ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തില്‍ ഇന്ന് ലോക്സഭയില്‍ ചര്‍ച്ച. കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവായ ഗൗരവ് ഗൊഗോയി അവതരിപ്പിച്ച പ്രമേയത്തിന്മേലാണ് ചര്‍ച്ച നടക്കുക. മണിപ്പൂര്‍ കലാപ വിഷയത്തില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് താറാകാതിരിക്കുകയും ഇരുസഭകളിലും പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന ആവശ്യം പരിഗണിക്കാതിരിക്കുകയും ചെയ്തതോടെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ നീങ്ങിയത്. ലോക്സഭയില്‍ ഭൂരിപക്ഷം എന്‍.ഡി.എ സഖ്യത്തിനായതിനാല് അവിശ്വാസം പരാജയപ്പെടാനാണ് സാധ്യത. എന്നിരുന്നാലും മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കങ്ങള്‍ പ്രതിപക്ഷം ചര്‍ച്ച ചെയ്തിട്ടുണ്ട്.
അപകീര്‍ത്തിക്കേസില്‍ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതിനെത്തുടര്‍ന്ന് പാര്‍ലമെന്റംഗത്വം പുനഃസ്ഥാപിക്കപ്പെട്ട് തിരിച്ചെത്തിയ രാഹുല്‍ഗാന്ധിയായിരിക്കും കോണ്‍ഗ്രസില്‍നിന്ന് ചര്‍ച്ചയ്ക്ക് തുടക്കമിടുക. ഇന്നും നാളെയുമായി നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിന്മേല് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗസ്റ്റ് പത്തിന് മറുപടി നല്‍കും. അവിശ്വാസ പ്രമേയത്തിന്റെ വിധി എന്തായാലും പാര്‍ലമെന്റ് അടുത്ത മൂന്ന് ദിവസത്തില്‍ ചൂടുള്ള രാഷ്ട്രീയ ചര്‍ച്ചയ്ക്കായിരിക്കും സാക്ഷ്യം വഹിക്കുക.
ലോക്സഭയുടെ കാര്യോപദേശക സമിതി 12 മണിക്കൂര്‍ സമയമാണ് അവിശ്വാസ ചര്‍ച്ചയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇന്നു മുതല്‍ വ്യാഴാഴ്ച വരെയാണ് ലോക്സഭയില്‍ ചര്‍ച്ച നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച സഭയില്‍ സംസാരിക്കും. കോണ്‍ഗ്രസ്സില്‍ നിന്ന് രാഹുല്‍ഗാന്ധിയാണ് ആദ്യം പാര്‍ലമെന്റില്‍ സംസാരിക്കുന്നത്. മണിപ്പൂര്‍ വിഷയം പ്രധാന ചര്‍ച്ചയാക്കി സര്‍ക്കാരിനെ നേരിടാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.ലോക്സഭയില്‍ ഭൂരിപക്ഷം ഉള്ളതിനാല്‍ അവിശ്വാസ പ്രമേയത്തില്‍ ബി.ജെ.പിക്ക് ആശങ്കയില്ല. ബി.ജെ.ഡി, വൈ.എസ്.ആര് കോണ്‍ഗ്രസ്. ടി.ഡി.പി പാര്‍ട്ടികള്‍ ബി.ജെ.പിയെ പിന്തുണക്കും. ബി.ആര്.എസ് ഇന്ത്യ മുന്നണിയേയും പിന്തുണക്കും.
2018 ലാണ് അവസാനമായി നരേന്ദ്രമോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ വോട്ട് നടന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യം വിട്ടതിനെ തുടര്‍ന്നായിരുന്നു അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടത്. സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കണമെന്ന് ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നായിരുന്ന ചന്ദ്രബാബു സഖ്യം വിടാന്‍ തീരുമാനിച്ചത്. 2018 ലെ മണ്‍സൂണ്‍ സമ്മേളനത്തില്‍ 12 മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയ്ക്ക് ശേഷം ജൂലൈ 20 ന് മോദി സര്‍ക്കാര്‍ ലോക്സഭയില്‍ അവിശ്വാസ പ്രമേയത്തെ 199 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. 126 അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 325 പേര് അതിനെ തള്ളി. നാടകീയ നിമിഷങ്ങളായിരുന്നു അന്നത്തെ അവിശ്വാസ പ്രമേയത്തിലുണ്ടായിരുന്നത്. അവിശ്വാസ പ്രമേയത്തില്‍ നടത്തിയ പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ ഗാന്ധി പോയി കെട്ടിപ്പിടിച്ചതെല്ലാം വലിയ വിവാദമായിരുന്നു.
