2010ലെ സാഹിത്യനോബേല്‍ പുരസ്‌കാര ജേതാവും ലോകമെങ്ങും വായനക്കാര്‍ ഇഷ്ടപ്പെടുന്ന പെറുവിലെ എഴുത്തുകാരന്‍ മരിയോ വര്‍ഗാസ് യോസ വിടവാങ്ങി. ബൗദ്ധിക പ്രകാശം നിറഞ്ഞ രചനാശൈലിയിലൂടെ യോസ വായനക്കാരെ ത്രസിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ അരനൂറ്റാണ്ടിലധികമുള്ള എഴുത്തുജീവിതം മനുഷ്യസമൂഹത്തിന്റെ നിലനില്‍പിന് വേണ്ടിയുള്ളതായിരുന്നു.
അത് അധികാര ശക്തികളും മനുഷ്യതമ്മിലുള്ള പ്രയാസകരമായ ബന്ധങ്ങളെ അനാവരണം ചെയ്തു. ഇത്തരത്തില്‍ ഒരുഡസനോളം നോവലുകളും നാടകങ്ങളും സാഹിത്യ വിമര്‍ശനങ്ങളും അദ്ദേഹം രചിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സ്വേച്ഛാധിപത്യ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുകയും ജനാധിപത്യത്തിനായുള്ള സമരങ്ങള്‍ക്ക് ശക്തിപകരുകയും ചെയ്തു. മിലിട്ടറി അക്കാദമിയില്‍ ചിലവഴിച്ച കൗമാരകാലത്തെ അനുഭവങ്ങള്‍ ആസ്പദമാക്കി രചിച്ച ദ് ടൈം ഓഫ് ദ് ഹീറോ( 1963) ആണ് പ്രഥമ നോവല്‍.മലയാളികള്‍ക്ക് അദ്ദേഹത്തിന്റെ ദ് റിയല്‍ ലൈഫ് ഓഫ് അയഹാന്ദ്രോ മലയ്ക്കയാണ് പ്രിയപ്പെട്ട കൃതി എന്ന് നിരൂപകര്‍ വിലയിരുത്തുന്നുണ്ട്. പെറുവിലെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനവും കേരളത്തില്‍ അറുപതുകളില്‍ നടന്ന മാവോയിസ്റ്റ് ആക്രമണങ്ങളും ഈകൃതിയുടെ പശ്ചാത്തലത്തില്‍ വായിക്കാവുന്നതാണ്. യുവത്വത്തി ലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം അദ്ദേഹം പില്‍കാലത്ത് ഉപേക്ഷിക്കുന്നതായാണ് കാണുന്നത്. പെറുവിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
രാഷ്ട്രീയ നോവലുകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. ദി ഗ്രീന്‍ ഹൗസ് എന്ന നോവല്‍ എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തിന്റെ രചനകളില്‍ അതിരില്ലാത്ത ലൈംഗികത്വം പ്രകടമാണ്. ഐ ഗിവ് യു മൈ സൈലന്‍സ്( നിങ്ങള്‍ക്ക് ഞാനെന്റെ മൗനം തരുന്നു) എന്നതാണ് അവസാന നോവാല്‍. കോണ്‍വര്‍സേഷന്‍ ഇന്‍ ദി കത്തീഡ്രല്‍, ജൂലിയ ആന്റ് ദി സ്‌ക്രിപ്റ്റ് റൈറ്റര്‍. ദി ഫിയസ്റ്റ് ഓഫ് ദി ഗോട്ട് എ ഫിഷ് ഇന്‍ദി വാട്ടര്‍ എന്നിവയാണ് പ്രമുഖ കൃതികള്‍. രാഷ്ട്രീയം ഇതിവൃത്തമായ നോവലുകളാണ് ഭൂരിപക്ഷമെങ്കിലും കഥ കഥക്ക് വേണ്ടിയെന്ന കാഴ്ചപാടിലും അദ്ദേഹം രചന നടത്തിയിട്ടുണ്ട്.
ദി സ്റ്റോറി ടെല്ലര്‍ എന്ന നോവലില്‍ കഥ പറച്ചിലുകള്‍ എന്നിങ്ങനെയാണ് മനുഷ്യരെ കൂട്ടിമുട്ടിക്കുന്നതെന്ന് ഈ രചനയിലൂടെ വരച്ച് കാണിച്ചിട്ടുണ്ട് യോസ. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ മാത്രമല്ല ലോകമെങ്ങുമുള്ള എഴുത്തുകാരെയും വായനക്കാരെയും രചനാവൈഭവം കൊണ്ട് വഴിനടത്തിക്കുകയും ഭരണകൂടങ്ങള്‍ക്ക് ഭയം വിതറുകയും ചെയ്ത വിശ്വസാഹിത്യകാരന്‍ ഇനിയില്ല.യോസ അങ്ങേക്ക് വിട..