ഒരു മുതിര്‍ന്ന പൗരനും ഒറ്റയ്ക്കാകരുത്; വയോജന ബില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വയോജന സംരക്ഷണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി. മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവ് ലഭിക്കും. സ്വത്ത് കൈക്കലാക്കാന്‍ ശ്രമിച്ചാലും ശിക്ഷയുണ്ടാകും. വീട്ടില്‍ നിന്ന് ഇറക്കിവിടുന്നതും കുറ്റകൃത്യമാണ്. ബില്‍ അവതരിപ്പിച്ചതില്‍ അഭിമാനമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. ഒരു മുതിര്‍ന്ന പൗരനും ഒറ്റയ്ക്കായി പോയി എന്ന ചിന്ത ഉണ്ടാകരുത് എന്ന ലക്ഷ്യമാണ് വയോജന ബില്ലിനുള്ളത് എന്ന് മുഖ്യമന്ത്രില വ്യക്തമാക്കി. കേരളത്തിലെ മുഴുവന്‍ മുതിര്‍ന്ന പൗരന്‍മാരുടെയും ഡേറ്റ സര്‍ക്കാരിന്റെ കയ്യിലുണ്ട്. അതില്‍ നിന്ന് പരിചരണം ആവശ്യമുള്ളവരെ കണ്ടെത്താനാകും. അവര്‍ക്ക് സംരക്ഷണവും അവകാശവും ഉണ്ടാകണം. വയോജനങ്ങള്‍ക്ക് പരിചരണം നല്‍കാന്‍ കെയര്‍?ഗീവേഴ്‌സ് കോഴ്‌സ് തുടങ്ങുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.
രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ചിരിക്കുകയാണ് കേരളം. അവരുടെ പരിചരണത്തിനും അവകാശ സംരക്ഷണത്തിനുമായിട്ടാണ് പ്രത്യേക നിയമം. മുതിര്‍ന്ന പൗരന്‍മാരെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടാലും മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചാലും മൂന്ന് വര്‍ഷം വരെ തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ. കൈവശമുള്ള സ്വത്തോ സാധനങ്ങളോ തട്ടിയെടുക്കാന്‍ ശ്രമിച്ചാലും സംരക്ഷണം നല്‍കാതെ ഉപേക്ഷിച്ചാലും ശിക്ഷ ഉറപ്പാക്കും.
സ്വന്തം വീട്ടില്‍ കഴിയാന്‍ ആഗ്രഹിച്ചാല്‍ എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കും. എല്ലാ പൊതുകെട്ടിടങ്ങളും മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ നിര്‍മ്മിക്കും. ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ വലിയ അക്ഷരങ്ങള്‍, ലളിതമായ ഇന്റര്‍ഫെസുകള്‍ എന്നിവ ഉറപ്പാക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വയോജന സൗകര്യ ഡസ്‌ക്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസന്‍ ഹെല്പ് ലൈന്‍ സംവിധാനം തുടങ്ങും. ഇന്‍ഷുറന്‍സ് പദ്ധതികള്‍, ആരോഗ്യ പരിരക്ഷ സൗകര്യങ്ങള്‍, ഭക്ഷ്യ സുരക്ഷ എന്നിവയും ഉറപ്പാക്കും. മുഖ്യമന്ത്രി വി ഡി സതീശന്‍ ഈ സമ്മേളന കാലയളവില്‍ ബില്‍ അവതരിപ്പിക്കും.
