- ഇതരജാതിക്കാരനുമായി പ്രണയം
ലക്‌നൗ: ഇതരജാതിക്കാരനെ പ്രണയിച്ചതില്‍ മകളെ ഈര്‍ച്ചവാള്‍കൊണ്ട് കഴുത്തറുത്ത് കൊന്ന് അച്ഛന്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം.സംഭവത്തില്‍ പ്രതിയായ മനോജ് റത്തോഡി(42)നെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മൂത്തമകള്‍ രുചി റാത്തോഡി(19)നെയാണ് കൊല ചെയ്തത്.
വെള്ളിയാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ രുചി റാത്തോഡിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ മുകളിലെ റൂമില്‍ നിന്നും മകള്‍ വരാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിനോട് തിരക്കിയപ്പോഴാണ് മകളെ കൊന്ന കാര്യം മനോജ് ഭാര്യയോട് പറഞ്ഞത്. ഇതോടെ അമ്മ പോലിസിനെ വിവരമറിയിക്കുകയായിരുന്നു.
മനോജ്-നഗീന ദമ്പതിമാരുടെ മക്കളില്‍ മൂത്തയാളാണ് രുചി. രുചി ഇതരജാതിയില്‍പ്പെട്ടയാളുമായി പ്രണയത്തിലായിരുന്നു. ഇതരജാതിയില്‍ ആയതിനാല്‍ മനോജ് പ്രണയത്തെ എതിര്‍ത്തു. എന്നാല്‍, പെണ്‍കുട്ടി യുവാവുമായുള്ള ബന്ധം തുടര്‍ന്നു. കഴിഞ്ഞ ദിവസം മനോജ് വീട്ടിലെത്തിയപ്പോള്‍ മകള്‍ക്കൊപ്പം കാമുകനെയും കണ്ടു. തുടര്‍ന്നാണ് കൊലപാതകം ചെയ്തത്.
വ്യാഴാഴ്ച അര്‍ധരാത്രി വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന മകളെ ഈര്‍ച്ചവാള്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി. പ്രതയായ മനോജ് റാത്തോഡ് വള നിര്‍മണ യൂണിറ്റിലെ ജോലിക്കാരനാണെന്ന് ഫിറോസാബാദ് നോര്‍ത്ത് എസ്.എച്ച്.ഒ നരേന്ദ്രകുമാര്‍ ശര്‍മ പറഞ്ഞു.