തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപസൂചിക 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നും മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ വേനല്‍മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം,എറണാകുളം, പത്തനംതിട്ട, കൊല്ലം, പാലക്കാട്, കോഴിക്കോട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടും. ബുധനാഴ്ച വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും താപസൂചിക 32 ന് മുകളിലേക്ക് ഉയരും. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഹൈറേഞ്ച് പ്രദേശത്ത് മാത്രമാണ് ചൂടിന്റെ കാഠിന്യം കുറഞ്ഞു നില്‍ക്കുന്നത്. അള്‍ട്രാ വയലറ്റ് വികിരണവും ഉയര്‍ന്ന് നില്‍ക്കുകയാണ്. തൃശൂര്‍, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. നിര്‍ജലീകരണവും സൂര്യതാപവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെയുളള വെയില്‍ നേരിട്ട് ഏല്‍ക്കരുതെന്നും നിര്‍ദേശമുണ്ട്.