ടെല്‍ അവീവ്: ഏതാണ്ട് ഒന്നര വര്‍ഷത്തെ രക്തച്ചൊരിച്ചിലിന് വിരാമമിട്ട് വടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ഗാസയില്‍ തിരിച്ചെത്തുന്ന സ്വദേശികള്‍ക്ക് മുമ്പില്‍ ശൂന്യത മാത്രം. വരുമാനം ഇല്ലാതെ, ഭക്ഷണത്തിന് പൂര്‍ണമായും സഹായം തേടേണ്ട അവസ്ഥയിലാണ് ഗാസയിലെ ജനങ്ങള്‍.
ഏതാണ്ട് 20 ലക്ഷം പേര്‍ ഭവന രഹിതരാവുകയും 60% കെട്ടിടങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഉള്ളതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി ആശങ്ക പ്രകടിപ്പിച്ചു.കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റി അതില്‍ അകപ്പെട്ട മൃത ശരീരങ്ങള്‍ പുറത്തെടുക്കാനുള്ള യന്ത്രങ്ങളുടെ അഭാവം ദൗത്യം വൈകാന്‍ ആക്കം കൂട്ടുന്നു.തരുവുകളിലെ എല്ലാ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളിലും മൃതദേഹങ്ങളുണ്ടെന്നും 100 ദിവസത്തിനകം ഈ മൃതദേഹങ്ങള്‍ കണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി വക്താവ് മഹ്‌മൂദ് ബാസല്‍ അറിയിച്ചു
വെടിനിര്‍ത്തലിന് പിന്നാലെ 670 ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിച്ചതായി യുഎന്‍ അറിയിച്ചു.സഹായ സാമഗ്രികളുള്‍പ്പെടെയുള്ളയാണ് ട്രക്കുകളിലുള്ളത്. വെടിനിര്‍ത്തല്‍ കരാറിനെ പ്രതീക്ഷയുടെ കിരണമായി കാണുന്നുവെന്നും സ്വാഗതം ചെയ്യുന്നുവെന്നും തിങ്കളാഴ്ച യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ സംസാരിക്കവെ, സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞിരുന്നു.
ആദ്യഘട്ട വെടിനിര്‍ത്തലിനുപിന്നാലെ, 33 ബന്ദികളില്‍ മൂന്നു പേരെ ഹമാസ് ഞായറാഴ്ച വിട്ടയച്ചിരുന്നു. ബാക്കിയുള്ളവരെ ഘട്ടം ഘട്ടമായി മോചിപ്പിക്കും.15 മാസം നീണ്ട യുദ്ധത്തില്‍, 46900 പേര്‍ മരിക്കുകയും 110700 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം കണക്കാക്കുന്നത്. മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെ ഞായറാഴ്ചയാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നത്. ഖത്തര്‍, യു.എസ്., ഈജിപ്ത് എന്നീ മധ്യസ്ഥരാജ്യങ്ങളുടെ ശ്രമഫലമായുണ്ടായ വെടിനിര്‍ത്തല്‍ക്കരാര്‍ വെള്ളിയാഴ്ച വൈകിയാണ് ഇസ്രയേല്‍ മന്ത്രിസഭ അംഗീകരിച്ചത്.
സ്വന്തം നാട്ടില്‍ തിരിച്ചെത്തുമ്പോള്‍
എവിടെയും ശൂന്യത മാത്രം