കോഴിക്കോട്: ഏക സിവിൽ കോഡിന്റെ പേരിൽ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ആർഎസ്എസ് ശ്രമം. ഇതിനെ എന്തുവിലകൊടുത്തും ചെറുത്തു തോൽപ്പിക്കണമെന്നും നല്ലളം സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് എം.വി. ഗോവിന്ദൻ പറഞ്ഞു.
ഫാസിസ്റ്റുകൾക്ക് ഐക്യമല്ല കലാപമാണ് വേണ്ടത്. മണിപ്പൂരിൽ നടക്കുന്നത് കലാപമല്ല വംശീയ ഹത്യയാണെന്നും ഗോവിന്ദൻ ആരോപിച്ചു.
‘‘ സിപിഎം കോഴിക്കോട് നടത്തുന്നത് കേരളത്തിന്റെ സെമിനാറല്ല. കോഴിക്കോട് നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സെമിനാറാണ്. വർഗിയതയ്ക്ക് എതിരായ പോരാട്ടത്തിന്റെ സമരവേദിയായി മാറുന്ന സെമിനാർ ദേശീയ അടിസ്ഥാനത്തിൽ ശ്രദ്ധിക്കപ്പെടും’’ ഗോവിന്ദൻ കൂട്ടിച്ചേർത്തു.
