാളികളെ ഉദ്ദേശിച്ച് ആരംഭിച്ച പത്രം ആഗോള മലയാളി സമൂഹത്തിന്റെ കണ്ണാടിയായി മാറിയെന്നത് ജൂബിലി വർഷത്തിൽ ഏറ്റവും ആഹ്ലാദം പകരുന്ന വസ്തുതയാണ്. ഒരു ഘട്ടത്തിൽ ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ പ്രവാസി മലയാളികളുണ്ടായിരുന്ന ജിദ്ദ നഗരത്തിൽ നിന്നിറങ്ങുന്ന അവധിയില്ലാത്ത ഈ പത്രമില്ലാതെ പ്രവാസിയുടെ പ്രഭാതം ആരംഭിക്കാനാവില്ലെന്ന നിലയിലായത് ഇതിന്റെ വൻ സ്വീകാര്യതെയാണ് സൂചിപ്പിക്കുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽനിന്നെത്തി ആറ് ജി.സി.സി രാജ്യങ്ങളിൽ കഴിയുന്ന മലയാളി പ്രവാസി സമൂഹത്തിന്റെ ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരമായാണ് ഇരുപത്തിയഞ്ച് വർഷം മുമ്പ് ഈ പത്രം പിറവിയെടുത്തത്. കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക വിഷയങ്ങളിൽ പത്രത്തിന് ആരോടെങ്കിലും വിധേയത്വമോ, വിദ്വേഷമോ ഇല്ല. താൽപര്യങ്ങളൊന്നുമില്ലാത്ത ഒരു ദിനപത്രത്തിൽ ജോലി ചെയ്യുന്നതിന്റെ പ്രത്യേക സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ് മലയാളം ന്യൂസിന്റെ പിന്നണി പ്രവർത്തകർ. ഇത്തരമൊരു സംരംഭത്തിന് വിദേശ മലയാളികൾ കടപ്പെട്ടിരിക്കുന്നത് മലയാള ഭാഷയിൽ ഗൾഫിൽ പത്രമെന്ന ആശയത്തിന്റെ ഉപജ്ഞാതാവായ നമ്മെ വിട്ടു പിരിഞ്ഞ മലയാളം ന്യൂസ് സ്ഥാപക പത്രാധിപർ ഫാറൂഖ് ലുഖ്മാനോടാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *