ബംഗലൂരു:ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അടിയന്തരവാദത്തിന് സുപ്രീം കോടതി വിസമ്മതിച്ച സാഹചര്യത്തില്‍ ഒരു കാരണവശാലും കര്‍ണാടക പിയുസി പരീക്ഷകള്‍ക്ക് ഹിജാബ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി ബി സി നാഗേഷ് വ്യക്തമാക്കി.സുപ്രീംകോടതിയില്‍ നടപടികള്‍ തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു.മാര്‍ച്ച് 9-നാണ് കര്‍ണാടക പിയുസി പരീക്ഷകള്‍ തുടങ്ങുന്നത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ഹര്‍ജികള്‍ ഇന്നും പരാമര്‍ശിച്ചു. പരീക്ഷയ്ക്ക് ഇനി അഞ്ച് ദിവസം മാത്രമാണുള്ളതെന്നും അതിനാല്‍ കേസില്‍ ഉടനടി വാദം കേള്‍ക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെട്ടെന്ന വന്ന് പരാമര്‍ശം നടത്തിയാല്‍ കേസ് പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാല്‍ രണ്ട് തവണ ഹര്‍ജികള്‍ പരിഗണിച്ചതാണെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു. ഇതോടെ ഹര്‍ജികള്‍ ഹോളി അവധി കഴിഞ്ഞ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. നേരത്തെ സുപ്രീം കോടതി ഡിവിഷന് ബെഞ്ചിന്റെ ഭിന്നവിധിയെ തുടര്‍ന്ന് ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിലേക്ക് വിട്ടിരുന്നെങ്കിലും ഹര്‍ജി പരിഗണിക്കുന്ന ബെഞ്ച് ഇത് വരെയും രൂപീകരിച്ചിട്ടില്ല.
കര്‍ണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കില്‍ വിഭിന്നവിധികളാണ് കഴിഞ്ഞ ഒക്ടോബറില്‍ ജസ്റ്റിസ് ഹേമന്ത് ഗുപ്ത , ജഡ്ജിയായ ജസ്റ്റിസ് സുധാന്‍ഷു ധൂലിയ എന്നിവരിടങ്ങിയ ബെഞ്ചില്‍ നിന്നുണ്ടായത്. ഹിജാബ് വിലക്ക് ജസ്റ്റിസ് ഹേമന്ത് ഗുപ്ത ശരിവച്ചപ്പോള്‍ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് സുധാന്‍ഷു ധൂലിയ വിലക്ക് റദ്ദാക്കി. ഹിജാബ് ധിരിക്കുന്നത് അനിവാര്യമായ മതാചാരം അല്ലെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു. ഇക്കാര്യത്തില്‍ കര്‍ണ്ണാടക ഹൈക്കോടതി വിധിയോട് യോജിക്കുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം ധരിക്കാനുള്ള ഉത്തരവാദിത്തം വിദ്യാര്‍ത്ഥികള്‍ക്കുണ്ടെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധിച്ചു.മതേതരത്വം എല്ലാ പൗരന്മാര്ക്കും ബാധകമാണ്. എന്നാല്‍ ഒരു മത സമൂഹത്തെ മാത്രം അവരുടെ വസ്ത്രങ്ങളും, മതചിഹ്നങ്ങളും ധരിക്കാന്‍ അനുവദിക്കുനത് മതേതരത്വത്തിന് വിരുദ്ധമാകുമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധി പ്രസ്താവം. യൂണിഫോം തുല്യതയും സമത്വവും ഉറപ്പാക്കാന്‍ സഹായിക്കുമെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധില്‍ പറയുന്നു. ഹിജാബ് നിരോധന ഉത്തരവ് വഴി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയുന്നുമെന്ന് പറയാനാകില്ല.
എന്നാല്‍ ഇന്ത്യയുടെ വൈവിധ്യം ഊട്ടിയുറപ്പിക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് മാറ്റാന്‍ പറയുന്നത് അന്തസ്സിനു നേരെയുള്ള ആക്രമണമെന്നാണ് ജസ്റ്റിസ് സുധാന്‍ഷു ധൂലിയ തന്റെ വിധിയില്‍ വ്യക്തമാക്കുന്നത്. ഇത് സ്വകാര്യതയിലുള്ള കടന്നു കയറ്റമാണ് .മതേതര വിദ്യാഭ്യാസത്തിന്റെ ലംഘനമാണെന്നും വിധിയില്‍ പറയുന്നു. പെണ്‍കുട്ടികളുടെ പഠനം ഉറപ്പാക്കലാണ് പ്രധാനമെന്ന് വിധി പറയുന്ന ജസ്റ്റിസ് ധൂലിയ ഹിജാബ് പല പെണ്‍കുട്ടികള്‍ക്കും പഠിക്കാനുള്ള ടിക്കറ്റാണ് ഇതില്ലെങ്കില്‍ യാഥാസ്ഥിതിക കുടുംബങ്ങള്‍ സ്കൂളില്‍ വിടില്ലെന്നും വിധിയില്‍ പരാമാര്‍ശിക്കുന്നുണ്ട്.
