കോഴിക്കോട്: സാഹിത്യനഗരമായി പ്രഖ്യാപിക്കപ്പെട്ടിട്ടും കലാ-സാംസ്‌കാരിക-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമേര്‍പ്പെടുത്താത്ത കോര്‍പ്പറേഷന്‍ ഭരണ സമിതിക്കെതിരെ സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മ പ്രക്ഷോഭം നടത്തും. നഗരത്തിലും പരിസര പ്രദേശങ്ങളിലും ഉള്ള 40 ലധികം കലാ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍ഗ്ഗാത്മക സാംസ്‌കാരിക പ്രക്ഷോഭത്തിന്റെ ഭാഗമായി 27 ന് (തിങ്കള്‍) വൈ: 5 മണിക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന ജനകീയ കണ്‍വന്‍ഷന്‍ പ്രശസ്ത സാഹിത്യകാരന്‍ യു കെ കുമാരന്‍ ഉദ്ഘാടനം ചെയ്യും കലാ- സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാള്‍,ടൗണ്‍ഹാള്‍ എന്നിവയുടെ നവീകരണ പ്രവര്‍ത്തനം എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കുക, കലാ- സാംസ്‌കാരിക പരിപാടികള്‍ക്ക് സൗജന്യ നിരക്കില്‍ ഹാളുകള്‍ അനുവദിക്കുക, ദേശീയ കവി രബീന്ദ്രനാഥ ടാഗോറിന്റെ പേരിലുള്ള ഹാള്‍ കലാ- സാംസ്‌കാരിക പരിപാടികള്‍ക്ക് മാത്രമായി നിജപ്പെടുത്തുക, കൊതുകു വളര്‍ത്തു കേന്ദ്രമായി മാറിയ ആനക്കുളം സാംസ്‌കാരിക നിലയത്തിന്റെ ഘടന മാറ്റി നാടകങ്ങള്‍ അവതരിപ്പിക്കാനും റിഹേഴ്‌സലിനും , താമസസൗകര്യമുള്‍പ്പടെ അത്യാധുനിക രീതിയില്‍ സജ്ജമാക്കുക, മാനാഞ്ചിറ ഓപ്പണ്‍ സ്റ്റേജ് എല്ലാ ദിവസവും സാംസ്‌കാരിക പരിപാടികള്‍ക്കായി രാത്രി 10 മണി വരെ അനുവദിക്കുക, രാവിലെ മുതല്‍ പ്രവേശനം അനുവദിക്കുക, മിഠായ് തെരുവില്‍ കലാ പരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കുക,
കണ്ടംകുളത്തെ മുഹമ്മദ് അബ്ദുറഹിമാന്‍ ജൂബിലി ഹാള്‍ കലാ- സാംസ്‌കാരിക പരിപാടികള്‍ക്ക് മിതമായ നിരക്കില്‍ അനുവദിക്കുക, ഹാളുകള്‍ ബുക്ക് ചെയ്യുന്നതിന്ന് അതത് കേന്ദ്രത്തില്‍ തന്നെ സൗകര്യമൊരുക്കുക, ടൗണ്‍ ഹാള്‍ പുറം മതിലില്‍ കോഴിക്കോടിന്റെ സാംസ്‌കാരിക മുഖച്ഛായ പ്രതിഫലിക്കുന്ന ചിത്ര – ശില്പങ്ങള്‍ സ്ഥാപിക്കുക, എല്ലാ ഹാളിലും ലാന്റ് ഫോണ്‍ സൗകര്യം ഏര്‍പ്പെടുത്തുക, നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പല താല്പര്യ സംഘടനകള്‍ക്കും സൗജന്യമായി വിട്ടുകൊടുത്ത സ്ഥലങ്ങള്‍ തിരിച്ച് പിടിച്ച് കോര്‍പ്പറേഷന്‍ നിയന്ത്രണത്തിലാക്കുക, മണ്‍മറഞ്ഞ് പോയ പ്രതിഭകളുടെ ഓര്‍മ്മക്കായ് നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള പ്രതിമകളോടുള്ള അനാദരവ് അവസാനിപ്പിക്കുക, അവയുടെ അറ്റകുറ്റ പണികള്‍ നടത്തുക, ആര്‍ട്ട് ഗ്യാലറി അത്യാധുനിക രീതിയില്‍ ക്രിയാത്മകമായി മാറ്റി പണിയുക, ചിത്രങ്ങളെ കുറിച്ചുള്ള സംവാദത്തിനും വിപണനത്തിനും ആര്‍ട്ട് ഗ്യാലറിയില്‍ സൗകര്യമൊരുക്കുക, നഗരപരിധിയില്‍ അന്യാധീനപെട്ട് കിടക്കുന്ന സ്ഥലങ്ങള്‍ പൊതു സാംസ്‌കാരിക ഇടങ്ങളാക്കുക, സാഹിത്യനഗരം എന്ന ഖ്യാതി ലഭിച്ച നഗരത്തിലെ നമ്മുടെ വായനാ കേന്ദ്രങ്ങള്‍ വ്യാവസായിക വിപണന കേന്ദ്രങ്ങളാവാതിരിക്കാന്‍ ജാഗ്രത പാലിക്കുക, കോഴിക്കോട് നഗരത്തില്‍ ഒരു സാഹിത്യ മ്യൂസിയം പണിയുക, നഗരത്തിലെ സാഹിത്യ- സാംസ്‌കാരിക നായകരുടെ കൃതികളും ചരിത്രവും മ്യൂസിയത്തില്‍ സൂക്ഷിക്കുക, കോഴിക്കോട് പൈതൃക സഗരം എന്ന നിലക്കും സാഹിത്യ നഗരമെന്ന യുനസ്‌കൊ അംഗീകാരം ലഭിച്ച നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കോമണ്‍ വെല്‍ത്ത് ഫാക്ടറിയെ സാംസ്‌കാരിക കേന്ദ്രമായും ചരിത്ര മ്യൂസിയമായും നിലനിര്‍ത്തുക,സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ ഒരു ഇന്റര്‍നാഷണല്‍ തിയ്യറ്റര്‍ കോംപ്ലക്‌സ് സ്ഥാപിക്കുക,തിരുവനന്തപുരം മാതൃകയില്‍ ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിക്കുക, സരോവരം പാര്‍ക്ക് നവീകരിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കുക, കൃഷ്ണമേനോന്‍ മ്യൂസിയം / പബ്ലിക്ക് ലൈബ്രറി കെട്ടിടം എന്നിവിടങ്ങളില്‍ സമാന്തര സിനിമ പ്രദര്‍ശിപ്പിക്കാന്‍ കുറഞ്ഞ വാടകക്ക് കൊടുക്കുക, സ്‌പോര്‍ട് കൗണ്‍സില്‍ കെട്ടിടത്തിലെ ഓഫീസ് സംവിധാനം മുകളിലത്തെ നിലയിലേക്ക് മാറ്റി താഴെ കൂടുതല്‍ സൗകര്യത്തോടെ ഹാള്‍ പുനര്‍നിര്‍മിക്കുക,നഗരത്തിലെ സ്‌കൂളുകള്‍ കലാപരിശീലനത്തിനും അവതരണത്തിനും വിട്ടു കൊടുക്കുക, വെള്ളിമാട് കുന്നിലെ ആംഫി തിയറ്ററിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അനശ്ചിതാവസ്ഥ പരിഹരിക്കുക തുടങ്ങി സാംസ്‌കാരിക പ്രവര്‍ത്തകരും സംഘടനകളും ഭരണാധികാരിക ളോട് നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും ഒന്നും ചെയ്യാതെ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. ബന്ധപ്പെട്ടവരുടെ കണ്ണു തുറപ്പിച്ച് ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഈ സാംസ്‌കാരിക പ്രക്ഷോഭം.
സാഹിത്യ നഗരം സാംസ്‌കാരിക പ്രക്ഷോഭത്തിലേക്ക്