സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന മള്‍ട്ടി നാഷണല്‍ സൊസൈറ്റിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളും, അതിനെ തുടര്‍ന്ന് സ്ഥാപനത്തിന്റെ ചെയര്‍മാനെ പൊലീസ് അറസ്റ്റ് ചെയ്തതും ഇന്നലെയാണ്. ഏത് പ്രസ്ഥാനത്തിലും ക്രമക്കേട് കണ്ടാല്‍ നടപടിയെടുക്കേണ്ടത് പൊലീസാണ്. പരാതി ലഭിച്ചാല്‍ അതില്‍ സത്യസന്ധമായി അന്വേഷണം നടത്തി, തെറ്റുചെയ്തവരെ നിയമത്തിന്റെ മുന്പില് കൊണ്ട് വരേണ്ടത് നിയമപാലകരുടെ കടമയാണ്. പൊലീസെടുക്കുന്ന നിയമ നടപടികളെ കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അവകാശവുമുണ്ട്. പൊതുജനങ്ങളില്‍ നിന്ന് പണം ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമാണ്. സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകളുടെ വകുപ്പുകളുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം യഥാസമയങ്ങളില്‍ പരിശോധന നടത്താന്‍ സര്‍ക്കാരുകള്‍ അമാന്തിക്കരുത്.
ഓരോ വ്യക്തിയും അദ്ധ്വാനിച്ചുണ്ടാക്കുന്ന പണമാണ് ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നത്. അതുകൊണ്ട് തന്നെ നിക്ഷേപത്തിന് ഗ്യാരണ്ടി ഉറപ്പാക്കാന്‍, ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കുന്ന സര്‍ക്കാരുകള്‍ക്കുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ നിലനില്‍പ്പ് ക്രമക്കേട്മൂലം അപകടത്തിലായാല്‍ ആയിരക്കണക്കിന് നിക്ഷേപകരും, അവരില്‍ നിന്ന് ഈ പണം കലക്ട് ചെയ്ത് സ്ഥാപനങ്ങളിലെത്തിക്കുന്ന ഏജന്റുമാരുമാണ് പ്രതിസന്ധിയിലാവുക. സംസ്ഥാനത്ത് ഇത്തരം സ്ഥാപനങ്ങള്‍ തകര്‍ന്ന് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. ജോലിയില്‍ നിന്ന് പിരിയുമ്പോള്‍ ലഭിച്ച തുക, മക്കളുടെ കല്ല്യാണത്തിന് കരുതിവെച്ച കാശ്, ചികിത്സയ്ക്ക് മാറ്റിവച്ച പണം, ഭൂമി വിറ്റ് കിട്ടിയ പണം, ജീവിത ചിലവ് കഴിച്ച് സ്വരൂപിച്ചുണ്ടാക്കുന്ന പണം എന്നിവയൊക്കെയാണ് ഇത്തരം ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നത്. പണം നഷ്ടപ്പെട്ട് സമരവും, സത്യാഗ്രഹവുമായി, ജീവിത സങ്കടങ്ങള്‍ എണ്ണി പറയുന്നവരും നിലവിലുണ്ട്.
ഇന്നലെയുണ്ടായ ബിഎല്‍എം മള്‍ട്ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്റെ അറസ്റ്റിനോടനുബന്ധിച്ച് സൊസൈറ്റി ഭാരവാഹികള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തങ്ങള്‍ക്കെതിരെ കോഴിക്കോട്ടെ ഒരു സൊസൈറ്റി നിരന്തരം കുപ്രചരണം നടത്തുകയാണെന്ന് പറയുകയുണ്ടായി. ഇത്തരം പ്രവണതകള്‍ സഹകരണ മേഖലയ്ക്ക് അനുഗുണമാണോ എന്നാണ് എല്ലാവരും ചിന്തിക്കേണ്ടത്. വളരെ ചെറിയ രൂപത്തില്‍ ആരംഭിച്ച് ജനവിശ്വാസമാര്‍ജ്ജിച്ച് വളര്‍ന്നുവരുന്ന സ്ഥാപനങ്ങള്‍ നല്ല നിലയില്‍ നിലനില്‍ക്കേണ്ടത് അതിലെ അംഗങ്ങളുടെയും, നാടിന്റെയും ആവശ്യമാണ്. വ്യക്തികള്‍ തമ്മിലുള്ള പടലപിണക്കങ്ങള്‍ സ്ഥാപനങ്ങളുടെ അടിവേരിളക്കുമ്പോള്‍ നഷ്ടമുണ്ടാകുന്നത് സ്ഥാപനങ്ങളെ വിശ്വസിച്ച് നിക്ഷേപം നടത്തിയവര്‍ക്കാണ്. സാമ്പത്തിക സ്ഥാപനങ്ങളില്‍ ക്രമക്കേടുണ്ടെങ്കില്‍ അതിലിടപെടാന്‍ ഓംബുഡ്സ്മാന് അടക്കമുള്ള സംവിധാനങ്ങളുണ്ട്. ഓരോ സ്ഥാപനങ്ങളും കുറ്റമറ്റ രീതിയില്‍ മുന്നോട്ട് പോകുമ്പോഴാണ് നാട് ഐശ്വര്യപ്രദമാകുന്നത്. അതുകൊണ്ട് തന്നെ ക്രമക്കോടുകളില്ലാതെ മികച്ച രീതിയില്‍ സഹകരണ മേഖലയിലെ സ്ഥാപനങ്ങള്‍ മുന്നോട്ടുപോകാന്‍ ജാഗ്രത പുലര്‍ത്തണം.
