സംസ്ഥാനത്തെ റേഷന്‍ വിതരണം താറുമാറായിരിക്കുകയാണ്. റേഷന്‍ വിതരണം നടത്തുന്ന കരാറുകാര്‍ രണ്ടാഴ്ചയായി സമരത്തിലായതിനാല്‍ റേഷന്‍ കടകളില്‍ സാധനങ്ങള്‍ എത്തുന്നില്ല. പല റേഷന്‍ കടകളും കാലിയായി തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ പോയാല്‍ ജനങ്ങള്‍ ഭക്ഷ്യ ധാന്യത്തിന് വേണ്ടി ബുദ്ധിമുട്ടേണ്ട സ്ഥിതി സംജാതമാകും. സംസ്ഥാനത്തെ 95 ലക്ഷത്തോളം കുടുംബങ്ങളാണ് റേഷനെ ആശ്രയിക്കുന്നത്. കരാറുകാര്‍ക്ക് 100 കോടി രൂപ കുടിശ്ശിഖയുണ്ടെന്നും അതനുവദിക്കാതെ റേഷന്‍ വിതരണം നടത്തില്ലെന്നുമാണ് അവരുടെ നിലപാട്.
സംസ്ഥാനത്തെ 14,300ഓളം വരുന്ന റേഷന്‍ വ്യാപാരികളും, സെയില്‍സ്മാന്‍മാരും ഈ മാസാവസാനം സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അവര്‍ക്ക് നല്‍കുന്ന വേതനം പരിമിതമാണെന്നും അത് വര്‍ദ്ധിപ്പിക്കണമെന്നുമാണ് അവരുടെ ഡിമാന്റ്. മറ്റൊന്ന് കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ മേഖലയില്‍ നടപ്പാക്കാന്‍ പോകുന്ന ഡയറക്ട് പെയ്‌മെന്റിനെതിരായുള്ളതാണ്. റേഷന്‍ സംവിധാനം തന്നെ ഇല്ലാതാക്കാനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് റേഷന്‍ വ്യാപാരികളുടെ നാല് സംഘടനകളുടെ റേഷന്‍ കോര്‍ഡിനേഷന്‍ സംയുക്ത സമര സമിതി ആരോപിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നും അവര്‍ ആവശ്യപ്പെടുകയാണ്.
റേഷന്‍ ഷോപ്പ് ഉടമകള്‍ക്കും 100 കോടിയോളം രൂപ കുടിശ്ശിഖയായി നല്‍കാനുണ്ടെന്നാണ് അവര്‍ പറയുന്നത്. ഈ പണം ലഭിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെടുന്നുണ്ട്. കരാറുകാരും, റേഷന്‍ വ്യാപാരികളും സമര രംഗത്തിറങ്ങുമ്പോള്‍ മറ്റൊരു തലവേദന കൂടി സര്‍ക്കാര്‍ അഭിമുഖീകരിക്കുകയാണ്. റേഷന്‍ കടകളിലെ ഇ-പോസ് സംവിധാനം പരിപാലിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്ക് 9 മാസമായി 2.750 കോടി രൂപ കുടിശ്ശിഖയുണ്ട്. സേവന ഫീസും നല്‍കാതെ, വാര്‍ഷിക പരിപാലന കരാറും പുതുക്കാതെ സര്‍ക്കാര്‍ അമാന്തം കാണിക്കുന്നതില്‍ പ്രതിഷേധിച്ച് ഈ മാസം 31ന് കരാറില്‍ നിന്ന് പിന്‍മാറുമെന്ന് അവരും പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ ഇ-പോസ് സംവിധാനം തകരാറിലാകും. ഇ-പോസ് സംവിധാനമില്ലെങ്കില്‍ റേഷന്‍ അനുവദിക്കില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേത്.
റേഷന്‍ വിതരണം തടസ്സപ്പെട്ടാല്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന കുടുംബങ്ങളും പ്രതിസന്ധിയിലാകും. റേഷന്‍ വാങ്ങി മാത്രം ജീവിക്കുന്ന കുടുംബങ്ങള്‍ നാട്ടിലുണ്ടെന്നത് ആരും മറന്നുകൂടാ. പ്രതിസന്ധിക്ക് പരിഹാരമായി മുഖ്യമന്ത്രി ഇടപെട്ട് ആവശ്യമായ ഫണ്ടനുവദിക്കാന്‍ തയ്യാറായി പ്രശ്‌ന പരിഹാരമുണ്ടാക്കാന്‍ അടിയന്തിര നടപടിയാണ് ഉണ്ടാവേണ്ടത്.