വിജ്ഞാനത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പൈതൃകത്തെ നാം മുറുകെ പിടിക്കണമെന്ന് ശൗഖി ഇബ്റാഹീം അല്ലാമും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും

വിജ്ഞാനത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പൈതൃകത്തെ നാം മുറുകെ പിടിക്കണമെന്ന് ശൗഖി ഇബ്റാഹീം അല്ലാമും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും

കോഴിക്കോട്: വിദേശകാര്യ മന്ത്രാലയത്തിന്റെ അതിഥിയായി ആറു ദിവസത്തെ സന്ദര്‍ശത്തിനായി ഇന്ത്യയിലെത്തിയ ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൗഖി ഇബ്റാഹീം അല്ലാമും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും കൂടിക്കാഴ്ച്ച നടത്തി. മര്‍കസ് നോളേജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ് ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ഇരു രാജ്യങ്ങളിലെ മത, സാംസ്‌കാരിക, വിദ്യാഭ്യാസ വിഷയങ്ങള്‍ ചര്‍ച്ചയായി.

വിജ്ഞാനത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പൈതൃകത്തെ നാം മുറുകെ പിടിക്കണം. രാജ്യനന്മക്ക് വേണ്ടി നാം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം ഇന്ത്യയിലെയും ഈജിപ്തിലെയും ഭരണഘടനകള്‍ എല്ലാവിധ പൗരന്മാര്‍ക്കും ജാതി മത ഭേദമന്യേ തുല്യ സ്വാതന്ത്രം നല്‍കുന്ന ഭരണഘടനകളാണ് എന്നതാണ് ഈ രാജ്യങ്ങളെ തമ്മില്‍ കൂടുതലായി ബന്ധിപ്പിക്കുന്ന മുഖ്യ ഘടകം. അതുകൊണ്ട് തന്നെ പൗരന്മാര്‍ ഭരണഘടന അനുസരിച്ച് ജീവിക്കാന്‍ തയ്യാറാകേണ്ടതും, ഭരണാധികാരികള്‍ പൗരന്മാര്‍ക്ക് അര്‍ഹമായ ഭരണഘടനാ അവകാശങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതുമാണെന്നും ഇരുവരും പറഞ്ഞു.

ഏതൊരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും നിലനില്‍പ്പ് വിദ്യാഭ്യാസം, സാഹോദര്യം, ഐക്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. കാരണം അവ മനുഷ്യരാശിയെ ഉന്നതമായ ധാര്‍മികതയിലേക്ക് നയിക്കുന്ന അടിസ്ഥാന ഘടകങ്ങളാണ്. ഇവ മുറുകെപ്പിടിച്ചു രാജ്യ നന്മക്കായി പ്രവര്‍ത്തിക്കാന്‍ യുവാക്കള്‍ പ്രതിജ്ഞാബദ്ധരാവണം. മതങ്ങളുടെയും ഭാഷകളുടെയും വംശങ്ങളുടെയും വര്‍ണങ്ങളുടെയും വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട് എല്ലാവരെയും ഒരേ ചരടില്‍ കോര്‍ത്തിണക്കുന്ന ഇന്ത്യക്ക് ലോകത്തിന് മുന്നില്‍ അഭിമാനകരമായ സ്ഥാനമുണ്ട്. ഇന്ത്യന്‍ ജനത പൊതുവേയും, മുസ്ലിംകള്‍ പ്രത്യേകിച്ചും തങ്ങളെ ഒരുമിച്ചുകൂട്ടിയ ഈ ചരട് മുറിയാതിരിക്കാന്‍ വളരെയെറെ ശ്രദ്ധാലുക്കളായിരിക്കണം. ഈജിപ്തിലെയും ഇന്ത്യയിലെയും പണ്ഡിതന്മാര്‍ ഇരു രാജ്യങ്ങളിലും മതങ്ങള്‍ക്കിടയില്‍ സഹിഷ്ണുതയും സൗഹാര്‍ദ്ദവും പ്രചരിപ്പിക്കുന്നതിന് ഒരുമിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇരു രാജ്യങ്ങള്‍ക്കിടയിലെ വൈജ്ഞാനിക നൈപുണി കൈമാറ്റങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. വൈജ്ഞാനിക ഗവേഷണ സാങ്കേതിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഫത്വാ കൗണ്‍സിലും ഈജിപ്ഷ്യന്‍ ഫത്വാ കൗണ്‍സിലും സഹകരിച്ച് കോണ്‍ഫറന്‍സുകളും സെമിനാറുകളും സംഘടിപ്പിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *