”ഗുരുദേവ മാഹാത്മ്യം”

സാമൂഹിക കഥയ്ക്ക് ക്ലാസ്സിക്കൽ കലാരൂപം:

 

2012-ൽ തൃപ്രയാർ കളിമണ്ഡലത്തിന്റെ ആവശ്യപ്രകാരം ”ഗുരുദേവമാഹാത്മ്യം” ആട്ടക്കഥ രചിക്കപ്പെട്ടു. കേരള കൗമുദിയുടെ നേതൃത്വത്തിൽ ഇടപ്പഴിഞ്ഞി ചങ്ങപ്പുഴ പാർക്കിൽ വച്ച് ഒരു ഔദ്വോഗിക ഉദ്ഘാടനവും
ആദ്യവതരണവും നടന്നു. ഏഴു തരംഗങ്ങളിലായി ആട്ടക്കഥ പൂർണ്ണമാവുന്നു. 19-ാം നൂറ്റാണ്ടിന്റെ ജാതീയവ്യവസ്ഥിതിയുടെ നേർചിത്രം നൽകിക്കൊണ്ടാണ് (ഒന്നാംരംഗം- ചാതുർവർണ്യം എന്നു നാം) കഥകളി ആരംഭിക്കുന്നത്.

വന്ദനശ്ലോകം

”ഗുരുദേവ മാഹാത്മ്യമിതി ജീവനാമൃതം
ഗുരുപാദമർപ്പിച്ചിടുമിതാത്മ പോഷകം
ഗിരിജാമഹേശാത്മശിവകാർത്തികേയനും
തരണേശുഭാംഗസമമചിൽഗണേശനും’

ശ്രീനാരായണഗുരു ദേവന്റെ ജീവിതത്തെ ആസ്പദമാക്കി ഏഴുരംഗങ്ങളിലായി അവതരിപ്പിച്ചതാണ് ഗുരുദേവമാഹാത്മ്യം കഥകളി. അച്ഛനമ്മമാരുടെ മരണത്തിനുശേഷം ഗുരു ചെമ്പഴന്തിയോടു വിടപറയുന്നതു മുതൽആ ജീവിത യാത്രയിലെ ആദ്യ സങ്കേതത്തിൽ (അരുവിപ്പുറം) ശിവപ്രതിഷ്ഠ നടത്തുന്നതുവരെയുള്ള സംഭവങ്ങളാണ് ”ഗുരുദേവമാഹാത്മ്യം’ ഒന്നാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിശദീകരണങ്ങൾ ശ്ലോകങ്ങളിലൂടെയാണ് നൽകുന്നത്. ക്ലാസ്സിക്കൽ കലയിൽ പൗരാണിക കഥയല്ലാതെ_ സമകാലിക സംഭവവികാസങ്ങൾ വിഷയമാക്കാറില്ല. ഇതിഹാസഘടനക്ക് ചേരുന്നതല്ലല്ലോ റിയലിസ്റ്റിക്ക് നിത്യ ജീവിത സംഭവങ്ങൾ. ഇത് പൊതുവായ ഒരു നിയമമാണെന്ന് പറയാം – സാമൂഹിക സംഭവ പരമ്പരകളിൽ ചിലരിലെങ്കിലും ശാശ്വതമായ ഒരു സന്ദേശവും ധാർമിക മൂല്യത്തിന്റെ പശ്ചാത്തലവും ഉണ്ടായിരിക്കും. അത്തരം സംഭവത്തെ തിരഞ്ഞെടുത്തിട്ട് ക്ലാസിക്കൽ കലാരൂപത്തിന്റെ ശൈലിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിന് ഉദാഹരണമാണ് ആശാന്റെ ”ചണ്ഡാലഭിക്ഷുകി, ഗുരുദേവമാഹാത്മ്യം അക്കൂട്ടത്തിൽപ്പെടുന്നു.

”ലോക സേവയ്ക്കുചിതം ബ്രഹ്മചര്യഭീക്ഷയാണി–
ന്നേകമാർഗ്ഗമെന്നറിഞ്ഞിടുന്നു ഞാൻ’
എന്ന് ഇത്രയും പറഞ്ഞ് ഗുരുദേവൻ യാത്ര ആരംഭിക്കുകയാണ്. മാർഗ്ഗമദ്ധ്യേ ചട്ടമ്പിസ്വാമികളെ കാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അയ്യാഗുരുവിൽ നിന്നും ധ്യാനയോഗം വശമാക്കുകയും ചെയ്യുന്നു. ഗുരുക്കളുടെ നിർദ്ദേശപ്രകാരം മരുത്വാമലയിൽ തപസ്സിനുപോകുന്നു.

രാഗം ശിവരജ്ഞിനി – ആലാപനത്തിനുള്ള സംഗീതസാധ്യത : ഉദാഹരണം

”കൽപ്പകമുല പ്രതിഷ്ഠിതലിങ്ഗം
ദർഷക നാശയുധഷ്ടിരലിങ്ഗം
കുപ്രകൃതി പ്രതരാന്തകലിങ്ഗം
തൻമൃദു പാതുചിദംബരലിങ്ഗം?
”സ്‌നേഹമാണ് ശിവമെന്ന സാരമാകുംവചസിനെ ഇഹലോകവാസികൾക്കും ബോധ്യമായ് വരുത്തേണം’. തപസ്സിലാർജ്ജിച്ച ആത്മ വൈഭവത്തോടെ ഗുരുദേവൻ തന്റെ ഉത്തരായനം ആരംഭിക്കുന്നു. അരുവിപ്പുറത്തെത്തുന്ന ഗുരുവിനോട് അവിടുത്തെ ജനങ്ങൾ ആരാധനാലയ പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞ്
വിലപിക്കുന്നു.

”തീർത്ഥാത്താലയിത്തത്തെക്കളഞ്ഞിന്നടിയങ്ങടെ
നേർച്ചകൾ സ്വീകരിപ്പതോർക്കില്ലതിശയം
സവർണ്ണരവർണ്ണരെന്നുള്ളോരിവിവേചനം
സർവേശനുമിന്നുണ്ടോസ്വാമിപാദങ്ങൾ ചൊല്ലൂ.”

 

100ൽപ്പരം വേദികളിൽ അവതരിപ്പിച്ച ഗുരുദേവമാഹാത്മ്യം കഥകളി

ഈ സമയം ഒരു അവധൂതൻ അവിടെ വരികയും ഗുരുവിനെ പ്രസ്തുതലക്ഷ്യത്തിൽ നിന്നും പിൻതിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ ഗുരുവിന്റെ മറുപടി ഇതായിരുന്നു.

”സ്‌നേഹമാണിന്നെന്റെ മൂർത്തി .
സ്‌നേഹമത്രേമൂലമന്ത്രം
സ്‌നേഹമാണീയുലകത്തിൻ
സാരസർവ്വമറിഞ്ഞാലും”.
നമ്മുടെ ശിവനെയാണ് നാം പ്രതിഷ്ഠിച്ചീടുന്നതെന്നും ചെമ്മേയറിഞ്ഞീടുക വേദവേദാന്തവിത്തേ. …….. അപ്രകാരം അൻപായിടുന്ന ശിവത്തെ ശങ്കരം കുഴിയിൽ നിന്നേറ്റിക്കൊണ്ടു വന്ന് ആ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠിക്കുന്നു. ഈ സമയം ഗുരുവിന്റെ ”ചിദംബരാഷ്ടകം” പിന്നണിയിൽ ആലപിക്കുന്നു.

”ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്”.

ഈ ശ്ലോകത്തോടുകൂടി ധനാശി പാടുന്നു. താണജാതിയിൽപ്പെട്ട ഹിന്ദുവിന് ഉയർന്നജാതിക്കാരുടെ വീട്ടിൽ പ്രവേശനമില്ല. വഴിയിലൂടെ നടക്കാൻ പാടില്ല. എന്നാൽ അവൻ പോയി പേരു മാറ്റി ക്രിസ്തുമതക്കാരനായി വന്നാൽ യോഗ്യനാവും, അയിത്തമില്ലാത്തവും എന്നത് കണ്ടപ്പോഴാണ് ” ഒരു ഭ്രാന്താലയമാണെന്ന് വിവേകാനന്ദസ്വാമി പറഞ്ഞത്. ഇതിന് അന്ത്യം വരുത്തി ഭ്രാന്താലയത്തെ തീർത്ഥാലയമാക്കി മാറ്റാനുള്ള ആദ്യത്തെ നടപടി ഗുരുദേവൻ സ്വീകരിച്ചത് ഈ രംഗകലയിലൂടെ ശക്തമായി ചിത്രീകരിക്കപ്പെടുന്നു.
നാല് വർണ്ണത്തിൽപ്പെട്ടവരേയും അതിന് വെളിയിലുള്ള പഞ്ചമനേയും ഒന്നാംരംഗത്തിൽ അവതരിപ്പിക്കുന്നു. ഈ പഞ്ചമൻമാരിൽപ്പെട്ട ചില യുവാക്കൾ ശ്രീനാരായണ ഗുരുവിനോട് തങ്ങൾക്ക് ആരാധിക്കുവാൻ ഒരു ക്ഷേത്രംവേണമെന്നപേക്ഷിക്കുന്നതാണ് രണ്ടാമത്തെ രംഗം.ക്ഷേത്രം നിർമ്മിച്ച് അവിടെ നാരായണ ഗുരു വിഗ്രഹം പ്രതിഷ്ഠിക്കുന്നതോടെ ഈ യുവാക്കളുടെ സങ്കടം പരിഹരിക്കപ്പെടുന്നു. തുടർന്നുള്ള രംഗത്തിൽ, പ്രതിഷ്ഠ നടത്താൻ താഴ്ന്ന ജാതിക്കാർക്കവകാശമില്ലാ എന്ന വാദവുമായി ബ്രാഹ്മണർ ഗുരുവുമായി ഏറ്റുമുട്ടുന്നു. തന്റെ അദ്വൈതദർശനത്തിന്റെ പശ്ചാത്തലത്തിൽ ഈശ്വരാരാധന എല്ലാപേർക്കും അവകാശപ്പെട്ടതാണെന്നും താന്താങ്ങളുടെ ഇഷ്ടപ്രകാരം വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാൻ ഏതു വിഭാഗത്തിനും അവകാശമുണ്ടെന്ന് ഗുരു ബ്രാഹ്മണനെ പറഞ്ഞ് മനസ്സിലാക്കുന്നു. അങ്ങനെ ഗുരുവിന്റെ പ്രഭാവം സമ്മതിച്ചു കൊടുക്കാൻ ബ്രാഹ്മണർ നിർബന്ധിതരാകുന്നു. (ഇവിടെ ഗുരുവിന് മിനുക്ക് വേഷവും മറ്റുള്ളവർക്ക് പച്ചവേഷവുമാണ്.) ഗുരുദേവ ചരിത്രത്തെ ആസ്പദമാക്കി ആട്ടക്കഥ രചിച്ചിരിക്കുന്നത് പ്രസിദ്ധനടനും ”വിവേകാനന്ദ തുടങ്ങി ഒന്നിലേറെ ആട്ടക്കഥകളുടെ രചയിതാവുമായ കാലാമണ്ഡലം ഗണേശൻ ആണ്. കലയുടെ സാങ്കേതിക വശങ്ങളും നാടകീയ സംഘട്ടനത്തിന്റെ രംഗാവതരണവും നല്ല നിശ്ചയ്ക്കുള്ള ഈ
കലാകരന്റെ രചന സാങ്കേതികമായും, സൗന്ദര്യാത്മകമായും മികവ് പുലർത്തുന്നു.” ഗുരുദേവമാഹാത്മ്യം’ രംഗപ്രയോഗാർഹമായ ഒരു ആട്ടക്കഥയായി പരിണമിച്ചിരിക്കുന്നു. പതിവ് പുരാണകഥകൾ വിട്ട് ഇത്തരം പുതിയ സംരംഭങ്ങൾക്ക് അവസരം ഒരുക്കേണ്ടത് കഥകളി പ്രേമികളാണ്. അവരുടെ ശ്രദ്ധ ഗുരുദേവമാഹാത്മ്യം പോലുള്ള കൃതിയിൽ പതിയേണ്ട കാലമായിരിക്കുന്നു. കലാരസികതയോടൊപ്പം സാമൂഹിക നവോത്ഥാന പ്രേരണയും ഇതിലൂടെ സാധിക്കുന്നു. വേദികളിൽ നിന്ന് വേദികളിലേയ്ക്ക് ””ഗുരുദേവമാഹാത്മ്യം” പ്രയാണം തുടരുന്നു. ഈ കൃതിയും കഥകളിയും എക്കാലവും സഹൃദയ ഹൃദയാഹ്ലാദിയായി പരിലസിക്കട്ടെ.

ധനാശി; : ശ്രീനാരായണ ചെമ്പഴന്തി ജാതം
ശ്രീശൈലവാസം ശിവഗിരീനാഥം
ശ്രീയോഗിവര്യം ഗുരുദേവരൂപം
ശ്രീശൈവഭാസം പ്രണതോസ്മിനിത്യം”.

 

തയ്യാറാക്കിയത്

കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ
Share

Leave a Reply

Your email address will not be published. Required fields are marked *