ടി. ഷാഹുല്‍ ഹമീദ്
വായ്പയെടുത്ത് (EMI) മൊബൈല്‍ ഫോണുകളും ടാബ്ലെറ്റുകളും വാങ്ങുന്നവര്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍, ഉപകരണം ഭാഗികമായി ‘ലോക്ക്’ ചെയ്യാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കുന്ന പുതിയ ഉത്തരവ് റിസര്‍വ് ബാങ്ക് (RBI) പുറത്തിറക്കിയിരിക്കുകയാണ്.
അടവ് മുടങ്ങി 30 ദിവസം വരെ ഫോണില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാടില്ല. കുടിശ്ശിക 60 ദിവസം കഴിഞ്ഞാല്‍ മാത്രമേ പൂര്‍ണ്ണ തോതിലുള്ള ലോക്കിംഗ് സാധ്യമാകൂ.
ലോക്ക് ചെയ്യുന്നതിന് മുന്‍പ് നിര്‍ബന്ധമായും നോട്ടീസ് നല്‍കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും, ഇത് ഏത് രീതിയില്‍ ഉപഭോക്താവിലേക്ക് എത്തിക്കുമെന്നതില്‍ വ്യക്തത വരാനുണ്ട്.
ലോണ്‍ എടുക്കുമ്പോള്‍ ഉപഭോക്താവ് ഒപ്പിട്ടു നല്കുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ലോക്ക് ചെയ്യാനാകൂ. എന്നാല്‍ അടിയന്തര ആവശ്യത്തിന് വായ്പയെടുക്കുമ്പോള്‍ നിബന്ധനകള്‍ ശ്രദ്ധിക്കാതെ ഒപ്പിട്ടു നല്കുന്ന സാധാരണക്കാര്‍ക്ക് ഇത് വലിയൊരു ചതിക്കുഴിയാകാന് സാധ്യതയുണ്ട്.
ഇന്റര്‍നെറ്റ്, ഇന്‍കമിംഗ് കോളുകള്‍, എമര്‍ജന്‍സി SOS സേവനങ്ങള്‍, സര്‍ക്കാരിന്റെ ജാഗ്രതാ സന്ദേശങ്ങള്‍ എന്നിവ തടയരുത് എന്നത് ആശ്വാസകരമാണ്. എന്നാല്‍ ഔട്ട്ഗോയിംഗ് കോളുകള്‍ തടയുന്നത് ഉപഭോക്താവിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ്.
ലോക്ക് ചെയ്ത ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ പാടില്ലെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ഇതിന്റെ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
കുടിശ്ശിക തിരിച്ചടച്ച് ഒരു മണിക്കൂറിനുള്ളില്‍ ലോക്ക് നീക്കണം. വീഴ്ച വരുത്തിയാല്‍ വൈകുന്ന ഓരോ മണിക്കൂറിനും 250 രൂപ വീതം വായ്പാ സ്ഥാപനം ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം. എന്നാല്‍ ഇത് പ്രായോഗികമായി ലഭിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്നതില്‍ ആശയക്കുഴപ്പമുണ്ട്.
വായ്പ പൂര്‍ണ്ണമായി തിരിച്ചടച്ചാല്‍ ലോക്കിംഗ് ആപ്പുകള്‍ നീക്കം ചെയ്യാന്‍ അവകാശമുണ്ട്. പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് സാധാരണക്കാര്‍ക്ക് എത്രത്തോളം അനുകൂലമാകുമെന്ന് കണ്ടറിയണം.
ചുരുക്കത്തില്‍, കമ്പനികളുടെയും വ്യാപാരികളുടെയും ആകര്‍ഷകമായ ഓഫറുകളില്‍ വീണുപോയി ലോണെടുക്കുന്നവരോട് പുതിയ റിസര്‍വ് ബാങ്ക് ഉത്തരവ് അത്ര കരുണ കാണിക്കുന്നില്ല എന്ന് തന്നെ പറയേണ്ടി വരും.
വായ്പയെടുക്കുമ്പോള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
മാസവരുമാനത്തിന്റെ 40%-ല്‍ കൂടുതല്‍ തുക മൊത്തം ഇ.എം.ഐ ആയി പോകുന്ന അവസ്ഥ ഒഴിവാക്കുക. കൃത്യമായി തിരിച്ചടയ്ക്കാന്‍ കഴിയുന്ന തുക മാത്രം വായ്പയെടുക്കുക.
പലിശ നിരക്ക്, പ്രോസസിംഗ് ചാര്‍ജ്, ഫോര്‍ക്ലോഷര്‍ ചാര്‍ജ്, മറഞ്ഞിരിക്കുന്ന മറ്റ് നിരക്കുകള്‍ (Hidden Charges) എന്നിവ വ്യക്തമായി മനസ്സിലാക്കിയ ശേഷം മാത്രം ഒപ്പിടുക.
സിബില്‍ സ്കോര്‍ (CIBIL Score) കുറയുകയും ഭാവിയില്‍ മറ്റ് വായ്പകള്‍ ലഭിക്കാതാവുകയും ചെയ്യും.
അടവ് മുടങ്ങുന്ന ഓരോ മാസത്തിനും അധിക പിഴപ്പലിശ നല്‍കേണ്ടി വരും.
ഗാഡ്ജറ്റുകളും വാഹനങ്ങളും ഭാഗികമായോ പൂര്‍ണ്ണമായോ ലോക്ക് ചെയ്യാനോ കൈവശപ്പെടുത്താനോ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ടായിരിക്കും.
ഈട് നല്കുന്ന വായ്പകളില്‍ (Gold/Property Loan) വസ്തുവകകള്‍ ലേലം ചെയ്തു പിടിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ട്.
ആര്.ബി.ഐ അംഗീകാരമുള്ള ബാങ്കുകളില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ (NBFC) നിന്നോ മാത്രം വായ്പയെടുക്കുക. തട്ടിപ്പ് ആപ്പുകളെ പൂര്‍ണ്ണമായി ഒഴിവാക്കുക.
കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളുടെ പിന്നാലെ പോകാതെ, കൃത്യമായ തിരിച്ചടവ് ഉറപ്പുണ്ടെങ്കില്‍ മാത്രം EMI വ്യവസ്ഥയില്‍ ഗാഡ്ജറ്റുകള്‍ വാങ്ങുക. ശ്രദ്ധിച്ചില്ലെങ്കില്‍ മനസ്സമാധാനത്തോടൊപ്പം നിങ്ങളുടെ വിലപിടിപ്പുള്ള ഫോണും ലാപ്ടോപ്പും നഷ്ടപ്പെടാന്‍ ഈ പുതിയ ഉത്തരവ് കാരണമായേക്കാം.
