എന്‍. രാജേഷ് സ്മാരക പുരസ്‌കാരം ‘ദി വയറി’ന്

എന്‍. രാജേഷ് സ്മാരക പുരസ്‌കാരം ‘ദി വയറി’ന്

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാധ്യമം ന്യൂസ് എഡിറ്ററും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ നേതാവുമായിരുന്ന എന്‍.രാജേഷിന്റെ സ്മരണാര്‍ഥം മാധ്യമം ജേര്‍ണലിസ്റ്റ്‌സ് യൂനിയന്‍ (എം.ജെ.യു)ഏര്‍പ്പെടുത്തിയ അഞ്ചാമത് ‘എന്‍.രാജേഷ് സ്മാരക പുരസ്‌കാരം’ പ്രമുഖ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ ‘ദി വയറി’ന് ((The Wire).
നിര്‍ഭയവും അന്വേഷണാത്മകവുമായ മാധ്യമപ്രവര്‍ത്തനത്തിലൂടെ വേറിട്ട മാധ്യമ സംസ്‌കാരത്തിന് ‘ദി വയര്‍’ വഴി തുറന്നെന്നും അതിനുള്ള അംഗീകാരമായാണ് പുരസ്‌കാരം നല്‍കുന്നതെന്നും എം. ജെ. യു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ‘ദി വയര്‍’ പോര്‍ട്ടല്‍ മുഖ്യധാര മാധ്യമങ്ങള്‍ അവഗണിച്ച വാര്‍ത്തകളെയും സംഭവങ്ങളെയും പൊതുജന ചര്‍ച്ചക്കായി തുറന്നുവെച്ചു. അതുവഴി, ഭരണകൂട വേട്ടക്കും പലകുറി ഇരയായി. ഏറ്റവും ഒടുവില്‍, അസമില്‍ ഹിമന്ത സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാണിച്ചതിന്റെ പേരില്‍ ‘ദി വയറി’ന്റെ സാരഥികളായ കരണ്‍ ഥാപ്പര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റിന്റെ നിഴലിലാണ്. ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും കാവലാളായി പ്രവര്‍ത്തിക്കുന്ന ഈ മാധ്യമ സ്ഥാപനത്തോടുള്ള എം.ജെ.യുവിന്റെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം കുടിയാണ് പുരസ്‌കാരമെന്നും ഭാരവാഹികള്‍ പറഞ്ഞു.
25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2025 ഒക്ടോബര്‍ 21ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് അളകാപുരി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീകര്‍ എ.എന്‍ ഷംസീര്‍ പുരസ്‌കാര ദാനം നിര്‍വഹിക്കും. ‘ദി വയറി’നുവേണ്ടി ഡയറക്ടറും സ്ഥാപക പത്രാധിപരില്‍ ഒരാളുമായ എം.കെ വേണു പുരസ്‌കാരം ഏറ്റുവാങ്ങും. കവിയും എഴുത്തുകാരനുമായ പി.എന്‍ ഗോപീകൃഷ്ണന്‍ ‘ഇന്ത്യന്‍ മാധ്യമ ലോകം-പരിണാമം, വര്‍ത്തമാനം’ എന്ന വിഷയത്തില്‍ എന്‍.രാജേഷ് സ്മാരക പ്രഭാഷണം നടത്തും.
മാധ്യമം ചീഫ് എഡിറ്റര്‍ ഒ. അബ്ദുറഹ്‌മാന്‍, കെ.യു.ഡബ്ല്യൂ.ജെ പ്രസിഡന്റ് കെ.പി റെജി, കോഴിക്കോട് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ഇ.പി മുഹമ്മദ്, കെ.എന്‍.ഇ.എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം. അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ മാധ്യമം ജേര്‍ണലിസ്റ്റ്‌സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എം. ഫിറോസ് ഖാന്‍, സെക്രട്ടറി സുല്‍ഹഫ്, ട്രഷറര്‍ എ.ബിജുനാഥ്, കെ. യു. ഡബ്ല്യു. ജെ. സംസ്ഥാന കമ്മിറ്റി അംഗം പി. വി. അരവിന്ദാക്ഷന്‍, പുരസ്‌കാര സമിതി കണ്‍വീനര്‍ പി.പി ജുനൂബ് എന്നിവര്‍ പങ്കെടുത്തു.

 

 

 

എന്‍. രാജേഷ് സ്മാരക
പുരസ്‌കാരം ‘ദി വയറി’ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *