ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിനും, ലോക സംഗീതത്തിനും വിലമതിക്കാനാവാത്ത സംഭാവന നല്‍കിയ വിശ്വ പ്രസിദ്ധനായ തബല വാദകന്‍ ഉസ്താദ് സക്കീര്‍ ഹുസൈന്‍ വിടവാങ്ങിയിരിക്കുന്നു. ആ പ്രൗഢ സ്മരണകള്‍ക്ക് മുന്‍പില്‍ പ്രണാമം. ജീവിത മൂല്യങ്ങള്‍ തന്റെ സംഗീത ജീവിതത്തില്‍ അദ്ദേഹം മുറുകെ പിടിച്ചു. എന്നും ശുദ്ധ സംഗീതത്തിനായി അദ്ദേഹം നിലകൊണ്ടു. സ്വകാര്യ ചടങ്ങുകളിലും കോര്‍പ്പറേറ്റ് പരിപാടികളിലും, വിവാഹ വേദികളിലും സംഗീതം അവതരിപ്പില്ലെന്നതിലൂടെ സംഗീതത്തിന്റെ കമ്പോളവല്‍ക്കരണത്തിനെതിരായ നിലപാടെടുത്തിരുന്നു. തബലയിലെ വിശ്വഗുരു ഉസ്താദ് അല്ലാ രഖാ ഖാന്റെ മകനായി പിറന്ന ഉസ്താദ് സക്കീര്‍ ഹുസൈന്‍ പിതാവിന്റെ പാതയിലൂടെ മുന്നേറി. ലോക പ്രശസ്തനായി. ഇന്ത്യന്‍ സംഗീതത്തിന്റെ മാസ്മരികത ലോക വേദികളില്‍ അദ്ദേഹത്തിലൂടെ നിറഞ്ഞാടി, ഇന്ത്യന്‍ സംഗീത്തതിന്റെ ലോക അംബാസിഡറായി അദ്ദേഹം വളര്‍ന്നു.
നിരവധി പ്രശസ്തമായ സിനിമകളില്‍ അദ്ദേഹം മിഴിവേകി. മലയാളത്തില്‍ വാനപ്രസ്ഥത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം മലയാളികള്‍ക്ക് നവ്യാനുഭവമായിരുന്നു. തബലയുടെ സാങ്കേതിക ജ്ഞാനം മറികടന്നാസ്വദിക്കാന്‍ സാധാരണക്കാരെ പ്രാപ്തരാക്കിയ മഹാ ഗുരുവായിരുന്നു അദ്ദേഹം.
1970ല്‍ 19-ാം വയസ്സില്‍ ന്യൂയോര്‍ക്കില്‍ പണ്ഡിറ്റ് രവിശങ്കറിനൊപ്പം കച്ചേരി നടത്തിയാണ് രാജ്യാന്തര രംഗത്ത് സക്കീര്‍ ഹുസൈന്‍ കടന്നു വരുന്നത്. പിന്നീടങ്ങോട്ട് അദ്ദേഹമില്ലാതെ ഇന്ത്യന്‍ സംഗീതമില്ല എന്ന അവസ്ഥ സംജാതമായി.
കേരളം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട നാടായിരുന്നു. കേരളീയര്‍ അദ്ദേഹത്തെ നെഞ്ചേറ്റിയിരുന്നു. നമ്മുടെ അഭിമാന സ്തംഭങ്ങളായ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും, പെരുവനം കുട്ടന്മാരാരുമെല്ലാം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടവരായിരുന്നു. കോഴിക്കോട്ടെ മലബാര്‍ മഹോത്സവത്തില്‍ പങ്കെടുത്ത് അദ്ദേഹം ഇവിടുത്തെ സംഗീതാസ്വാദകരുടെ മനം കവര്‍ന്നു. കോഴിക്കോട് ബിച്ചിലെത്തിയ ആയിരങ്ങള്‍ അദ്ദേഹത്തിന്റെ മാന്ത്രിക വിരല്‍ സ്പര്‍ശനത്തിലൂടെ ഉതിര്‍ന്നു വീണ സംഗീതം ആവോളം ആസ്വദിച്ചു. ഇന്ത്യയ്ക്കിത് പരിഹാരമില്ലാത്ത ഒരു നഷ്ടമാണ്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാത്രമല്ല എല്ലാ വാദ്യങ്ങള്‍ക്കും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. പകരക്കാരനില്ലാത്ത സംഗീത ചക്രവര്‍ത്തിക്ക് വിട.