ഷാജു എസ്. ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍

ഷാജു എസ്. ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍

കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ചെയര്‍മാനായി ഷാജു എസ്. തിരഞ്ഞെടുക്കപ്പെട്ടു. സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ചീഫ് ജനറല്‍ മാനേജര്‍ കെ. പ്രവീണ്‍ കുമാറിനാണ് മാനേജിങ് ഡയറക്ടറുടെ ചുമതല.
മുന്‍ ചെയര്‍മാന്‍ രമേശന്‍ പാലേരിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്. യുഎല്‍സിസിഎസിന്റെ വളര്‍ച്ചയ്ക്കും വെവിധ്യവല്‍ക്കരണത്തിനും ആധുനികീകരണത്തിനും രമേശന്‍ പാലേരി നല്‍കിയ നേതൃത്വവും നിര്‍ണായകസംഭാവനകളും ഡയറക്ടര്‍ ബോര്‍ഡ് അനുസ്മരിച്ചു.
1997-ല്‍ യുഎല്‍സിസിഎസില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ച ഷാജു എസ്. പിന്നീട് സ്ഥാപനത്തിന്റെ വിവിധ ചുമതലകള്‍ നിര്‍വ്വഹിച്ചശേഷം 2009 മുതല്‍ 17 വര്‍ഷക്കാലം സെക്രട്ടറിയും എംഡിയുമായി പ്രവര്‍ത്തിച്ചു. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെയും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെയും അടുത്തറിഞ്ഞ ദീര്‍ഘകാലപരിചയമാണ് അദ്ദേഹത്തിന്റെ പ്രധാന കരുത്ത്.
യുഎല്‍സിസിഎസിന്റെ വളര്‍ച്ചയുടെ നിര്‍ണായകഘട്ടങ്ങളില്‍ രമേശന്‍ പാലേരിയോടൊപ്പം അടുത്തുനിന്നു പ്രവര്‍ത്തിച്ച വ്യക്തിയാണ് ഷാജു എസ്. യുഎല്‍ സൈബര്‍ പാര്‍ക്ക്, യുഎല്‍ ടെക്‌നോളജി സൊല്യൂഷന്‍സ് (ULTS) തുടങ്ങി സൊസൈറ്റിയുടെ വിവിധ അനുബന്ധ സ്ഥാപനങ്ങളുടെ രൂപവത്ക്കരണത്തിലും വളര്‍ച്ചയിലും അദ്ദേഹം സജീവമായി പങ്കാളിയായി. ഈ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന് അവയുടെ പ്രവര്‍ത്തനവും വികസനസാധ്യതകളും സംബന്ധിച്ച് അടുത്തറിയുന്ന അനുഭവസമ്പത്തുണ്ട്.
സൊസൈറ്റിയുമായി ഉറ്റബന്ധമുള്ള ആളാണ് പുതിയ ചെയര്‍മാന്‍. മുത്തച്ഛന്‍ എസ്. കണാരനും അദ്ദേഹത്തിന്റെ പിതാവ് എം. പൊക്കായിയും ഒരു നൂറ്റാണ്ടു മുമ്പ് ഊരാളുങ്കല്‍ സൊസൈറ്റിക്കു രൂപം നല്‍കിയ 14-അംഗ പ്രമോട്ടിങ് കമ്മിറ്റിയിലെ അംഗങ്ങളും സൊസൈറ്റിയുടെ സ്ഥാപകാംഗങ്ങളും ആത്മവിദ്യാസംഘം പ്രവര്‍ത്തകരും ഗുരു വാഗ്ഭടാനന്ദന്റെ ശിഷ്യരും ആയിരുന്നു. ഷാജുവിന്റെ പിതാവ് എസ്. കുമാരന്‍ സൊസൈറ്റിയില്‍ തൊഴിലാളിയും ദീര്‍ഘകാലം ലീഡറും പിന്നീട് ഡയറക്ടറും ആയിരുന്നു. രമേശന്‍ പാലേരി നടപ്പാക്കിയ പ്രധാന വികസനപ്രവര്‍ത്തനങ്ങളിലും പദ്ധതികളിലും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച അനുഭവം പുതിയ നേതൃത്വത്തിനു വലിയ കരുത്താണ്. രമേശന്‍ പാലേരി സ്വപ്നം കണ്ട വികസനസങ്കല്‍പ്പങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്കു തുടര്‍ച്ച നല്‍കുന്നതിനും യുഎല്‍സിസിഎസിനെ കൂടുതല്‍ ഉയരങ്ങളിലേക്കു നയിക്കുന്നതിനുമാണ് ഷാജു എസ്. ലക്ഷ്യമിടുന്നത്.
നിര്‍മ്മാണ – അടിസ്ഥാനസൗകര്യ മേഖലകളിലെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം, കേരളത്തിനു പുറത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും അന്താരാഷ്ട്രതലത്തിലേക്കും യുഎല്‍സിസിഎസിന്റെ പ്രവര്‍ത്തനങ്ങളും പദ്ധതികളും എത്തിക്കുകയും ചെയ്യുന്നതിനാണു ലക്ഷ്യമിടുന്നത്. ഐടി, റിയല്‍ എസ്റ്റേറ്റ്, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാനും ലക്ഷ്യമുണ്ട്.
പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിച്ച് പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സാമ്പത്തികസുസ്ഥിരത ശക്തിപ്പെടുത്തുക, അംഗങ്ങളുടെയും ജീവനക്കാരുടെയും ക്ഷേമം ഉറപ്പാക്കുക എന്നിവയ്ക്കും മുന്‍ഗണന നല്‍കുമെന്ന് ചെയര്‍മാന്‍ ഷാജു എസ്. അറിയിച്ചു.
തൊഴിലാളിസഹകരണത്തിന്റെ മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട്, രമേശന്‍ പാലേരി സ്വപ്നം കണ്ട യുഎല്‍സിസിഎസിനെ കൂടുതല്‍ ശക്തവും സുസ്ഥിരവും ആഗോളസാന്നിധ്യമുള്ളതുമായ സ്ഥാപനമാക്കി വളര്‍ത്തുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

 

ഷാജു എസ്. ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍

Share

Leave a Reply

Your email address will not be published. Required fields are marked *