തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2022ലെ ജെ.സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ടി.വി ചന്ദ്രന്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണിത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമാണ് പുരസ്കാര ജേതാവിന് ലഭിക്കുക. ജെ.സി ഡാനിയേൽ പുരസ്‌കാരം ലഭിക്കുന്ന 30 -ാമത്തെ വ്യക്തിയാണ് ടി.വി ചന്ദ്രൻ.
2021ലെ ജെ.സി ഡാനിയേൽ അവാർഡ് ജേതാവും സംവിധായകനുമായ കെ.പി കുമാരൻ ചെയർമാനും, നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ, നടിയും സംവിധായികയുമായ രേവതി എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.