സംവിധായകനും നടനുമായ ബേസിൽ ജോസഫുമൊത്തുള്ള ചിത്രം പങ്കുവെച്ച് പ്രമുഖ ഛായാഗ്രാഹകൻ രവി വർമ്മൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് കമെന്റുമായി ബോളിവുഡ് താരം രൺവീർ സിങ് എത്തിയതോടെ പുതിയ അഭ്യൂഹങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
സൂപ്പർഹീറോ ചിത്രമായ ശക്തിമാന് വേണ്ടിയുള്ള കൂടിക്കാഴ്ചയാണോ ഇതെന്ന സംശയമാണ് ആരാധകർക്ക്. തൊണ്ണൂറുകളിലെ ഹിറ്റ് ടെലിവിഷൻ പരമ്പരയായ ശക്തിമാൻ സിനിമയാകുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. സോണി പിക്‌ചേഴ്‌സ് ഇന്ത്യയായിരുന്നു ശക്തിമാൻ വീണ്ടും വരുന്നുവെന്ന പ്രഖ്യാപനം നടത്തിയത് രൺവീർ സിങ് ആയിരിക്കും ചിത്രത്തിലെ നായകനെന്നും കേൾക്കുന്നു.
ദേശീയ തലത്തിൽ ഹിറ്റായ മിന്നൽ മുരളി എന്ന സൂപ്പർഹീറോ ചിത്രത്തിന്റെ സംവിധായകനാണ് ബേസിൽ ജോസഫ്. ഈ സാഹചര്യത്തിലാണ് ദേശീയ തലത്തിൽ ശ്രദ്ധേയനായ രവി വർമ്മനുമൊത്തുള്ള ചിത്രവും അതിന് രൺവീർ കമന്റിട്ടതും അഭ്യൂഹങ്ങൾക്കിടയാക്കിയത്.
അതേസമയം മിന്നൽ മുരളിയുടെ തന്നെ രണ്ടാം ഭാഗത്തിന്റെ ചർച്ചകൾ നടക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടതുണ്ട്. മിന്നൽ മുരളിക്ക് രണ്ടാം ഭാഗം ഒരുക്കുന്നുണ്ടെങ്കിൽ അത് ബിഗ്ബജറ്റിൽ തന്നെ ആയിരിക്കുമെന്ന് ബേസിൽ നേരത്തെ ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.