കക്കാട് ജി.എല്‍.പി സ്‌കൂളിലെ പുതിയ ക്ലാസ് റൂം ഉദ്ഘാടനംചെയ്തു
മുക്കം: പൊതുവിദ്യാഭ്യാസ സംരക്ഷണത്തില്‍ കക്കാടിലെ ജനത മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ്. പുതിയ കാലത്തിന്റേയും വരാനിരിക്കുന്ന തലമുറയുടേയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ ചുവടുകളാണ് നാട്ടില്‍ കാണുന്നതെന്നും ഇതിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കക്കാട് ഗവ. എല്‍.പി സ്‌കൂളിലെ നിലവിലുള്ള കെട്ടിടത്തില്‍ പുതുതായി നിര്‍മിച്ച ക്ലാസ്‌റൂമിന്റെയും ബാത്ത്‌റൂമിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളിനായി വാങ്ങിയ 22 സെന്റ് സ്ഥലത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ പണിയാനിരിക്കുന്ന ഹൈടെക് കെട്ടിട സമുച്ചയത്തിന് ഭരണാനുമതി ലഭിച്ചതായും സാങ്കേതികാനുമതി കൂടി ലഭിച്ചാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകുമെന്നും എം.എല്‍.എ വ്യക്തമാക്കി. ലോകോത്തര മാതൃകയില്‍ രണ്ടര കോടിയോളം രൂപ ചെലവഴിച്ച് പണിയുന്ന അത്യാധുനിക കെട്ടിട സമുച്ചയത്തിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എം.എല്‍.എ ഫണ്ടില്‍നിന്ന് ഇതിനകം ഒരു കോടി 34 ലക്ഷം രൂപ അനുവദിച്ചതായും എം.എല്‍.എ അറിയിച്ചു.
ചടങ്ങില്‍ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എടത്തില്‍ ആമിന, മുക്കം എ.ഇ.ഒ പി.ഓംകാരനാഥന്‍, കുന്ദമംഗലം ബി.പി.സി പി.കെ മനോജ് കുമാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജാനീസ് ജോസഫ്, പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, എസ്.എം.സി ചെയര്‍മാന്‍ കെ.ലുഖ്മാനുല്‍ ഹഖീം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജോര്‍ജ് എം തോമസ് എം.എല്‍.എയുടെ 2020-21 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പുതിയ ക്ലാസ് റൂം നിര്‍മിച്ചത്. ബാന്റ്മേളങ്ങളുടെ അകമ്പടിയോടെ നടന്ന ചടങ്ങില്‍ എം.എല്‍.എയുടെ പി.എസ് ഹനീഫ മാസ്റ്റര്‍, സ്‌കൂള്‍ രക്ഷാധികാരി ടി.പി.സി മുഹമ്മദ് ഹാജി, സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകരായ സി.ടി അബ്ദുല്‍ഗഫൂര്‍ മാസ്റ്റര്‍, ഇ.പി മെഹറുന്നീസ ടീച്ചര്‍ അടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഒട്ടേറെ പേര്‍ പങ്കാളികളായി. സ്‌കൂളിന്റെ 65ാമത് വാര്‍ഷികാഘോഷത്തിന്റെ സംഘാടകസമിതിയും ചടങ്ങില്‍ രൂപീകരിച്ചു. ഫെബ്രുവരി 24ന്‌നടക്കുന്ന വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടത്തും.