സിവില്‍ സര്‍വീസ് ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂട്; സാദിഖലി തങ്ങള്‍

സിവില്‍ സര്‍വീസ് ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂട്; സാദിഖലി തങ്ങള്‍

തിരുവനന്തപുരം: ഐ.എ.എസ്, ഐ.പി.എസ് തലത്തിലെ സിവില്‍ സര്‍വീസ് മേഖലകളിലേയ്ക്ക് കേരളത്തിലെ യുവാക്കള്‍ കൂടുതലായി കടന്നുവരണമെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടിടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ’10 ഐ.എ.എസ്. വിജയഗാഥകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിവില്‍ സര്‍വീസിലേക്ക് എത്തിപ്പെടാല്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും എന്നാല്‍ ലക്ഷ്യബോധമുണ്ടെങ്കില്‍ എവിടെയും എത്തിപ്പെടാല്‍ കഴിയുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൊതുമണ്ഡലത്തെ തന്നെ നയിക്കാന്‍ ശേഷിയും കഴിവുമുള്ളവരാണ് ഐ.എ.എസ് രംഗത്തെ പുതുതലമുറക്കാരെന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. അത്തരക്കാരുടെ അനുഭവം വായനക്കാരിലേക്ക് എത്തിക്കാന്‍ പുസ്തകത്തിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നവതി ആഘോഷത്തിന്റെ ഭാഗമായി ചന്ദ്രിക എഡിറ്റോറിയല്‍ പേജില്‍ പത്ത് ദിവസങ്ങളില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച, പി. ഇസ്മായില്‍ തയ്യാറാക്കിയ പത്ത് ഐ.എ.എസുകാരുമായി നടത്തിയ അഭിമുഖങ്ങളുടെ പരമ്പരയാണ് പുസ്തകമായി പ്രസിദ്ധീകരിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വലിയ പ്രചോദനം നല്‍കുന്ന പുസ്തകമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷനായ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമൂഹത്തിന് വലിയ മുതല്‍ കൂട്ടാണ് പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ എന്തെങ്കിലും നിറവേറ്റാനുണ്ടെന്ന ബോധ്യമുള്ളവരാണ് മറ്റ് പ്രൊഫഷനുകള്‍ ഉപേക്ഷിച്ച് സിവില്‍ സര്‍വീസിലേയ്ക്ക് എത്തുന്നതെന്ന് പുസ്തക പരിചയം നടത്തിയ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഐ.എം.ജി പത്മം ഹാളില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ഹരിത വി കുമാര്‍ ഐ എ എസ്. ഡോ. രേണുരാജ് ഐ എ എസ്. ഡോ ദിവ്യ എസ് അയ്യര്‍ ഐ എ എസ് സംസാരിച്ചു. ഗ്രന്ഥകാരന്‍ പി ഇസ്മായില്‍ മറുമൊഴി നടത്തി. മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ് സ്വാഗതം പറഞ്ഞു.എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ ബഷീര്‍, എന്‍.എ നെല്ലിക്കുന്ന്, പി.ഉബൈദുള്ള, ടി.വി ഇബ്രാഹീം, നജീബ് കാന്തപുരം, എ.കെ.എം അഷറഫ്, യു.പ്രതിഭ, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സംബന്ധിച്ചു.

 

 

സിവില്‍ സര്‍വീസ് ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂട്; സാദിഖലി തങ്ങള്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *