തിരുവനന്തപുരം: അപേക്ഷകളില്‍ എന്താണ് തൊഴില്‍ എന്ന് ചോദിച്ചാല്‍ ‘വീട്ടമ്മ’ എന്ന പദവിയോട് താല്‍പ്പര്യമില്ലെന്ന് കേരളത്തിലെ സ്ത്രീകള്‍. വേണ്ടത് വീട്ടമ്മ എന്ന പദവിയല്ല, മറിച്ച് ജോലിയാണെന്നും കുടുംബശ്രീയുടെ സര്‍വേയിലൂടെ കണ്ടെത്തി. ഇതിനായി കുടുംബശ്രീ നടത്തിയ സര്‍വേയാണ് ‘ തൊഴിലരങ്ങത്തേക്ക് ‘ എന്നത്. ഈ പദ്ധതിയില്‍ 1,20,772 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 19 വയസിനും 59 വയസിനും ഇടയില്‍ പ്രായമായ സ്ത്രീകളില്‍ വലിയ ഒരു ഭാഗം ആളുകളും ജോലിക്ക് പോകാന്‍ താല്പര്യമുള്ളവരാണെന്ന് കുടുംബശ്രീ വഴി നടത്തിയ സര്‍വേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. 41 വയസിനു താഴെയുള്ളവരില്‍ 21 ലക്ഷം സ്ത്രീകളാണ് ഉള്ളതെന്നും ഇതില്‍ ഏഴ് ലക്ഷത്തോളം പേര്’ ജോലിക്കായുള്ള പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതായും കുടുംബ ശ്രീ നടത്തിയ സര്‍വേയില്‍ പറയുന്നു.
കുടുംബ ശ്രീ നടത്തിയ സര്‍വേയില്‍ സംസ്ഥാനത്ത് ജോലിയില്‍ ഇടവേളയെടുത്തിരിക്കുന്നതില് അഞ്ച് ലക്ഷത്തോളം സ്ത്രീകളാണുള്ളതെന്നാണ് കണ്ടെത്തിയിട്ടുളളത്. അതേസമയം ജോലി ഉപേക്ഷിച്ച് ആറ് മാസം മുതല്‍ ഒമ്പത് വര്‍ഷം വരെ എത്തിയവരും കേരള നോളേജ് ഇക്കണോമി മിഷന്റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തൊഴിലിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ സ്ത്രീകള്‍ക്കും ‘തൊഴിലരങ്ങത്തേക്ക്’ എന്ന പദ്ധതിയിലൂടെ ജോലി നല്‍കാനുള്ള ശ്രമത്തിലാണ് കേരള നോളേജ് ഇക്കണോമി മിഷന്.
