വി.സി.നിയമനം ഗവര്‍ണര്‍മാര്‍ക്ക കൂടുതല്‍ അധികാരം നല്‍കി യു.ജി.സി

വി.സി.നിയമനം ഗവര്‍ണര്‍മാര്‍ക്ക കൂടുതല്‍ അധികാരം നല്‍കി യു.ജി.സി

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിലും ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി യു.ജി.സി. പുതിയ യു.ജി.സി. മാര്‍ഗരേഖ വന്നതോടെ, വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് വഴിയടഞ്ഞു.പരിഷ്‌കരിച്ച ചട്ടങ്ങള്‍ അനുസരിച്ച് വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി അധ്യക്ഷനെ ചാന്‍സലര്‍ (ഗവര്‍ണര്‍) നിര്‍ദേശിക്കും. രണ്ടാമത്തെ അംഗത്തെ യു.ജി.സി. ചെയര്‍മാന്‍ നാമനിര്‍ദേശം ചെയ്യും.

സിന്‍ഡിക്കേറ്റ്, സെനറ്റ്, എക്സിക്യുട്ടീവ് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് എന്നിങ്ങനെയുള്ള സമിതികള്‍ക്ക് മൂന്നാമത്തെ അംഗത്തെ നിര്‍ദേശിക്കാം. സര്‍വകലാശാലാ വി.സി. നിയമനങ്ങളെച്ചൊല്ലിയുള്ള ഗവര്‍ണര്‍-സര്‍ക്കാര്‍ പോരുകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ കരട് ചട്ടം യു.ജി.സി. ഇറക്കിയത്. കേന്ദ്ര, സംസ്ഥാന സര്‍വകലാശാലകള്‍ക്ക് പുതിയ ചട്ടം ബാധകമാണ്. ഇതിന് വിരുദ്ധമായി നടത്തുന്ന വി.സി. നിയമനം അസാധുവാകും.

വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് അഞ്ച് പേരുകള്‍ സെര്‍ച്ച് കമ്മിറ്റിക്ക് ചാന്‍സലറുടെ പരിഗണനയ്ക്ക് വിടാം. അഞ്ച് വര്‍ഷത്തേക്കോ 70 വയസ്സ് തികയുന്നത് വരെയോ ആണ് നിയമനം. പുനര്‍നിയമനത്തിനും ഈ മാനദണ്ഡങ്ങള്‍ ബാധകമാണ്. ലംഘിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ യു.ജി.സി.യുടെ പദ്ധതികളില്‍നിന്ന് ഒഴിവാക്കും.വി.സി. നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്നും ചാന്‍സലറാണ് നിയമനാധികാരിയെന്നും കണ്ണൂര്‍ സര്‍വകലാശാലാ കേസില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതു സാധൂകരിക്കുന്ന തരത്തിലാണ് പുതിയ യു.ജി.സി. മാര്‍ഗരേഖ. ഇതോടെ, വി.സി. നിയമനങ്ങളെച്ചൊല്ലി മൂന്നുവര്‍ഷമായുള്ള ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കത്തിന് തിരശ്ശീല വീഴും.

സര്‍ക്കാരുമായി പോരടിച്ച മുന്‍ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മിക്കയിടത്തും സ്വന്തം നിലയില്‍ താത്കാലിക വി.സി.മാരെ നിയമിച്ചു. സര്‍ക്കാരുമായുള്ള തര്‍ക്കത്തിനു പുറമെ, സി.പി.എം. ആധിപത്യമുള്ള സിന്‍ഡിക്കേറ്റുകള്‍ കോടതി കയറിയതോടെ സ്ഥിരം വി.സി.യെ നിയമിക്കാന്‍ ഗവര്‍ണര്‍ക്കായില്ല.
ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റിയും വി.സി. നിയമനങ്ങളില്‍ സര്‍ക്കാരിനു മേല്‍ക്കൈ ലഭിക്കുന്ന നിലയിലും നിയമനിര്‍മാണത്തിനൊരുങ്ങിയെങ്കിലും ബില്ലുകള്‍ രാഷ്ട്രപതി തള്ളിയതോടെ, കേരളത്തിന്റെ വഴി നേരത്തേ അടഞ്ഞിരുന്നു. പിന്നെ, നിയമനടപടിയായിരുന്നു കേരളത്തിന്റെ മുന്നിലെ ഏകവഴി. പുതിയ യു.ജി.സി. മാര്‍ഗരേഖയോടെ സംസ്ഥാനങ്ങളുടെ ആ വാതിലുമടഞ്ഞു.

 

 

 

 

വി.സി.നിയമനം ഗവര്‍ണര്‍മാര്‍ക്ക കൂടുതല്‍ അധികാരം നല്‍കി യു.ജി.സി

Share

Leave a Reply

Your email address will not be published. Required fields are marked *