കോഴിക്കോട്: വനിത കമ്മീഷന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി കൂടുതൽ അധികാരം നൽകണമെന്ന് സർക്കാരിനോടാവശ്യപ്പെടുമെന്ന് ചെയർപേഴ്സൺ അഡ്വ.പി.സതീദേവി പറഞ്ഞു. നിലവിൽ സർക്കാരിന് നിർദ്ദേശങ്ങൾ സമർപ്പിക്കുക, പോലീസിന്റെ സഹായം ആവശ്യപ്പെടുക എന്നീ രീതിയിലുള്ള പ്രവർത്തനങ്ങളാണ്. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനടക്കമുള്ള അധികാരങ്ങൾ ലഭിച്ചാലേ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് തടയിടാനാവൂ. സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നവർ പറഞ്ഞു. കാലിക്കറ്റ് പ്രസ്സ്ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. പ്രണയത്തിന്റെ പേരിൽ സമീപകാലത്തുണ്ടായ അരുംകൊലകൾ നമ്മുടെ യുവ മനസ്സുകളിൽ അക്രമോൽസുകതയും, സ്ത്രീവിരുദ്ധതയും വർദ്ധിച്ചു വരുന്നതിന്റെ തെളിവുകളാണ്. സമൂഹത്തിൽ നിന്ന് ദൂരീകരിച്ച സാമൂഹ്യ തിന്മകൾ ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് പുറത്ത് വന്ന്കൊണ്ടിരിക്കുന്ന വാർത്തകൾ.
വിവാഹം കച്ചവടമായി മാറുകയാണ്. തെക്കൻ കേരളത്തിൽ മാത്രമല്ല, വടക്കൻ കേരളത്തിലും ഈ അപകടമുണ്ട്. കഴിഞ്ഞ ദിവസമാണ് മമ്പാട് പെൺകുട്ടിയുടെ പിതാവ് സ്ത്രീധന വിഷയത്തിൽ ആത്മഹത്യ ചെയ്തത്. ലാഭേച്ചഛയിലധിഷ്ഠിതമായ ഒരു സമൂഹത്തിൽ ശിഥിലമാകുന്ന കുടുംബ-ദാമ്പത്യ ബന്ധങ്ങളെ ഊട്ടിഉറപ്പിക്കുന്നതിൽ വനിത കമ്മീഷന് വലിയ ഉത്തരവാദിത്തമുണ്ടെന്നവർ കൂട്ടിച്ചേർത്തു. വനിതകമ്മീഷന് കീഴിൽ 67 വനിത സംഘടനകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവയിൽ ചിലത് നിർജീവമാണ്. അവയെ സജീവമാക്കുകയും കൂടുതൽ സംഘടനകളെ അഫിലിയേറ്റ് ചെയ്യിക്കുകയും ചെയ്യും. ഗ്രാമതല ജാഗ്രതാ സമിതികളും, ജില്ലാതല ജാഗ്രതാ സമിതികളും ശക്തിപ്പെടുത്തും. ജില്ലാതല ജാഗ്രാസമിതിയംഗങ്ങൾക്ക് പരിശീലനം നൽകും.
മാധ്യമങ്ങൾക്ക് സ്ത്രീ പക്ഷ നിലപാടുണ്ടാവണം. മാധ്യമസ്ഥാപനങ്ങളിലെ വനിതാ ജീവനക്കാരുടെ സുരക്ഷയും കമ്മീഷൻ വിലയിരുത്തും. സമൂഹത്തിലെ ജീർണ്ണതകൾക്കെതിരെ മാധ്യമലോകം വിട്ടുവീഴ്ചയില്ലാതെ പ്രതികരിക്കണം. കേരള സംസ്ഥാന മീഡിയ അക്കാദമിയുമായി സഹകരിച്ച് മാധ്യമ പ്രവർത്തകർക്ക് ഒക്ടോബർ 25ന് തിരുവനന്തപുരത്ത് വെച്ച് ശിൽപ്പശാല നടത്തും മുതിർന്ന മാധ്യമ പ്രവർത്തകരുടെയടക്കം അഭിപ്രായം പരിഗണിച്ച് മാർഗ്ഗരേഖ തയ്യാറാക്കും. വിവാഹ നിയമത്തിൽ ഭേദഗതി വേണം. തൊഴിൽ മേഖലയിലെ ആനുകൂല്യങ്ങളിലെ വിവേചനങ്ങൾക്കെതിരെയും കമ്മീഷൻ ഇടപെടും. സെപ്തംബർ 31വരെ 1600ഓളം പരാതികളാണ് കോഴിക്കോട് ജില്ലയിലുണ്ടായിരുന്നത്. 1603 പരാതികളും തീർപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. വനിതകമ്മീഷന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ടെ റീജ്യനൽ ഓഫീസിൽ സ്ഥിരം ജീവനക്കാരെയും, എറണാകുളത്ത് റീജ്യനൽ ഓഫീസ് ആരംഭിക്കിന്നതിനായും സർക്കാരിനോടാവശ്യപ്പെടും. പെൺകുട്ടികൾ വീടുകളിൽ പോലും പീഡിപ്പിക്കപ്പെടുന്നത് ന്യായീകരിക്കാനാവില്ല. സ്ത്രീ സുരക്ഷയ്ക്കാവശ്യമായ ശക്തമായ നടപടികൾ വനിതകമ്മീഷൻ എടുക്കുമെന്നവർ പറഞ്ഞു.
