നാദാപുരം: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി നാദാപുരത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഫീല്‍ഡ് പരിശോധന നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുകയും മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുകയും ചെയ്ത വിവിധ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. ചേലക്കാട് ഇ.വി ബേക്കറിയില്‍ ഫ്രീസറില്‍ വിപണനത്തിന് സൂക്ഷിച്ച ഉല്‍പാദന തീയതി രേഖപ്പെടുത്താത്ത അഞ്ച് ബോക്‌സ് സിപ്പപ്പ് ഐസ് വില്‍പ്പന നിര്‍ത്തിവയ്പ്പിച്ചു. സിപ്പപ്പ് വിതരണം ചെയ്ത എടപ്പാള്‍ മാമിയ കമ്പനിക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനു വേണ്ടി ഭക്ഷ്യസുരക്ഷാ അധികൃതര്‍ക്ക് കത്ത് നല്‍കാന്‍ തീരുമാനിച്ചു. ചേലക്കാട് കുളിര്‍മ കൂള്‍ബാര്‍ പരിസരത്ത് പ്ലാസ്റ്റിക്ക് കത്തിച്ചതിനെതിരേ നോട്ടീസ് നല്‍കി.
മുമ്പ് കത്തിച്ചതിന്റെ അവശിഷ്ടവും കടയുടെ പരിസരത്ത് കാണപ്പെട്ടു. ചേലക്കാട് ലൈസന്‍സ് ഇല്ലാതെയും വൃത്തിഹീനമായ നിലയിലും പ്രവര്‍ത്തിച്ച കാര്‍ റിപ്പയര്‍ ഷോപ്പ് അടച്ച് പൂട്ടാന്‍ നോട്ടീസ് നല്‍കി. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെയും പഞ്ചായത്തിന്റെയും അനുമതി ഇല്ലാതെ പ്രവര്‍ത്തിച്ച വാഹന സ്‌പ്രേ പെയിന്റിങ് ഷോപ്പ് അനുമതി ലഭ്യമാകുന്നത് വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുവാന്‍ നോട്ടീസ് നല്‍കി. കുറ്റിപ്പുറം മാര്‍ട്ട് എന്ന സ്ഥാപനത്തിന്റെ പരിസരത്ത് വൃത്തിഹീനമായ രീതിയില്‍ പ്ലാസ്റ്റിക് കൂട്ടിയിട്ടത് വൃത്തിയാക്കുവാന്‍ നോട്ടീസ് നല്‍കി. ചേലക്കാട് ഫില്ലറ്റ് കഫെ എന്ന സ്ഥാപനം അനധികൃതമായി കൂട്ടിയെടുത്ത ഷവര്‍മ ഉണ്ടാക്കുന്ന സ്ഥലം നീക്കം ചെയ്യുന്നതിന് നോട്ടീസ് നല്‍കി. ചേലക്കാട് ടൗണില്‍ ഫുട്പാത്തില്‍ വില്‍പ്പന സാധനങ്ങള്‍ വച്ചതിന് മര്‍വ സ്റ്റോര്‍ എന്ന സ്ഥാപനത്തിന് നോട്ടീസ് നല്‍കി.
വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ആകെ 3,000 രൂപ പിഴ ഈടാക്കി .പരിശോധനയില്‍ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ പരിശോധനയും മലിനജലം പുറത്തേക്ക് ഒഴുക്കുന്നത് കണ്ടുപിടിക്കുന്നതിനുമാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പരിശോധന തുടരുമെന്നും പ്ലാസ്റ്റിക് കത്തിച്ചാല്‍ പുതിയ ബൈലോ പ്രകാരം 25000 രൂപ വരെ പിഴ ഈടാക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.

