2008-09 കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ വികസിത രാജ്യങ്ങളടക്കം ആടിയുലഞ്ഞപ്പോള്‍ കാറ്റിലും, കോളിലുമകപ്പെടാതെ ഇന്ത്യയെ നയിച്ച കപ്പിത്താനായിരുന്നു മന്‍മോഹന്‍സിങ്. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഈ സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പുകുത്തി നിലത്ത് വീണു. അവിടെ തലയിയര്‍ത്തി ഇന്ത്യക്ക് നില്‍ക്കാനായത് മന്‍മോഹന്‍ സിങ് എന്ന സാമ്പത്തിക വിദഗ്ധന്റെ ദീര്‍ഘ ദര്‍ശനമാണ്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഇന്ത്യയെ മാറ്റി മറിച്ചതും മന്‍മോഹന്‍സിങ്ങിന്റെ നയങ്ങള്‍ തന്നെയാണ്. ഉദാരവല്‍ക്കരണത്തിന്റെ നയങ്ങള്‍ക്കായി അദ്ദേഹം രാജ്യത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടു. അതുകൊണ്ട് തന്നെ ലോകമാറ്റത്തിന്റെ കുളിര്‍ക്കാറ്റ് ഇന്ത്യയിലേക്കും പടര്‍ന്നു. ആ കാറ്റില്‍ ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് ആഗോള തലത്തിലേക്ക് വളരാനായി.
ഇടതുപക്ഷ പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ ഇന്നും നയങ്ങളെ കുറ്റം പറയുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ശരിയാണ് ഇന്നത്തെ വികസിത ഇന്ത്യയിലൂടെ ദര്‍ശിക്കുന്നത്. ആ കാഴ്ചപ്പാട് നമ്മെ മുന്നോട്ട് നയിച്ചു എന്നത് ചരിത്ര സത്യമാണ്. കമ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പോലും ഭരണകൂടങ്ങള്‍ ഉദാരവല്‍ക്കരണ നടപടികളിലൂടെ മുന്നേറുന്നതും കൂട്ടിവായിക്കുമ്പോള്‍ മന്‍മോഹന്‍സിങ്ങിന്റെ കാഴ്ചപ്പാടിന് ശരിയുടെ വജ്രതിളക്കമേറുകയാണ്.
ടെക്‌നോളജിയുടെ വളര്‍ച്ച, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള മാര്‍ക്കറ്റുകളില്‍ ഇടപെടാനായത്, വിദേശ മൂലധനത്തിന്റെ രാജ്യത്തിലേക്കുള്ള നിക്ഷേപം ഉള്‍പ്പെടെയുണ്ടായത് ഈ നയങ്ങളുടെ പരിണിതഫലമാണ്. 1971 മുതല്‍ ഇന്ദിരാഗാന്ധിയോടൊപ്പമായിരുന്നു മന്‍മോഹന്‍സിങ്ങിന്റെ തുടക്കം. തുടര്‍ന്ന് ഏഴ് പ്രധാനമന്ത്രിമാര്‍ക്ക് അദ്ദേഹം സാമ്പത്തിക മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. പ്രധാനമന്ത്രിയായിരുന്ന 10 വര്‍ഷക്കാലം അദ്ദേഹം നടപ്പാക്കിയ നയങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ഈ കാര്യം വ്യക്തമാവും. ഇന്ത്യയെന്ന രാജ്യത്തിലെ മഹാഭൂരിപക്ഷം വരുന്ന പാവങ്ങളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച ഒരു പ്രധാനമന്ത്രിയായിരുന്നു അദ്ദേഹമെന്ന് തിരിച്ചറിയാന്‍. അടിസ്ഥാന ജനവിഭാഗങ്ങളെ ശാക്തീകരിക്കാന്‍ ലോകത്ത്് ഒരു ഭരണകൂടവും നടപ്പിലാക്കാത്ത ഏറ്റവും വലിയ പദ്ധതി അദ്ദേഹം നടപ്പിലാക്കി. തൊഴിലുറപ്പ് നിയമം അതില്‍ ഏറ്റവും ശ്രദ്ധേയമാണ്. രാജ്യത്തെ 40 കോടി മനുഷ്യര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.
വിവരാവകാശ നിയമം രാജ്യ ചരിത്രത്തിലെ പൊന്‍തൂവലാണ്. സാധാരണ പൗരനും ഭരണത്തിലെന്താണ് നടക്കുന്നതെന്നറിയാനടക്കമുള്ള വിവരാവകാശ നിയമം ചരിത്ര പ്രഖ്യാപനമായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമവും അദ്ദേഹത്തിന്റെ സംഭാവനയാണ്. രാജ്യം കണ്ട ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ യോഗ്യതയുള്ള പ്രധാനമന്ത്രിയും അദ്ദേഹം തന്നെ. രാഷ്ട്രീയത്തിലെ സംശുദ്ധതയ്ക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടു. സാമൂഹിക മാറ്റത്തിനുള്ള മാധ്യമമാകണം രാഷ്ട്രീയമെന്നും വ്യക്തികള്‍ക്ക് അധികാരവും, സമ്പത്തുമുണ്ടാക്കാനുള്ള മാര്‍ഗമാവരുത് രാഷ്ട്രീയമെന്നും രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുന്‍പ് തന്നെ 1991ല്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വര്‍ഗ്ഗീയതക്കെതിരെ ശക്തമായ നിലപാട് അദ്ദേഹം കൈക്കൊണ്ടു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ അദ്വാനിയോട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. 2008ല്‍ പാര്‍ലമെന്റില്‍ വെച്ച് തന്നെ അദ്ദേഹം അദ്വാനിക്ക് മറുപടി പറഞ്ഞു. ഒരുപറ്റം തെമ്മാടികള്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നത് കണ്ടിരിക്കാന്‍ താന്‍ അദ്വാനിയെപോലെ ദുര്‍ബ്ബലനല്ല എന്നാണ് മന്‍മോഹന്‍സിങ് പ്രതികരിച്ചത്്.
രാജ്യത്തെ കാത്തുരക്ഷിച്ച, ഇന്ത്യയുടെ ആത്മാവായ മതസൗഹാര്‍ദ്ദത്തിനായി നിലകൊണ്ട ആദരണീയനായ പ്രധാനമന്ത്രി അങ്ങയെ ഇന്ത്യ ഒരിക്കലും മറക്കില്ല. രാജ്യത്തെ പട്ടണിിപാവങ്ങളുടെ അറുതിക്ക്് അന്ത്യം കുറിക്കാന്‍ അങ്ങെടുത്ത നടപടികള്‍ ഇന്ത്യ എന്നും ഓര്‍ക്കും. മത സൗഹാര്‍ദ്ദത്തിനായി അങ്ങ് പതിഞ്ഞ ശബ്ദത്തിലുയര്‍ത്തിയ വാക്കുകള്‍ ഇന്ത്യന്‍ ജനത ഉറക്കെ ഉറക്കെ ഘോഷിക്കുകതന്നെ ചെയ്യും. വാക്കുകള്‍ക്കപ്പുറം ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് പ്രിയ മന്‍മോഹന്‍സിങ് അങ്ങേയ്ക്ക്് പ്രണാമം.
ലോക സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യയെ പോറലേല്‍പ്പിക്കാതെ കാത്ത മന്‍മോഹന്‍സിങ്