ന്യൂഡൽഹി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. എ.ഐ.സി.സി. ആസ്ഥാനത്ത് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ചർച്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം.
മുൻ എംഎൽഎ ഉമ്മൻചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ ഉയർന്നുവന്ന ചർച്ചകളിൽ അദ്ദേഹത്തിന്റെ ചാണ്ടി ഉമ്മൻ തന്നെ ആയിരിക്കും അടുത്ത സ്ഥാനാർത്ഥിയെന്ന് ഏറെ കുറെ ഉറ്പപായിരുന്നു. പ്രചരണത്തിനായുള്ള ടീമിനെ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ബുധനാഴ്ച മുതൽ ചാണ്ടി ഉമ്മൻ പ്രചാരണരംഗത്ത് ഉണ്ടാവും.
കേരളത്തിൽ വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കി സ്‌നേഹത്തിന്റെ നീരുറവ ഉണ്ടാക്കിയെടുക്കാനുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെ തുടക്കമായിരിക്കും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്. എന്ന് കെ സുധാകരൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ വിതുമ്പുന്ന ഓർമ്മകൾ കേരളത്തിലെ രാഷ്ട്രീയ രംഗത്തും തിരഞ്ഞെടുപ്പ് രംഗത്തും സക്രിയമായി സമൂഹമധ്യത്തിൽ ഉണ്ടാവും. ജനമനസുകളെ സ്വാധീനിക്കുന്ന ഘടകമായി ഉമ്മൻചാണ്ടിയുടെ ഓർമകൾ മാറും. വൻഭൂരിപക്ഷത്തിൽ ഐക്യജനാധിപത്യമുന്നണി സ്ഥാനാർഥി ചാണ്ടി ഉമ്മൻ വിജയിച്ചുവരുമെന്നാണ് പ്രത്യാശയെന്നും സുധാകരൻ പറഞ്ഞു.
എത്രവോട്ടുകൾ നേടുമെന്ന് ഇപ്പോൾ പറയാനാവില്ല. സർക്കാരിന്റെ വിലയിരുത്തലായിരിക്കും തിരഞ്ഞെടുപ്പ്. ഇതുപോലൊരു ഗതികെട്ട നാണം കെട്ട സർക്കാർ കേരളത്തിലുണ്ടായിട്ടില്ല, ഇടതുപക്ഷ സർക്കാരിൽ പോലും ഇതുപോലൊരു സർക്കാർ ഉണ്ടായിട്ടില്ല.
ആ സർക്കാരിന്റെ വിധിയെഴുത്ത് തന്നെയാകും തിരഞ്ഞെടുപ്പ്. ഉമ്മൻചാണ്ടിയോടുള്ള മനസിൽ തട്ടിയുള്ള കൂറും ജനത്തിന്റെ പ്രതികരണമായി തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
