സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാവുന്ന വാഹനാപകടങ്ങള്‍ ഏതൊരാളുടെയും മനസ്സില്‍ വിഷമമുണ്ടാക്കുന്നതാണ്. എല്ലാ ദിവസവും അപകട വാര്‍ത്തയുമായാണ് നമ്മുടെ മാധ്യമങ്ങള്‍ പുറത്ത് വരാറുള്ളത്. അത്യന്തം വേദനാജനകമായ ഈ സാഹചര്യം ഒഴിവാക്കാന്‍ എന്താണ് മാര്‍ഗ്ഗമെന്ന് കേരളത്തിലെ ഓരോരുത്തരും ചിന്തിക്കണം. എങ്ങിനെ നിരത്തുകളില്‍ പൊലിയുന്ന ജീവനുകള്‍ ഒഴിവാക്കാം എന്നതിലേക്ക് നമ്മളോരോരുത്തരും എത്തിച്ചേരണം. ഡ്രൈവിംങ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. വാഹനമോടിക്കുമ്പോള്‍ എല്ലാ മാനദണ്ഡങ്ങളും പാലിക്കാന്‍ വാഹിനമോടിക്കുന്നയാള്‍ ബാധ്യസ്ഥനാണ്. റോഡിലെ മറ്റു വാഹനങ്ങളില്‍ തട്ടാതെ, കാല്‍നട യാത്രക്കാരുടെ സുരക്ഷയെ കരുതി അതീവ ശ്രദ്ധയോടെ വേണം വാഹനമോടിക്കാന്‍. ഇതിലുണ്ടാവുന്ന അലംഭാവവും, അശ്രദ്ധയുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ ചെറുപ്പക്കാരാണ് എന്നത് കാണാതിരുന്നുകൂടാ. അമിത വേഗതയില്‍ വാഹനമോടിക്കുമ്പോള്‍ ഇണ്ടാകുന്ന അപകടമാണ് നമ്മുടെ കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്നത്. ഇരുചക്ര വാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കാതിരിക്കുമ്പോള്‍ അപകടത്തിന്റെ തീവ്രത വര്‍ദ്ധിക്കും. ഹെല്‍മറ്റടക്കമുള്ള സുരക്ഷിത ഡ്രൈവിംങ് ഉറപ്പാക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച ക്യാമറകള്‍ ഇപ്പോള്‍ പലയിടത്തും പ്രവര്‍ത്തന രഹിതമാണ്. ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഇത്തരം പദ്ധതികള്‍ വഴിയില്‍വെച്ച് നിലച്ച് പോകുന്നതും കാണാതിരുന്നുകൂടാ. സുരക്ഷയടക്കമുള്ള കാര്യങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികളുടെ തുടര്‍ച്ച കൃത്യമല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ക്വാളിറ്റിയുള്ള പ്രൊഡക്ടുകള്‍ ഉപയോഗിച്ചാല്‍ ഇവയുടെ അകാല ചരമം ഒഴിവാക്കാനാകും.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ വാഹന ഉപയോഗം മൂലമുണ്ടായ അപകടങ്ങളും വാര്‍ത്തയാവുന്നുണ്ട്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ വാഹനമോടിക്കുന്നത് ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം.
പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ട്രാഫിക് പൊലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കൂടുതല്‍ ഇടപെട്ടാല്‍ വാഹനാപകടം കുറയ്ക്കാനാവും. അതുപോലെ വാഹനാപകടമുണ്ടാക്കുന്നവരുടെ പേരിലെടുക്കുന്ന ശിക്ഷാ നടപടികള്‍ കര്‍ശനമാക്കണം. ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകളുടെ തുടര്‍ച്ചയായ പരിശോധന നമ്മുടെ നിരത്തുകളില്‍ നടക്കണം.
