കോഴിക്കോട് : സമൂഹ മാധ്യമങ്ങളിലൂടെ ഗാനങ്ങൾ ആലപിച്ച് പ്രശസ്തരായ മാനന്തവാടി രേണുക മണിക്ക് വീടൊരുക്കാൻ ഓൺലൈൻ പ്ലാറ്റ് ഫോമിൽ സിനിമ പ്രദർശനത്തിനൊരുങ്ങി. പി സിനിമയുടെ ബാനറിൽ യുവ സംവിധായകൻ പ്രജിൻ പ്രതാപ് സംവിധാനം ചെയ്ത തല്ലുംപിടി എന്ന ചിത്രമാണ് ഹോം തിയേറ്റർ ( play store http//rb.gg/bx1if5) എന്ന ആപ്പിലൂടെ പ്രദർശിപ്പിക്കുന്നത.് ആപ്പ് ഡൗൺ ലോഡ് ചെയ്ത് ഷോയ്ക്ക് 79രൂപ നൽകിയാണ് സിനിമ കാണാനാവുക. സിനിമക്ക് സാറ്റലൈറ്റ് കിട്ടുന്ന തുകയും ഓൺലൈൻ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന തുകയും ഉപയോഗിച്ചാണ് രേണുകയ്ക്ക് വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നതെന്ന് സംവിധായകൻ പ്രജിൻ പ്രതാപ് പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈയിലാണ് രേണുകയുടെ അച്ഛൻ മണിയുടെ ഗാനം റെക്കോർഡ് ചെയ്യാൻ സുഹ്യത്തായ ജോർജ് കോര വീട്ടിലെത്തിയത്. മകളുടെ പാട്ട് കേൾക്കാനിടയായ ജോർജ് കോര രേണുകയുടെ പാട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ഗാനവും ഒപ്പം രേണുകയും ശ്രദ്ധിക്കപ്പെട്ടു. സിനിമയിൽ പാടാൻ അവസരം ലഭിച്ചെങ്കിലും കോവിഡ് ലോക്ഡൗൺ വന്നതോടെ മുടങ്ങി. ഇതിനിടയിലാണ് പ്രജിൻ പ്രതാപ് രേണുകയുടെ വീട് സന്ദർശിക്കുന്നത്. വീടല്ല കൂര ഷീറ്റ് മറച്ച കൂര കണ്ടപ്പോൾ തോന്നിയ ഒരാശയമാണ് രേണുകയ്ക്ക് വീട് നിർമ്മിക്കാൻ ഒരു വഴി കണ്ടെത്തണമെന്ന് തോന്നിയതെന്ന് പ്രജിൻ പ്രതാപ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ നിർമ്മാതാവ് സജിത അജിത്ത് പങ്കെടുത്തു.
