മൂന്നാം ടെസ്റ്റില്‍ ആസ്ട്രേലിയക്ക് ഒമ്പത് വിക്കറ്റ് ജയം

മൂന്നാം ടെസ്റ്റില്‍ ആസ്ട്രേലിയക്ക് ഒമ്പത് വിക്കറ്റ് ജയം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബെര്‍ത്തുറപ്പിക്കാന്‍ ഇന്ത്യക്ക് അടുത്ത മത്സരം ജയിക്കണം

ഇന്‍ഡോര്‍: ഇന്ത്യക്കെതിരേ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ആസ്ട്രേലിയക്ക് ഒമ്പത് വിക്കറ്റ് വിജയം. 76 റണ്‍സ് വിജയലക്ഷ്യവുമായി മൂന്നാം ദിനമിറങ്ങിയ ആസ്‌ട്രേലിയക്ക് വലിയ പരുക്കുകളില്ലാതെ ലക്ഷ്യത്തിലെത്താന്‍ സാധിച്ചു. വിജയത്തോടുകൂടി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബെര്‍ത്തുറപ്പിക്കാനും അവര്‍ക്കായി. പരാജയം ഉറപ്പിച്ചിറങ്ങിയ ഇന്ത്യക്ക് ഓസീസിന്റെ ഉസ്മന്‍ ഖവാജയുടെ വിക്കറ്റ് മാത്രമാണ് (0) നേടാനായത്. ആര്‍.അശ്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ.എസ് ഭരതിന് ക്യാച്ച് നല്‍കിയാണ് ഖവാജ മടങ്ങിയത്.

നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. 49 റണ്‍സോടെ ട്രോവിസ് ഹെഡും 28 റണ്‍സോടെ മര്‍നസ് ലബുഷെയ്നും ഓസിസ് നിരയില്‍ പുറത്താകാതെ നിന്നു. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി 11 വിക്കറ്റുകള്‍ വീഴ്ത്തിയ നഥാന്‍ ലിയോണാണ് കളിയിലെ താരം. ഇന്‍ഡോറിലെ പരാജയത്തോടുകൂടി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ ഇന്ത്യക്ക് അഹമ്മദാബാദില്‍ ഒമ്പത് മുതല്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ ഫലത്തിനായി കാത്തിരിക്കണം. നേരത്തെ ആസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ ഇന്ത്യ ജയിച്ചതോടെ ദക്ഷിണാഫ്രിക്ക ഫൈനലിലെത്താതെ പുറത്തായിരുന്നു. ആസ്‌ട്രേലിയ ഫൈനലിലെത്തിയതോടെ ഇനി ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ഫൈനല്‍ ബെര്‍ത്തിനായി ഏറ്റുമുട്ടുക.

അതിനാല്‍ തന്നെ അഹമ്മദാബാദിലെ അവസാന മത്സരം ഇന്ത്യക്ക് നിര്‍ണായകമാണ്. മത്സരത്തില്‍ തോറ്റാല്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ഇന്ത്യക്ക് ശ്രീലങ്ക-ന്യൂസിലന്‍ഡ് പരമ്പരയുടെ ഫലം കാക്കേണ്ടിവരും. ന്യൂസിലന്‍ഡിനെ ശ്രീലങ്ക 2-0ന് തോല്‍പ്പിക്കുകയും അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്താല്‍ വിജയശതമാനത്തില്‍ ശ്രീലങ്ക ഇന്ത്യക്ക് മുന്നിലെത്തും. അതേസമയം ന്യൂസിലന്‍ഡ് ലങ്കയെ 2-0 ന് തോല്‍പ്പിക്കുകയാണെങ്കില്‍ ഇന്ത്യക്ക് ഫൈനല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. ആസ്‌ട്രേലിയക്കെതിരേയുള്ള അടുത്ത മത്സരം ഇന്ത്യ ജയിച്ചല്‍ ഒരു ഫലത്തിനും കാത്തുനില്‍ക്കാതെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാം. ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവിലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *